മൂന്ന് ദിവസം നീണ്ടുനിന്ന പണനയ അവലോകനസമിതിയോഗം ഇന്ന് അവസാനിക്കുമ്പോള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തീരുമാനങ്ങള്‍ പ്രഖ്യാപിച്ചു. ഇതനുസരിച്ച് വാണിജ്യബാങ്കുകള്‍ക്ക് നല്‍കുന്ന ഹൃസ്വകാല റിപ്പോ നിരക്കായ 6.5 ശതമാനത്തില്‍ മാറ്റമില്ല. ആറംഗ സമിതി ഇതില്‍ ഒറ്റക്കെട്ടായി തീരുമാനം എടുക്കുകയായിരുന്നു.
എന്നാല്‍ ആര്‍ബിഐ തിരുമാനം ഓഹരി വിപണിയില്‍ മതിപ്പുണ്ടാക്കിയില്ല. സെന്‍സെക്‌സ് 250 പോയ്ന്റ് ഇടിഞ്ഞു. നിഫ്റ്റി 10,800ന് താഴെയായി. നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകള്‍ തെറ്റിയതാണ് ഇതിന് കാരണം.
കൂടാതെ 3.9-4.5 ശതമാനത്തില്‍ നിന്ന് ഈ സാമ്പത്തികവര്‍ഷം രണ്ടാം പകുതിയില്‍ പണപ്പെരുപ്പം 2.7-3.2 ശതമാനത്തിലേക്ക് എത്തിക്കും. എനര്‍ജി നിരക്കുകളില്‍ കുറവുണ്ടാകുന്നത് പണപ്പെരുപ്പം കുറയാന്‍ സഹായകമാകുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. ക്രൂഡ് ഓയ്ല്‍ വിലയില്‍ കുറവുണ്ടാകുന്നത് സാമ്പത്തികവളര്‍ച്ചയെ ത്വരിതപ്പെടുത്താനുള്ള സാധ്യതയാണ് സൂചിപ്പിക്കുന്നത്. കൂടാതെ ഡോളറിനെതിരെ രൂപ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തിപ്രാപിച്ചിരുന്നു.
യോഗത്തിലെ പ്രധാന തീരുമാനങ്ങള്‍
- റിപ്പോ റേറ്റ് 6.5 ശതമാനത്തില്‍ തന്നെ നിലനിര്‍ത്തി
- റിവേഴ്‌സ് റിപ്പോ റേറ്റ് 6.25 ശതമാനവും ബാങ്ക് നിരക്ക് 6.75 ശതമാനവും സിആര്‍ആര്‍ നാല് ശതമാനവും
- ഈ സാമ്പത്തികവര്‍ഷത്തിന്റെ രണ്ടാം പകുതിയായ ഒക്ടോബര്‍ -മാര്‍ച്ച് കാലയളവില്‍ ഉപഭോക്തൃവിലയെ അടിസ്ഥാനമാക്കിയുള്ള റീറ്റെയ്ല്‍ പണപ്പെരുപ്പം 2.7-3.2 ശതമാനത്തിലേക്ക് കുറയ്ക്കും
- ജിഡിപി വളര്‍ച്ച നടപ്പുസാമ്പത്തികവര്‍ഷം 7.4 ശതമാനമായി നിലനിര്‍ത്തും
ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച ആരംഭിച്ച അവലോകനയോഗം ഇന്നാണ് അവസാനിച്ചത്. കേന്ദ്രസര്‍ക്കാരുമായി റിസര്‍വ് ബാങ്കിനുള്ള അസ്വാരസ്യങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ അദ്ദേഹം തയാറായില്ല.