റിസര്‍വ് ബാങ്കിന്റെ നാണയ എ.ടി.എം ഉടനെത്തും; കേരളത്തില്‍ കോഴിക്കോട്ട്‌

ക്യു.ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് നാണയം നേടാം; നിലവില്‍ രണ്ട് സ്ഥലങ്ങളില്‍ നടക്കുന്ന പരീക്ഷണത്തിന് മികച്ച പ്രതികരണം

Update:2023-05-30 11:59 IST

Image : RBI and Canva

നാണയങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാനും പൊതുവിപണിയിലെ 'ചില്ലറ' പ്രശ്‌നങ്ങള്‍ പരിഹരിക്കാനുമായി റിസര്‍വ് ബാങ്ക് നടപ്പാക്കുന്ന ക്യു.ആര്‍ കോഡ് അധിഷ്ഠിത കോയിന്‍ വെന്‍ഡിംഗ് മെഷീനുകള്‍ (QR code based Coin Vending Machines) ഉടനെത്തും. കഴിഞ്ഞ ഫെബ്രുവരിയിലെ പണനയ യോഗത്തിലാണ് റിസര്‍വ് ബാങ്ക് പദ്ധതി പ്രഖ്യാപിച്ചത്.

ഐ.സി.ഐ.സി.ഐ ബാങ്കിന്റെ സഹകരണത്തോടെ നിലവില്‍ മുംബയിലെ നരിമാന്‍ പോയിന്റിലും അന്ധേരിയിലും പരീക്ഷണാര്‍ത്ഥം (പൈലറ്റ്/Pilto Project) നടപ്പാക്കിയ പദ്ധതിക്ക് ജനങ്ങളില്‍ നിന്ന് മികച്ച പ്രതികരണമുണ്ടെന്ന് റിസര്‍വ് ബാങ്ക് അധികൃതര്‍ 'ധനത്തോട്' പറഞ്ഞു. രാജ്യത്തെ 12 ജില്ലകളിലായി 19 കേന്ദ്രങ്ങളില്‍ ആദ്യഘട്ടത്തില്‍ മെഷീനുകള്‍ സ്ഥാപിക്കുമെന്നാണ് റിസര്‍വ് ബാങ്ക് അറിയിച്ചിട്ടുള്ളത്. ഷോപ്പിംഗ് മാളുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലാണ് മെഷീനുകളെത്തുക. ആദ്യഘട്ടത്തില്‍ 
കേരളത്തിലെ കോഴിക്കോടുമുണ്ട്. അഹമ്മദാബാദ്, ബറോഡ, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, കാണ്‍പൂര്‍, കൊല്‍ക്കത്ത, മുംബയ്, ന്യൂഡല്‍ഹി, പാട്‌ന, പ്രയാഗ്‌രാജ് എന്നിവയാണ് മറ്റ് നഗരങ്ങള്‍.
ക്യു.ആര്‍ കോഡ് മെഷീനും യു.പി.ഐയും
മെഷീനിലെ ക്യു.ആര്‍ കോഡ് സ്‌കാന്‍ ചെയ്താണ് നാണയം നേടാനാവുക. ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലെ പണമാണ് യു.പി.ഐ മൊബൈല്‍ ആപ്പ് മുഖേന നാണയമായി ലഭിക്കുക. ഒരു രൂപ മുതല്‍ 20 രൂപവരെയുള്ള (1, 2, 5, 10, 20) നാണയങ്ങളുണ്ടാകും. യു.പി.ഐ അക്കൗണ്ടിലെ ബാലന്‍സിന് അനുസൃതമായി എത്ര നാണയത്തുട്ടുകള്‍ വേണമെങ്കിലും ഏത് നിരക്കിന്റെയും (Denominations) ഉപഭോക്താവിന് സ്‌കാന്‍ ചെയ്‌തെടുക്കാം.
എന്തുകൊണ്ട് നാണയ എ.ടി.എം?
ചെറിയ തുകകളുടെ കറന്‍സി നോട്ടുകളുടെ അച്ചടി ഏറെ വൈകാതെ തന്നെ അവസാനിപ്പിക്കുകയാണ് റിസര്‍വ് ബാങ്കിന്റെ ലക്ഷ്യം. നിലവില്‍ നോട്ടുകള്‍ അച്ചടിക്കുന്നത് 90 ശതമാനവും ആഭ്യന്തരമായി വികസിപ്പിച്ച സാങ്കേതികവിദ്യയിലൂടെയാണ്. പക്ഷേ, നോട്ട് നിര്‍മ്മിക്കാനുള്ള കോട്ടണ്‍, ഫൈബര്‍ തുടങ്ങി നിരവധ ഘടകങ്ങള്‍ ഇപ്പോഴും ഇറക്കുമതി ചെയ്യുകയാണ്. നോട്ട് അച്ചടി ഏറെ ചെലവുള്ളതുമാണ്. ഓരോ നോട്ട് അച്ചടിക്കാനും 27 ദിവസം വരെ എടുക്കാറുമുണ്ട്.
മാത്രമല്ല 5, 10, 20 തുടങ്ങിയ ചെറിയ തുകയുടെ നോട്ടുകളാണ് ജനങ്ങള്‍ ഏറ്റവുമധികം ഉപയോഗിക്കുന്നതെന്നതിനാല്‍ ഓരോ 8-9 മാസം കൂടുമ്പോഴും അവ മുഷിയുകയും മാറ്റി പുതിയവ പുറത്തിറക്കേണ്ടി വരികയും ചെയ്യുന്ന സ്ഥിതിയാണുള്ളതെന്ന് റിസര്‍വ് ബാങ്ക് അധികൃതര്‍ 'ധനത്തോട്' പറഞ്ഞു. ഭാവയില്‍ ചെറിയ തുകകളുടെ നാണയങ്ങളാകും അധികമായി അവതരിപ്പിക്കുക.
നാണയങ്ങള്‍ ദീര്‍ഘകാലം ഈടുനില്‍ക്കുമെന്നതിനാല്‍ നോട്ട് അച്ചടിയും അതുവഴി ചെലവും കുറയ്ക്കാം. നാണയങ്ങളുടെ വ്യാജന്‍ നിര്‍മ്മിക്കുക എളുപ്പമല്ലെന്നതിനാല്‍ കള്ളനാണയങ്ങളുമുണ്ടാവില്ലെന്ന് റിസര്‍വ് ബാങ്ക് ചൂണ്ടിക്കാട്ടുന്നു. ഈ പശ്ചാത്തലത്തിലാണ് നാണയങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക കൂടി ലക്ഷ്യമിട്ട് കോയിന്‍ വെന്‍ഡിംഗ് മെഷീനുകള്‍ അവതരിപ്പിക്കുന്നത്. 2022 ഡിസംബര്‍ വരെയുള്ള കണക്കുപ്രകാരം രാജ്യത്ത് പ്രചാരത്തിലുള്ള മൊത്തം നാണയങ്ങളുടെ മൂല്യം 22,850 കോടി രൂപയാണ്.
Tags:    

Similar News