രാഹുൽ ദ്രാവിഡിനെ  പോലെയായിരിക്കണം ആർബിഐ: രഘുറാം രാജൻ 

Update: 2018-11-08 11:20 GMT

കേന്ദ്ര സർക്കാരുമായുള്ള അഭിപ്രായവ്യത്യാസത്തിനിടയിൽ രാഹുൽ ദ്രാവിഡിന്റെ പോലെ വേണം ആർബിഐ പെരുമാറാനെന്ന് മുൻ ആർബിഐ ഗവർണർ രഘുറാം രാജൻ.

ഇ.ടി നൗ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇത്തരത്തിലൊരു പ്രസ്താവന നടത്തിയത്. "ആർബിഐയുടെ റോൾ ബുദ്ധിമാനായ ഒരു ഉപദേശകനെ പോലെ ആയിരിക്കണം. ദ്രാവിഡിനെപ്പോലെ. പ്രവർത്തന കാര്യങ്ങളിൽ തീരുമാനം എടുക്കേണ്ട ആവശ്യമില്ല. ഒരിക്കലും നവ്ജോത് സിദ്ദുനെപ്പോലെ ഉച്ചത്തിൽ കാര്യങ്ങൾ വിളിച്ച് പറയാനും പാടില്ല," രാജൻ പറഞ്ഞു.

റിസർവ് ബാങ്ക് ഒരു സീറ്റ് ബെൽറ്റ് പോലെയാണ്. ഇത് ധരിക്കുന്നത് അപകടങ്ങൾ ഒഴിവാക്കാൻ സർക്കാരിനെ സഹായിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാ സർക്കാരുകളുടെയും ശ്രദ്ധ വളർച്ചാ നിരക്കിലായിരിക്കും; ആർബിഐയുടേത് സാമ്പത്തിക സ്ഥിരതയിലും.

അതുകൊണ്ടുതന്നെ അഭിപ്രായ വ്യത്യാസങ്ങൾ സ്വാഭാവികമാണ്. എന്നാൽ ഇരുകൂട്ടരുടെയും അധികാരങ്ങളെയും കടമകളെയും പരസ്പരം ബഹുമാനിക്കേണ്ടതായുണ്ട്.

സെക്ഷൻ 7 ഇതുവരെ പ്രയോഗിച്ചിട്ടില്ല എന്നുള്ളത് ഒരു നല്ലവാർത്ത തന്നെയാണെന്ന് രാജൻ പറയുന്നു. ഈയൊരു അധികാരം സർക്കാർ പ്രയോഗിച്ചാൽ ആർബിഐയുമായുള്ള ബന്ധം കൂടുതൽ വഷളാവുകയേ ഉള്ളൂ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Similar News