യുഎസില്‍ മാന്ദ്യം പിടിമുറുക്കുന്നു, ഇതുവരെ കാണാത്ത കരുത്തോടെ; അതിവേഗത്തില്‍

Update:2020-03-17 16:47 IST

കണ്ണുചിമ്മി തുറക്കും മുമ്പേ രാജ്യവ്യാപകമായി കടുത്ത സാമ്പത്തിക മാന്ദ്യം പടരുന്നതിന്റെ ആഘാതത്തിലാണ് അമേരിക്കന്‍ സമ്പദ് വ്യവസ്ഥ. ലക്ഷക്കണക്കിനാളുകളുടെ തൊഴിലും സമ്പാദ്യവും നിക്ഷേപവും നഷ്ടപ്പെടുന്നതിന് ഈ മാന്ദ്യം കാരണമാകുമെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. അമേരിക്കയുടെ സമ്പദ് വ്യവസ്ഥയെ താങ്ങിനിര്‍ത്തുന്ന കണ്‍സ്യൂമര്‍ സ്‌പെന്‍ഡിംഗ് കോവിഡ് 19 ഭീതിയെ തുടര്‍ന്ന് കുത്തനെ ഇടിഞ്ഞിരിക്കുന്നു. രോഗബാധയെ തുടര്‍ന്ന് ജനങ്ങള്‍ റീറ്റെയ്ല്‍ സ്‌റ്റോറുകള്‍, റെസ്‌റ്റോറന്റുകള്‍, സിനിമാശാലകള്‍, തൊഴിലിടങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് വിട്ട് നിന്നതോടെയാണിത്. കമ്പനികള്‍ പലതും ലേ ഓഫ് ചെയ്തിരിക്കുന്നു.

കഴിഞ്ഞ 11വര്‍ഷത്തിനു ശേഷം ഇതാദ്യമായി വാള്‍ സ്ട്രീറ്റില്‍ ഓഹരികള്‍ കരടിയുടെ പിടിയിലകപ്പെട്ടിരിക്കുകയും ചെയ്തിരിക്കുന്നു. ഭയചകിതരായ നിക്ഷേപകര്‍ കൂട്ടത്തോടെ വിറ്റൊഴിക്കുന്നത് ഓഹരി വിലകള്‍ കുത്തനെ ഇടിയാന്‍ കാരണമാകുന്നുണ്ട്. 2008ലെ കടുത്ത മാന്ദ്യം ഓര്‍മ്മപ്പെടുത്തുന്ന വിധമാണ് അമേരിക്കയിലെ ഇപ്പോഴത്തെ സ്ഥിതി. അന്ന് സാമ്പത്തിക മാന്ദ്യത്തില്‍ അമേരിക്കന്‍ ഓഹരി വിലകള്‍ തകര്‍ന്നടിഞ്ഞപ്പോള്‍ ലക്ഷക്കണക്കിനാളുകള്‍ക്കാണ് തൊഴിലുകള്‍ നഷ്ടമായത്. എന്നാല്‍ അതിലും സങ്കീര്‍ണമാണ് ഇപ്പോള്‍ കൊറോണ മൂലമുള്ള പ്രതിസന്ധിയെന്ന് വിപണി നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.

''അമേരിക്കന്‍ ജനത അവരുടെ ഉപഭോഗം കുത്തനെ കുറച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം,'' ഒബാമ ഭരണകാലത്ത് സാമ്പത്തിക ഉപദേശക സമിതിക്ക് നേതൃത്വം നല്‍കിയിരുന്ന ജേസണ്‍ ഫര്‍മാന്‍ പറയുന്നു. ''ഒട്ടനവധി മേഖലകളെ ഇത് പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. പ്രത്യേകിച്ച് സേവന മേഖലയെ. വരുമാനവും ചെലവിടലും കുത്തനെ കുറഞ്ഞിരിക്കുന്നു. ഇത് സമ്പദ് വ്യവസ്ഥയില്‍ ശക്തമായ പ്രത്യാഘാതം സൃഷ്ടിക്കും.''
അമേരിക്കന്‍ സമ്പദ് വ്യവസ്ഥ ഇതാദ്യമായല്ല സാമ്പത്തിക തളര്‍ച്ചയെ അഭിമുഖീകരിക്കുന്നത്. തീവ്രവാദി ആക്രമണം, പ്രകൃതിദുരന്തങ്ങള്‍ തുടങ്ങിയ മൂലം ഇതിനു മുമ്പും യുഎസ് ഇക്കോണമി തരിച്ച് നിന്നിട്ടുണ്ട്. എന്നാല്‍ ഇപ്പോഴത്തേതിന്റെ വ്യത്യാസം, മാന്ദ്യം പടര്‍ന്നുപിടിക്കുന്നതിന്റെ വേഗതയും കരുത്തും കൂടുതലാണെന്നതാണ്.

ഈ മാസാവസാനത്തോടെ ഗ്ലോബല്‍ ഇക്കോണമി 1.2 ശതമാനം ചുരുങ്ങുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. 2008ലെ കടുത്ത സാമ്പത്തിക മാന്ദ്യത്തില്‍ 1.6 ശതമാനം ചുരുങ്ങലായിരുന്നു ഉണ്ടായിരുന്നത് എന്നതു കൂടി ഇതിനോട് ചേര്‍ത്ത് വായിക്കണം. അമേരിക്കയുടെ ചുവടുപിടിച്ച് യൂറോപ്പും ജപ്പാനും കൂടി മാന്ദ്യത്തിലേക്ക് വീഴുമെന്ന് സാമ്പത്തിക വിദഗ്ധര്‍ സൂചന നല്‍കുന്നുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News