ക്രൂഡ് വിലയില്‍ വീണ്ടും ഉയര്‍ച്ച

Update: 2020-06-08 05:51 GMT

എണ്ണ ഉല്‍പാദനം കുറച്ച നടപടി ഒരു മാസത്തേക്ക് കൂടി നീട്ടാന്‍ ഒപ്പെക്കും റഷ്യയും തീരുമാനിച്ചതോടെ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് വില തുടര്‍ച്ചയായുയരുന്നു.ജൂലൈ വരെ ആകെ എണ്ണ ഉല്‍പാദനത്തിന്റെ 10 ശതമാനം ഒപ്പെക്കും റഷ്യയും ചേര്‍ന്ന് കുറയ്ക്കുമെന്നാണ് ധാരണയായിട്ടുള്ളത്. ഇന്ത്യയില്‍ ഇന്ധന വില ക്രമേണ വീണ്ടും ഉയരുന്നതിനുള്ള സാഹചര്യമാണ് ഇതോടെയുണ്ടായിരിക്കുന്നത്.  

നേരത്തെ ഉല്‍പാദനം വെട്ടിക്കുറയ്ക്കാനുളള നടപടി പ്രഖ്യാപിച്ചപ്പോള്‍ എണ്ണവില ഉയര്‍ന്നിരുന്നു. വെള്ളിയാഴ്ച ഉല്‍പാദന വെട്ടിക്കുറവ് പ്രഖ്യാപിച്ചതോടെ ബ്രെന്റ് ക്രൂഡ് നിരക്ക് ബാരലിന് 42 ഡോളറിന് മുകളിലേക്ക് എത്തി. കഴിഞ്ഞ മൂന്ന് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇത്.ഇന്ന് 43.20 ഡോളര്‍ ആയി.കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 2.13 ശതമാനം വര്‍ദ്ധിച്ചു. ഏപ്രിലില്‍ ക്രൂഡ് ഓയില്‍ വില 20 ഡോളറിനും താഴെ പോയിരുന്നു.

ഏകദേശം 9.7 മില്യണ്‍ ബാരല്‍ എണ്ണയുടെ ഉല്‍പാദനമാണ് പ്രതിദിനം ഇപ്പോള്‍ വെട്ടിക്കുറയ്ക്കുന്നത്. ജൂലൈ മാസം വരെ ഇനി ഉല്‍പാദന വര്‍ധനവ് ആലോചിക്കില്ലെന്നാണ് റഷ്യ ഉള്‍പ്പെടെയുള്ള എണ്ണയുല്‍പ്പാദക രാജ്യങ്ങളുടെ നിലപാട്. അതിന് ശേഷം വീണ്ടും യോഗം ചേര്‍ന്നാവും ഉല്‍പാദനം സാധാരണ നിലയിലേക്ക് എത്തിക്കണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുക. ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില 82 ദിവസത്തെ ഇടവേളയ്ക്കു ശേഷം ഇന്നലെ ലിറ്ററിന്‍ 60 പൈസ ഉയര്‍ത്തിയിരുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News