ആഗോള നിക്ഷേപകരുടെ പിന്‍വലിയല്‍: ഏഷ്യയിലെ ഏറ്റവും മോശം കറന്‍സിയിലേക്ക് രൂപ

മാര്‍ച്ച് അവസാനത്തോടെ രൂപയുടെ മൂല്യം ഡോളറിന് 78 രൂപയായി താഴുമെന്ന് റിപ്പോർട്ടുകൾ

Update:2021-12-21 16:33 IST

ഏഷ്യയിലെ തന്നെ ഏറ്റവും മോശം പ്രകടനം കാഴ്ചവെക്കുന്ന കറന്‍സിയെന്ന ഖ്യാതിയോടെ ദുരന്തപൂര്‍ണ്ണമായ വര്‍ഷാന്ത്യത്തിലേക്ക് കടക്കാനൊരുങ്ങി ഇന്ത്യന്‍ രൂപ. രാജ്യത്തെ സ്റ്റോക്ക് മാര്‍ക്കറ്റുകളില്‍ നിന്ന് വിദേശനിക്ഷേപകര്‍ കൂട്ടത്തോടെ പിന്‍വലിഞ്ഞതോടെയാണ് രൂപയ്ക്ക് കനത്ത ഇടിവുണ്ടാകുന്ന സാഹചര്യമുണ്ടായത്.

നിലവിലെ ത്രൈമാസത്തില്‍ രൂപയ്ക്ക് 2.2 ശതമാനം ഇടിവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. രാജ്യത്തെ സ്റ്റോക്ക് മാര്‍ക്കറ്റില്‍ നിന്ന് 4 ബില്യണ്‍ ഡോളര്‍ ആഗോള ഫണ്ട് പിന്‍വലിച്ചതോടെയാണ് ശക്തമായ തിരിച്ചടിയുണ്ടായത്.

ആഗോള മാര്‍ക്കറ്റില്‍ ഒമിക്രോണ്‍ ഭീതി വരുത്തിവച്ച പ്രത്യാഘാതത്തിന്റെ ഫലം കൂടിയായാണ് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ നിന്നുള്ള ആഗോള നിക്ഷേപകരുടെ പിന്‍വലിയല്‍. ഗോള്‍ഡ്മന്‍ സാക്‌സ് ഗ്രൂപ്പ്, നോമുറ ഹോള്‍ഡിംഗ്സ് തുടങ്ങിയ അന്താരാഷ്ട്ര കമ്പനികളും ഈയിടെ ഇന്ത്യന്‍ സ്റ്റോക്കുകള്‍ വിറ്റൊഴിഞ്ഞിരുന്നു.

റെക്കോര്‍ഡ് ഉയരത്തിലായ വ്യാപാരക്കമ്മിക്കൊപ്പം സെന്‍ട്രല്‍ ബാങ്കിന്റെ ഫെഡറല്‍ റിസര്‍വ്വ് നയത്തിലെ സംഘട്ടനവും രൂപയുടെ ഇടിവിന് ആഘാതം കൂട്ടി.

രൂപയുടെ മൂല്യമിടിവ് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയെ സംബന്ധിച്ച് ഇരുതല മൂര്‍ച്ചയുള്ള വാളാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. മൂല്യത്തകര്‍ച്ച കയറ്റുമതി വര്‍ധിക്കാന്‍ സഹായിക്കും. അതേസമയം തന്നെ, ഇറക്കുമതി മൂലമുണ്ടാകുന്ന പണപ്പെരുപ്പ (imported inflation) സാധ്യതയും മുന്നിലുണ്ട്. പലിശ നിരക്ക് റെക്കോര്‍ഡ് കുറവില്‍ ദീര്‍ഘകാലം നിലനിര്‍ത്തിക്കൊണ്ടു പോകാന്‍ ആര്‍.ബി.ഐ ബുദ്ധിമുട്ടുകയും ചെയ്യും.

മാര്‍ച്ച് അവസാനത്തോടെ രൂപയുടെ മൂല്യം ഡോളറിന് 78 രൂപയായി താഴും. 2020 ഏപ്രിലിലെ റെക്കോര്‍ഡ് ഇടിവിനെയും (76.9088) കടത്തിവെട്ടിയാവും ഇത്തവണത്തെ തകര്‍ച്ചയെന്ന് ക്വാന്റാര്‍ട്ട് മാര്‍ക്കറ്റ് സൊലൂഷന്‍സ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

തുടര്‍ച്ചയായ നാലാം വര്‍ഷവും നഷ്ടത്തിലേക്ക് കൂപ്പുകുത്തുമെന്നും ഈ വര്‍ഷം 4 ശതമാനം ഇടിവുണ്ടാകുമെന്നുമാണ് ബ്ലൂംബര്‍ഗ് സര്‍വേയില്‍ പറയുന്നത്.


Tags:    

Similar News