സൗദി അറേബ്യ വളരുകയാണോ, ജിഡിപി കണക്കുകള്‍ ഇങ്ങനെ

ജിഡിപിയുടെ 46 ശതമാനവും നേടിയത്‌ എണ്ണ ഖനനത്തിലൂടെയാണ്. 14.14 ബില്യണ്‍ റിയാലാണ് സൗദിയുടെ ബജറ്റ് മിച്ചം

Update:2022-11-01 17:13 IST

മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2022ന്റെ മൂന്നാം പാദത്തില്‍ (ജൂലൈ-സെപ്റ്റംബര്‍) സൗദി അറേബ്യയുടെ (Saudi Arabia) ആഭ്യന്തര മൊത്ത ഉല്‍പ്പാദനത്തില്‍ (GDP) 8.6 ശതമാനം വളര്‍ച്ച. തുടര്‍ച്ചയായ ആറാം പാദത്തിലും സൗദി സമ്പദ് വ്യവസ്ഥ വളര്‍ച്ച രേഖപ്പെടുത്തി. അതേ സമയം 2022ലെ രണ്ടാം പാദത്തെ അപേക്ഷിച്ച് വളര്‍ച്ചാ 2.6 ശതമാനം ആണ്.

2022 ഏപ്രില്‍-ജൂണ്‍ കാലയളവില്‍ 12.2 ശതമാനവും ജനുവരി-മാര്‍ച്ചില്‍ 9.9 ശതമാനവും വളര്‍ച്ച സൗദി രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് രാജ്യത്തെ എണ്ണ വിപണി 14.5 ശതമാനം ആണ് വളര്‍ന്നത്. മൂന്നാം പാദത്തില്‍ സൗദി ജിഡിപിയുടെ 46 ശതമാനവും നേടിയത് എണ്ണ ഖനനത്തിലൂടെയാണ്. 229.02 ബില്യണ്‍ റിയാലാണ് എണ്ണ വില്‍പ്പനയിലൂടെ സൗദിക്ക് ലഭിച്ചത്.

36 ശതമാനം ആണ് സേവന മേഖലയുടെ സംഭാവന. എണ്ണയിതര മേഖലയിലെ പ്രവര്‍ത്തനങ്ങളിലും 5.6 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. 301.87 ബിില്യണ്‍ റിയാലായിരുന്നു (80.14 ബില്യണ്‍ ഡോളര്‍) ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍ രാജ്യത്തിന്റെ വരുമാനം. വരുമാനം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 24 ശതമാനം ഉയര്‍ന്നു. ചെലവ് 22 ശതമാനം വര്‍ധിച്ച് 287.73 ബില്യണ്‍ റിയാലിലെത്തി. 14.14 ബില്യണ്‍ റിയാലാണ് സൗദിയുടെ ബജറ്റ് മിച്ചം (budget surplus)

Tags:    

Similar News