സ്ത്രീകൾ ഡ്രൈവിംഗ് സീറ്റിൽ: സൗദിയിൽ ഡ്രൈവർ നിയമനങ്ങൾ കുറയുന്നു

Update:2018-07-10 17:02 IST

സൗദി അറേബ്യയിൽ സ്ത്രീകള്‍ക്ക് വാഹനമോടിക്കാനുള്ള വിലക്ക് നീങ്ങിയതോടെ, രാജ്യത്തെ ഹൗസ് ഡ്രൈവർ നിയമനങ്ങൾ കുറഞ്ഞെന്ന് റിപ്പോർട്ട്. ജൂൺ 24 മുതലാണ് വനിതൾ വളയം പിടിക്കാൻ തുടങ്ങിയത്.

ജനറൽ സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി പുറത്തുവിട്ട കണക്കനുസരിച്ച് ആറു മാസത്തിനിടെ 30,000 ലധികം വിദേശി ഹൗസ് ഡ്രൈവർമാർക്ക് ജോലി നഷ്ടപ്പെട്ടിട്ടുണ്ട്. നിലവിൽ 13,63,324 വിദേശി ഹൗസ് ഡ്രൈവർമാരാണ് സൗദിയിലുള്ളത്.

ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ സ്വകാര്യ-പൊതു മേഖലകളിൽ ജോലി ചെയ്തിരുന്ന 2,34,000 വിദേശികൾക്കാണ് ജോലി നഷ്ടപ്പെട്ടത്. വിദേശീയരായ ജോലിക്കാരുടെ എണ്ണം ഒക്ടോബർ-ഡിസംബർ പാദത്തിലെ 10.42 ദശലക്ഷത്തിൽ നിന്നും 10.18 ദശലക്ഷമായി കുറഞ്ഞു.

സ്വദേശിവൽക്കരണം ശക്‌തമാക്കുന്നതിന്റെ ഭാഗമായി സൗദി ഭരണകൂടം പ്രവാസികളുടെ ആശ്രിതർക്ക് ഭീമമായ ഫീസ് ഏർപ്പെടുത്തിയിരുന്നു. ഇതിന് ശേഷം കൂടുതൽ പേർ മാതൃരാജ്യങ്ങളിലേക്ക് മടങ്ങാൻ നിർബന്ധിതരായി.

തദ്ദേശീയരേക്കാൾ കൂടുതൽ വിദേശികളെ ജോലിക്കെടുക്കുന്ന സ്ഥാപങ്ങൾക്കും ഭരണകൂടം അധിക ഫീസ് ചുമത്തിയിട്ടുണ്ട്. 2018 ഏപ്രിൽ വരെയുള്ള കണക്കനുസരിച്ച് 2016 ന്റെ അവസാനം മുതൽ 8 ലക്ഷം വിദേശീയരാണ് രാജ്യം വിട്ടത്.

Similar News