സുപ്രീം കോടതി വിധിന്യായങ്ങള്‍ മലയാളത്തിലും നല്കാന്‍ കൃത്രിമ ബുദ്ധിയുടെ പിന്തുണ വരുന്നു

Update: 2020-05-27 05:29 GMT

സുപ്രീം കോടതിയുടെ ദൈനംദിന ഉത്തരവുകളും വിധിന്യായങ്ങളും മലയാളം ഉള്‍പ്പെടെ ഒമ്പത് ഭാഷകളിലേക്ക് ഉടന്‍ തന്നെ വിവര്‍ത്തനം ചെയ്തു കൊടുക്കാനുള്ള സംവിധാനം വരുന്നു. നിര്‍മ്മിത ബുദ്ധി (എ ഐ) ഉപകരണങ്ങളുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന പദ്ധതിയാണ് ജസ്റ്റിസ് എല്‍. റാവുവിന്റെ നേതൃത്വത്തില്‍ ഇതിനായി പൂര്‍ത്തിയായിവരുന്നത്.

വിവര്‍ത്തനത്തില്‍ കുറഞ്ഞത് 90 ശതമാനം കൃത്യത ഉറപ്പാക്കാന്‍ കഴിയുമെന്നാണ് ഇതവരെയുള്ള കണ്ടെത്തലെന്ന് എഐ ഉപകരണങ്ങളുടെ  പരീക്ഷണത്തെ വിലയിരുത്തിയശേഷം സുപ്രീം കോടതി രജിസ്ട്രിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു.ഹിന്ദിക്കും മലയാളത്തിനു പുറമേ മറാത്തി, കന്നഡ, തമിഴ്, തെലുങ്ക്, പഞ്ചാബി, ഗുജറാത്തി, ബംഗാളി എന്നിവയാണ് വിധിന്യായങ്ങളുടെ വിവര്‍ത്തനം ലഭ്യമാകുന്ന പ്രാദേശിക ഭാഷകള്‍.പുതിയ സംവിധാനം എത്രയും വേഗം പൂര്‍ണ്ണ തോതില്‍  പ്രവര്‍ത്തിച്ചുതുടങ്ങുമെന്നാണ് സൂചന.

വിവര്‍ത്തനം ചെയ്ത വിധിന്യായങ്ങള്‍ സുപ്രീം കോടതിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ അപ്ലോഡു ചെയ്യും. കോടതി നടപടികളുടെ ദൈനംദിന ഉത്തരവുകള്‍ ബന്ധപ്പെട്ട വ്യവഹാരികള്‍ക്കും അഭിഭാഷകര്‍ക്കും നല്‍കും. അസമീസ്, ഹിന്ദി, കന്നഡ, മറാത്തി, ഒഡിയ, തെലുങ്ക് എന്നീ ഭാഷകളില്‍ സുപ്രീം കോടതി വിധിന്യായങ്ങള്‍ സംസ്ഥാന എ ഐ ഉപകരണങ്ങളില്ലാതെ ഹൈക്കോടതികളുടെ സഹായത്തോടെ കഴിഞ്ഞ ജൂലൈ മുതല്‍ പോസ്റ്റ് ചെയ്യാന്‍ തുടങ്ങിയിരുന്നു. അതേസമയം ദൈനംദിന ഓര്‍ഡറുകള്‍ വിവര്‍ത്തനം ചെയ്ത് നല്‍കുന്നില്ല.

സുപ്രീം കോടതിയുടെ 17 ബെഞ്ചുകളും നിര്‍മ്മിത ബുദ്ധി (എ ഐ) ഉപകരണങ്ങളുടെ സഹായത്തോടെ കടലാസ് രഹിതമായി പ്രവര്‍ത്തിക്കുന്നതിനുള്ള ഒരുക്കങ്ങളും പുരോഗമിച്ചുവരുന്നുണ്ട്. ആറു മാസത്തിനകം ഇത് പ്രായോഗികമാകുമെന്ന പ്രതീക്ഷയാണ് സുപ്രീം കോടതിയിലെ ഇ- കമ്മിറ്റി ചെയര്‍മാനായ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനുള്ളത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News