സേവന കയറ്റുമതി 300 ശതകോടി ഡോളര്‍ ലക്ഷ്യത്തെ മറികടക്കും: പീയുഷ് ഗോയല്‍

സര്‍ക്കാര്‍ ആരംഭിച്ച വിവിധ ഘടനാപരമായ പരിഷ്‌കാരങ്ങള്‍ ഫലം നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു

Update: 2023-01-25 08:15 GMT

image: @piyushgoyal/fb

രാജ്യത്തിന്റെ സേവന കയറ്റുമതി മികച്ച രീതിയില്‍ മുന്നോട്ട് പോകുന്നതായി കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയുഷ് ഗോയല്‍ പറഞ്ഞു. നിലവിലെ പ്രവണത തുടരുകയാണെങ്കില്‍ സേവന കയറ്റുമതി മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് നടപ്പ് സാമ്പത്തിക വര്‍ഷം 20 ശതമാനം വളര്‍ച്ചയോടെ 300 ശതകോടി ഡോളര്‍ ലക്ഷ്യത്തിലെത്തുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് 254 ശതകോടി ഡോളറായിരുന്നു.

മേക്ക് ഇന്‍ ഇന്ത്യയും ഡിജിറ്റല്‍ ഇന്ത്യയും ഉള്‍പ്പെടെ സമീപ വര്‍ഷങ്ങളില്‍ സര്‍ക്കാര്‍ ആരംഭിച്ച വിവിധ ഘടനാപരമായ പരിഷ്‌കാരങ്ങള്‍ ഫലം നല്‍കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചരക്ക് കയറ്റുമതി പോലും 2022-23 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ മൂന്ന് പാദങ്ങളില്‍ 9 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. വിപണികളിലെ മാന്ദ്യത്തിന്റെ ആഘാതവും ചെലവിലെ വര്‍ധനവും മറികടന്നായിരുന്നു ഈ മുന്നേറ്റമെന്നും അദ്ദേഹം പറഞ്ഞു.

നടപ്പ് സാമ്പത്തിക വര്‍ഷം ഏപ്രില്‍-ഡിസംബര്‍ കാലയളവില്‍ മൊത്തത്തിലുള്ള ചരക്ക് കയറ്റുമതി 332.76 ശതകോടി ഡോളറിലെത്തി. ഇറക്കുമതി 24.96 ശതമാനം വര്‍ധിച്ച് 551.7 ശതകോടി ഡോളറായി. വ്യാപാരക്കമ്മി 136.45 ശതകോടി ഡോളറില്‍ നിന്ന് ഈ കാലയളവില്‍ 218.94 ശതകോടി ഡോളറായി വര്‍ധിച്ചു. അതേസമയം 2022 ഏപ്രില്‍-ഡിസംബര്‍ മാസങ്ങളില്‍ സേവന കയറ്റുമതിയുടെ ഏകദേശ മൂല്യം 235.81 ശതകോടി ഡോളറാണ്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 184.65 ശതകോടി ഡോളറായിരുന്നു.

Tags:    

Similar News