സേവന മേഖലയുടെ പി എം ഐ റെക്കോര്‍ഡ് നിലയില്‍: സമ്പദ്ഘടന മെച്ചപ്പെടുന്ന സൂചന

പണപ്പെരുപ്പത്തിന്റെ വെല്ലുവിളികള്‍ അതിജീവിച്ചുള്ള മുന്നേറ്റം. നിര്‍മാണ മേഖലയില്‍ മാറ്റമില്ല

Update: 2022-06-06 11:07 GMT

2022 മെയ് മാസത്തില്‍ നിര്‍മാണ മേഖലയില്‍ പര്‍ച്ചേസിംഗ് മാനേജര്‍മാരുടെ സൂചിക (PMI Index) ഏപ്രില്‍ മാസത്തെ അപേക്ഷിച്ച് മാറ്റമില്ലാതെ തുടര്‍ന്നപ്പോള്‍ സേവന മേഖലയുടെ പി എം ഐ 11 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തി. സേവന മേഖലയുടെ പി എം ഐ സൂചിക ഏപ്രില്‍ മാസത്തില്‍ 57.9 ല്‍ നിന്ന് മെയ് മാസം 58.9-ായി ഉയര്‍ന്നു. അതേ കാലയളവില്‍ നിര്‍മാണ മേഖലയുടെ പി എം ഐ (Manufacturing PMI) മാറ്റമില്ലാതെ 54.6 നിലയില്‍ തുടര്‍ന്നു.

പി എം ഐ സൂചിക തയ്യാറാക്കുന്നത് ഓരോ മാസവും സേവന-നിര്‍മാണ മേഖലയിലെ മാനേജര്‍മാരുടെ സര്‍വേ നടത്തിയാണ്. ഇതില്‍ ഓരോ കമ്പനികളിലെ തൊഴില്‍ നിലവാരം, ഉല്‍പ്പാദനം, പുതിയ ഓര്‍ഡറുകള്‍, ഇന്‍വെന്റ്ററി തുടങ്ങിയ വിവരങ്ങളാണ് ശേഖരിക്കുന്നത്. ഇതില്‍ മുന്‍ മാസത്തില്‍ നിന്ന് ഉണ്ടായ കുറവുകളോ, വര്‍ധനവോ അടിസ്ഥാനപ്പെടുത്തിയാണ് സൂചിക തയ്യാറാക്കുന്നത്. 0 മുതല്‍ 100 വരെ ഉള്ള പരിധിയാണ് പി എം ഐ ക്ക് ഉള്ളത്. 50 ന് മുകളില്‍ സൂചിക എത്തിയാല്‍ സമ്പദ്ഘടന വികസിക്കുന്നതിനെ സൂചിപ്പിക്കുന്നു.
ഭക്ഷ്യ, ഇന്ധന, അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധനവ്, തൊഴില്‍ വേതന വര്‍ധനവ് തുടങ്ങിയ പ്രതിസന്ധികള്‍ നിര്‍മാണ മേഖലയെയും, സേവന മേഖലയെയും ഒരു പോലെ ബാധിച്ചു. എങ്കിലും സേവന മേഖലയുടെ മെച്ചപ്പെട്ട പ്രകടനത്തിന്റെ പിന്‍ബലത്തില്‍ മൊത്തം ആഭ്യന്തര ഉല്‍പാദനം (ജി ഡി പി) 2022 -23 ല്‍ 7.2 % വളര്‍ച്ച കൈവരിക്കുമെന്ന്, അക്യൂട്ട് റേറ്റിംഗ്സ് എന്ന ഗവഷേണ സ്ഥാപനം കരുതുന്നു.


Tags:    

Similar News