ഇപ്പോള്‍ ഓഹരികള്‍ വാങ്ങരുത് വിപണി ഇനിയും ഇടിയും

Update:2020-03-23 12:59 IST

ഇന്ത്യന്‍ ഓഹരി വിപണി ലോവര്‍ സര്‍ക്യൂട്ട് ഭേദിച്ചതോടെ തിങ്കളാഴ്ച രാവിലെ തന്നെ വ്യാപാരം 45 മിനിട്ടാണ് നിര്‍ത്തിവെച്ചത്. വിപണിയില്‍ ഈയാഴ്ചയുണ്ടാകാനിടയുള്ള രക്തച്ചൊരിച്ചിലെ കുറിച്ചുള്ള സൂചനകള്‍ കഴിഞ്ഞ ആഴ്ച തന്നെ ശക്തമായിരുന്നു. മാര്‍ച്ച് 20ന് അവസാനിച്ച ആഴ്ചയില്‍ കനത്ത വില്‍പ്പന സമ്മര്‍ദ്ദത്തെ തുടര്‍ന്ന് നിക്ഷേപകര്‍ക്ക് നഷ്ടമായത് 13 ലക്ഷം കോടി രൂപയാണ്.

ഓയ്ല്‍ ആന്‍ഡ് ഗ്യാസ്, ഓട്ടോ, ബാങ്ക്‌സ്, എനര്‍ജി, ഐറ്റി, കണ്‍സ്യൂമര്‍ ഡ്യൂറബ്ള്‍സ്, ക്യാപിറ്റല്‍ ഗുഡ്‌സ് ഓഹരികളിലെല്ലാം കനത്ത വില്‍പ്പന സമ്മര്‍ദ്ദം പ്രകടമാണ്. ഒപ്പം രൂപയുടെ മൂല്യത്തിലും വന്‍ ഇടിവുണ്ടായിരിക്കുന്നു.

ഇത് അവസരമല്ല

കനത്ത വില്‍പ്പന സമ്മര്‍ദ്ദം മൂലം നിക്ഷേപകരുടെ പ്രിയ ഓഹരികളെല്ലാം ഏറ്റവും താഴ്ന്ന നിലയിലെത്തിയിട്ടുണ്ട്. അതുകൊണ്ട് ഈ അവസരം ബുദ്ധിപൂര്‍വ്വം വിനിയോഗിച്ച് ഓഹരികള്‍ കൂടുതലായി വാങ്ങുകയാണ് വേണ്ടതെന്ന ഉപദേശം നിക്ഷേപകര്‍ക്ക് ലഭിക്കുന്നുണ്ടാകാം. എന്നാല്‍ അത്തരം ഉപദേശം സ്വീകരിക്കാനുള്ള സമയം ഇതല്ല. കാരണം

a. ഓഹരി വിപണി ഏറ്റവും താഴ്ന്ന നിലയിലെത്തിയിട്ടില്ല

ലോകമെമ്പാടും പടര്‍ന്നുപിടിക്കുന്ന കോവിഡ് 19 ബാധയെ തുടര്‍ന്ന് ഓഹരി
വിപണിയിലുണ്ടായിരിക്കുന്ന ഇടിവ് അതിന്റെ ഏറ്റവും താഴ്ന്ന നിലയിലെത്തിയിട്ടില്ലെന്ന് വിപണി വിദഗ്ധര്‍ സൂചന നല്‍കുന്നുണ്ട്. 60 ശതമാനം വരെ ഇടിവുണ്ടായാലും അത്ഭുതപ്പെടാനില്ലെന്ന അഭിപ്രായം പങ്കുവെയ്ക്കുന്നവരും ഏറെ. അതുകൊണ്ട് നിങ്ങളുടെ പ്രിയപ്പെട്ട ഓഹരികള്‍ ഇപ്പോള്‍ ഏറ്റവും താഴ്ന്ന നിലയിലാണെന്ന വിശ്വാസം തീര്‍ത്തും തെറ്റാണ്. അവയുടെ വില ഇനിയും ഇടിയാം.

b. പണമാണ് പ്രധാനം

ഇപ്പോഴത്തെ സാഹചര്യത്തില്‍ പണം തന്നെയാണ് രാജാവ്. എന്തുകൊണ്ടാണ് ആഗോള
വിപണികളില്‍ കനത്ത വില്‍പ്പന സമ്മര്‍ദ്ദം ദൃശ്യമാകുന്നത്? എല്ലാവരും ആസ്തികള്‍ വിറ്റൊഴിഞ്ഞ് ആ പണം മറ്റെങ്ങും നിക്ഷേപിക്കാതെ കൈയില്‍ സൂക്ഷിക്കുകയാണ്. ഈ അവസരത്തില്‍ ഉപദേശങ്ങള്‍ കേട്ട് നിക്ഷേപം നടത്തിയാല്‍ നിങ്ങളുടെ കൈയിലെ പണം നഷ്ടമാകും. വിപണിയിലെ ഇപ്പോഴത്തെ അവസ്ഥമാറി കുതിപ്പ് വരാന്‍ മാസങ്ങളോ വര്‍ഷങ്ങളോ തന്നെ എടുത്തേക്കാം. അതുകൊണ്ട് ഇപ്പോള്‍ നിക്ഷേപം നടത്തുന്നത് അങ്ങേയറ്റം റിസ്‌കേറിയ തീരുമാനം തന്നെയാണ്.

c. ബിസിനസുകള്‍ തന്നെ ഇല്ലാതായേക്കാം

2019 ഡിസംബറിലാണ് ചൈനയിലെ വുഹാനില്‍ കോറോണ തിരിച്ചറിഞ്ഞത്. അതിനു മുമ്പേ അമേരിക്ക - ചൈന വ്യാപാരയുദ്ധം, ഇറാന്‍ പ്രശ്‌നം, വിവിധ രാജ്യങ്ങളിലെ
രാഷ്ട്രീയ - സാമൂഹ്യ പ്രശ്‌നങ്ങള്‍, തീവ്രവാദ ഭീഷണി എന്നിവയെല്ലാം കൊണ്ട് ആഗോള ബിസിനസ് മേഖലയില്‍ സ്ഥിതിഗതികള്‍ മോശമായിരുന്നു. കാര്യമായ ബിസിനസ്
ചര്‍ച്ചകളോ കരാറുകളോ നടന്നിരുന്നില്ല. കോവിഡ് 19 പടര്‍ന്നു പിടിച്ചതോടെ ഇത് പൂര്‍ണമായും സ്തംഭനാവസ്ഥയിലായി. വന്‍കിട കോര്‍പ്പറേറ്റുകളെല്ലാം അവയുടെ നിക്ഷേപ തീരുമാനങ്ങള്‍ മരവിപ്പിച്ചു. പുതിയ കരാറുകളില്‍ ഏര്‍പ്പെടുന്നില്ല. ലോക രാജ്യങ്ങള്‍ രോഗത്തിനെതിരെ പോരാടുന്നതിനാണ് ശ്രദ്ധ കൊടുക്കുന്നത്. അത് പൊതുനിക്ഷേപത്തെ ഗണ്യമായി ബാധിച്ചിട്ടുണ്ട്. ഇതിനു മുമ്പും ലോകത്ത് സാംക്രമിക രോഗങ്ങള്‍ പടര്‍ന്നു പിടിച്ചിട്ടുണ്ട്.

പക്ഷേ അതുപോലെയല്ല കോവിഡ് 19. ഇത് ബിസിനസ് നടത്തിപ്പുകളെ തന്നെ മാറ്റി
മറിക്കും. പല ബിസിനസുകളും അവയുടെ ശൈലി പുനഃപരിശോധിക്കും. ചില ബിസിനസുകള്‍ തുടച്ചുമാറ്റപ്പെടും. ഈ അവസ്ഥയില്‍ ഒന്നും പ്രവചിക്കാനാകില്ല. അതുകൊണ്ട് ഇതിനുമുമ്പുള്ള കാലത്തെ ഘടകങ്ങള്‍ പരിഗണിച്ച് ഇപ്പോള്‍ നിക്ഷേപത്തിന് തുനിയരുത്. കാരണം ഇത് ലോകം ഇതുവരെ കാണാത്ത കാര്യമാണ്. അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും നാം ഇതുവരെ അറിയാത്ത ഒന്നുതന്നെയാകും.

d. ഇപ്പോഴത്തെ ഇടിവ് ഒരു ദിശാസൂചി

തിങ്കളാഴ്ച വന്‍ വില്‍പ്പന സമ്മര്‍ദ്ദം കണ്ട ഓഹരികള്‍ ശ്രദ്ധിക്കൂ. ഓയ്ല്‍ ആന്‍ഡ് ഗ്യാസ്, ഓട്ടോ കമ്പനികള്‍, ബാങ്കുകളുടെ ഓഹരികള്‍, എനര്‍ജി കമ്പനികള്‍, ഐറ്റി, കണ്‍സ്യൂമര്‍ ഡ്യൂറബ്ള്‍സ്, ക്യാപിറ്റല്‍ ഗുഡ്‌സ് എന്നിവയാണവ. അതായത് ഓഹരി വിപണിയെ താങ്ങി നിര്‍ത്തുന്ന പ്രധാന ഓഹരികളിലെല്ലാം വില്‍പ്പന സമ്മര്‍ദ്ദം പ്രകടമാണ്.
ഇന്ത്യയിലെ സ്വകാര്യ ബാങ്കുകളെ ഓഹരികള്‍ക്കെല്ലാം യെസ് ബാങ്ക് സംഭവം വരുത്തിവെച്ച പ്രശ്‌നങ്ങളില്‍ നിന്ന് തലയൂരാന്‍ സാധിച്ചിട്ടില്ല. കോര്‍പ്പറേറ്റ് വായ്പകളില്‍ നിന്ന് പരമാവധി വിട്ട് നിന്ന് റീറ്റെയ്ല്‍ വായ്പകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചവര്‍ക്ക് തന്നെ നിലവിലുള്ള അവസ്ഥയില്‍ ആ വായ്പകളുടെ തിരിച്ചടവ് പ്രശ്‌നമാണ്. രാജ്യത്തെ എംഎസ്എംഇ മേഖല കോറോണയ്ക്ക് ശേഷം എന്ന് നിവര്‍ന്നുനില്‍ക്കുമെന്ന് വ്യക്തമല്ല. അതുകൊണ്ട് ആ മേഖലയിലെ വായ്പകള്‍ ഏറെ തിരിച്ചടവ് മുടങ്ങി എന്‍പിഎ ആകാനുള്ള ഇടയുണ്ട്. വാഹന വായ്പകള്‍, ഭവന വായ്പകള്‍, സ്വര്‍ണപ്പണയ വായ്പകള്‍ എന്നിവയിലെല്ലാം ഇത് പ്രകടമാകും.

എന്‍പിഎയ്ക്ക് ബാങ്കുകള്‍ മാറ്റിവെയ്ക്കുന്ന പ്രൊവിഷന്‍ ഇനിയും കൂടും.കഴിഞ്ഞ പല ക്വാട്ടര്‍റുകളിലായി രാജ്യത്തെ ബാങ്കുകള്‍ എന്‍പിഎയെ വരുതിയിലാക്കാന്‍ കഠിനപരിശ്രമമാണ് നടത്തിക്കൊണ്ടിരുന്നത്. അതെല്ലാം കോവിഡ് 19 ബാധയോടെ തകിടം മറിഞ്ഞു. ബാങ്കുകളുടെ സാമ്പത്തിക ആരോഗ്യം മുന്‍പെങ്ങുമില്ലാത്ത വിധം തകരും.

ഇന്ത്യ സമ്പൂര്‍ണ അടച്ചുപൂട്ടലിലേക്ക് പോകുന്നതോടെ മാനുഫാക്ചറിംഗ് പൂര്‍ണമായും നിലയ്ക്കും. നിലവില്‍ തകര്‍ന്നുതരിപ്പണമായി കിടക്കുന്ന സപ്ലൈ ചെയ്ന്‍ ഇതോടെ കൂടുതല്‍ ദയനീയാവസ്ഥയിലാകും. കമ്പനികളുടെ പ്രകടനം മെച്ചപ്പെടാന്‍ പല ക്വാര്‍ട്ടറുകള്‍ കാത്തിരിക്കേണ്ടതായി വരും. രാജ്യത്തെ എണ്ണ ഉപഭോഗം ഗണ്യമായ തോതില്‍ കുറയുകയാണ്. രാജ്യാന്തരവിപണിയില്‍ ക്രൂഡ്ഓയ്ല്‍ വില കുറയാന്‍ തന്നെയാണ് സാധ്യത.

എണ്ണ സംഭരണികള്‍ നിറയുന്നതോടെ വില ഇനിയും ഇടിയും. ഉല്‍പ്പാദനം സാധാരണനിലയിലും ഉപഭോഗം താഴ്ന്നനിലയിലും ആയതിനാല്‍ എനര്‍ജി, ഓയ്ല്‍ ആന്‍ഡ് ഗ്യാസ് ഓഹരികള്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാനും കാത്തിരിക്കേണ്ട സ്ഥിതിയാണ്. അതായത് നിലവിലുള്ള അവസ്ഥയില്‍ ബുദ്ധിപൂര്‍വ്വമായ നിക്ഷേപ
തീരുമാനമെടുക്കാന്‍ സാധിക്കണമെന്നില്ല. അതുകൊണ്ട് നിക്ഷേപം ഇപ്പോള്‍
നടത്താതിരിക്കുന്നത് തന്നെയാണ് ബുദ്ധി.

e. കോവിഡ് 19ന്റെ ആഴം വ്യക്തമല്ല

കോവിഡ് 19 ഇന്ത്യയെയും ലോകത്തെയും എങ്ങനെയാകും ബാധിക്കുക എന്ന് ഇപ്പോഴും
വ്യക്തമല്ല. രോഗത്തിന്റെ പുതിയ പ്രഭവ കേന്ദ്രങ്ങള്‍ അനുദിനം കണ്ടെത്തുന്നു. മെഡിക്കല്‍ രംഗത്തിന് മുന്നിലെ ഏറ്റവും വലിയ വെല്ലുവിളിയായി കോവിഡ് 19 ഇപ്പോഴും ശേഷിക്കുകയാണ്. ഒന്നും വ്യക്തമല്ലാത്ത സാഹചര്യത്തില്‍ തീരുമാനങ്ങളെടുക്കാതിരിക്കുക എന്നതാണ് നല്ല തീരുമാനം.

f. വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ പിന്മാറ്റം

വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഈ മാര്‍ച്ചില്‍ പിന്‍വലിച്ചുകൊണ്ടുപോയത് 51,243 കോടി രൂപയാണ്. ഡെറ്റ് മാര്‍ക്കറ്റില്‍ നിന്ന് പിന്‍വലിച്ചത് 52,000 കോടി രൂപയും. അതായത് മാര്‍ച്ചില്‍ മാത്രം വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ രാജ്യത്ത് നിന്ന് പുറത്തേക്ക് കൊണ്ടുപോയത് മൊത്തം 1.03 ലക്ഷം കോടി രൂപ!ഫെബ്രുവരി 24 മുതല്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ തുടര്‍ച്ചയായി വില്‍പ്പന നടത്തിവരികയാണ്. ഈ പ്രവണത തുടര്‍ന്നാല്‍ വിപണി ഇനിയും ഇടിയുക തന്നെ ചെയ്യും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News