പണത്തിനായി നെട്ടോട്ടമോടി ജനങ്ങള്‍, സ്വര്‍ണപ്പണയ വായ്പ ലഭിക്കാന്‍ ഉടന്‍ നടപടികള്‍ വേണം
കോവിഡ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കൈയിലുള്ള സ്വര്‍ണാഭരണങ്ങള്‍ പോലും പണയം വെയ്ക്കാന്‍ പറ്റാതെ ജനങ്ങള്‍ നെട്ടോട്ടമോടുന്നു. ബാങ്കുകള്‍ സ്വര്‍ണപ്പണയ വായ്പകള്‍ വിതരണം ചെയ്യുന്നില്ല. സ്വര്‍ണപ്പണയ വായ്പാ രംഗത്തെ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ലോക്ക്ഡൗണ്‍ മൂലം തുറന്നുപ്രവര്‍ത്തിക്കാനും സാധിക്കുന്നില്ല. ഇതോടെ സാധാരണക്കാര്‍ ഏറെ ബുദ്ധിമുട്ടിലായിരിക്കുകയാണ്.
കോവിഡ് ബാധയെ തുടര്‍ന്ന് ബാങ്കുകളുടെ പ്രവര്‍ത്തന സമയം ക്രമീകരിക്കുകയും ബ്രാഞ്ചുകളില്‍ നല്‍കുന്ന സേവനം പരിമിതപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സ്വര്‍ണപ്പണയം അവശ്യ സേവനമായി പരിഗണിക്കാത്തതിനാല്‍ ബാങ്കുകള്‍ സ്വര്‍ണപ്പണയം വിതരണം ചെയ്യുന്നില്ല. ചില സ്വകാര്യ ബാങ്കുകളുടെ ഏതാനും ശാഖകള്‍ സ്വര്‍ണപ്പണയം സ്വീകരിച്ചിരുന്നെങ്കിലും യാത്രാവിലക്ക് നിലനില്‍ക്കുന്നതിനാല്‍ ഇത്തരം ശാഖകള്‍ തേടിപ്പിടിച്ച് ഇടപാടുകാര്‍ക്ക് പോകാനും ബുദ്ധിമുട്ടാണ്.
കേരളത്തില്‍ സ്വര്‍ണപ്പണയ രംഗത്ത് സജീവമായുള്ള ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളും ഇപ്പോള്‍ തുറന്നുപ്രവര്‍ത്തിക്കുന്നില്ല. ജനങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ ശാഖകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന സ്വര്‍ണപ്പണയ വായ്പാ രംഗത്തെ എന്‍ ബി എഫ് സികളുടെ ആവശ്യം അംഗീകരിക്കപ്പെട്ടിട്ടില്ല. ''സ്വര്‍ണവായ്പ വേണമെന്നാവശ്യവുമായി ഏറെ പേര്‍ വിളിക്കുന്നുണ്ട്. ശാഖകള്‍ തുറക്കാത്തതുകൊണ്ട് നമുക്കത് നല്‍കാന്‍ പറ്റുന്നില്ല,'' കേരളത്തിലെ ഒരു പ്രമുഖ എന്‍ബിഎഫ്‌സിയുടെ സാരഥി പറയുന്നു.
പ്രാഥമിക സഹകരണ ബാങ്കുകളില്‍ പലിശ രഹിത വായ്പക്കായി തിരക്ക്
കേരളം സമ്പൂര്‍ണ അടച്ചുപൂട്ടലിലേക്ക് പോയ ആദ്യ ദിവസങ്ങളില്‍ ഗ്രാമീണ മേഖലയിലെ പ്രാഥമിക സഹകരണ ബാങ്കുകളുടെ ശാഖകളില്‍ പതിനായിരത്തില്‍ താഴെ വരുന്ന സ്വര്‍ണപ്പണയ വായ്പകള്‍ക്കായി ആവശ്യക്കാര്‍ ഏറെയായിരുന്നു.
ജോലിക്കു പോകാനാകാത്ത സാഹചര്യത്തില്‍ വീട്ടുചെലവുകള്‍ നടത്താനും വീട്ടിലേക്കുള്ള അവശ്യവസ്തുക്കള്‍ വാങ്ങുന്നതിനും മറ്റുമാണ് കൂടുതല്‍ പേരും ഇത്തരം വായ്പകളെടുത്തത്.
പിന്നീട് മുഖ്യമന്ത്രി പിണറായി വിജയന്‍, സഹകരണ ബാങ്കുകള്‍ വഴി പലിശ രഹിതമായി പതിനായിരം രൂപ വായ്പ വിതരണത്തിന് അനുമതി നല്‍കിയതോടെ ഇപ്പോള്‍ ആവശ്യക്കാര്‍ ഏറെ അതിനാണ്. ചില പ്രാഥമിക സഹകരണ ബാങ്കുകള്‍ വായ്പാ പരിധി 5000 മായാണ് നിശ്ചയിച്ചിരിക്കുന്നത്.
ഗ്രാമീണ മേഖലയിലെ സാധാരണക്കാര്‍ക്ക് ഇത് കൈത്താങ്ങാകുന്നുണ്ടെങ്കിലും സ്വര്‍ണപ്പണയ വായ്പ വഴി സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ വഴി തേടുന്ന ബഹുഭൂരിപക്ഷവും ഇപ്പോള്‍ പ്രതിസന്ധിയിലാണ്.
കേരളത്തില്‍ ചെറുകിട സംരംഭകര്‍ മുതല്‍ സാധാരണക്കാര്‍ വരെ പെട്ടെന്നുള്ള അത്യാവശ്യങ്ങള്‍ക്ക് ആശ്രയിക്കുന്നത് സ്വര്‍ണപ്പണയ വായ്പകളെയാണ്. ഇത് ലഭിക്കാതെ വരുന്നതോടെ ബ്ലേഡ് പലിശയ്ക്ക് മറ്റിടങ്ങളില്‍ നിന്ന് വായ്പ എടുക്കാന്‍ അവര്‍ നിര്‍ബന്ധിതരാകും. വലിയ കടക്കെണിയിലേക്കാവും ഇതിലൂടെ അവര്‍ വീഴുക. ഈ സാഹചര്യം ഒഴിവാക്കാന്‍ സ്വര്‍ണപ്പണയ വായ്പാ വിതരണം ബാങ്കുകള്‍ പുനഃരാരംഭിക്കുകയും കോവിഡ് പ്രതിരോധത്തിനുള്ള മതിയായ മുന്‍കരുതലുകള്‍ എടുത്തുകൊണ്ട് എന്‍ ബി എഫ് സികളെ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയും വേണമെന്നാവശ്യം ശക്തിപ്പെടുകയാണ്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline