ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ ഒന്നാം സ്ഥാനത്ത് തമിഴ്‌നാട്; 2022-23ല്‍ മൂന്നിരട്ടി വര്‍ധന

പ്രമുഖ ഇലക്ട്രോണിക്‌സ് നിര്‍മാണ കമ്പനികളുടെ വരവാണ് ഈ നേട്ടം കൈവരിക്കാൻ തമിഴ്നാടിനെ സഹായിച്ചത്

Update:2023-06-30 16:49 IST

Image: canva/freepik

തമിഴ്നാടിന്റെ ഇലക്ട്രോണിക്സ് കയറ്റുമതി 2021-22 സാമ്പത്തിക വര്‍ഷത്തിലെ 15,000 കോടി രൂപയില്‍ നിന്ന് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ മൂന്നിരട്ടി വര്‍ധിച്ച് 44,000 കോടി രൂപയായി. ഇതോടെ ഇലക്ട്രോണിക്സ് കയറ്റുമതിയില്‍ 2021-22ലെ നാലാം സ്ഥാനത്ത് നിന്ന് തമിഴ്നാട് 2022-23ല്‍ ഒന്നാം സ്ഥാനത്തെത്തിയതായി ദി ഹിന്ദു ബിസിനസ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു.

കമ്പനികളുടെ വരവ്

ടാറ്റ ഇലക്ട്രോണിക്സ്, പെഗാട്രോണ്‍ തുടങ്ങിയ കമ്പനികള്‍ തമിഴ്നാട്ടില്‍ ഉല്‍പ്പാദനം ആരംഭിച്ചതോടെയാണ് ഉത്തര്‍പ്രദേശ്, കര്‍ണാടക, മഹാരാഷ്ട്ര എന്നീ മൂന്ന് സംസ്ഥാനങ്ങളെ പിന്തള്ളി തമിഴ്നാട് ഈ നേട്ടം കൈവരിച്ചത്. ഫോക്സ്‌കോണ്‍, ടാറ്റ ഇലക്ട്രോണിക്സ്, സാല്‍കോംപ്, പെഗാട്രോണ്‍ എന്നിവയുള്‍പ്പെടെ 15 ല്‍ അധികം പ്രമുഖ ഇലക്ട്രോണിക്‌സ് നിര്‍മാതാക്കളാണ് തമിഴ്നാട്ടില്‍ ഇപ്പോഴുള്ളത്.

തമിഴ്‌നാടിന്റെ വിഹിതം 22.83%

2020-21 ല്‍ ഇന്ത്യയുടെ മൊത്തം ഇലക്ട്രോണിക്‌സ് ചരക്ക് കയറ്റുമതിയായ 1.28 ലക്ഷം കോടി രൂപയില്‍ തമിഴ്‌നാടിന്റെ വിഹിതം 11.98 ശതമാനമായിരുന്നു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 2022-23 ല്‍ ഇത് മൊത്തം മൂല്യമായ 2 ലക്ഷം കോടിയില്‍ തമിഴ്‌നാടിന്റെ വിഹിതം 22.83 ശതമാനമായി ഉയര്‍ന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ആദ്യ രണ്ട് മാസങ്ങളില്‍ തമിഴ്നാട് ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഇലക്ട്രോണിക്സ് കയറ്റുമതിയില്‍ 2022-23 ല്‍ 40,000 കോടി രൂപയുമായി ഉത്തര്‍പ്രദേശ് രണ്ടാമതും 37,000 കോടി രൂപയുമായി കര്‍ണാടക മൂന്നാമതുമാണ്.

ലക്ഷ്യം 8.2 ലക്ഷം കോടി

തമിഴ്നാടിന്റെ മികച്ച വ്യാവസായിക അന്തരീക്ഷം, വിദഗ്ധരുടെയും പരിശീലനം ലഭിച്ച തൊഴിലാളികളുടെയും ലഭ്യത, വിതരണ ശൃംഖല വര്‍ധിപ്പിക്കല്‍, സുസ്ഥിരമായ വൈദ്യുതി വിതരണം തുടങ്ങി നിരവധി കാരണങ്ങളാണ് ഇലക്ട്രോണിക്സ് ഉല്‍പന്നങ്ങളുടെ കയറ്റുമതിയില്‍ മുന്നിലെത്താന്‍ തമിഴ്‌നാടിനെ സഹായിച്ചതെന്ന് ഇലക്ട്രോണിക് ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ ഓഫ് ഇന്ത്യ മുന്‍ പ്രസിഡന്റ് എന്‍ രാമചന്ദ്രന്‍ പറഞ്ഞു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 8.2 ലക്ഷം കോടി രൂപയുടെ ഇലക്ട്രോണിക്‌സ് നിര്‍മ്മാണമാണ് തമിഴ്നാട് ലക്ഷ്യമിടുന്നത്.

Tags:    

Similar News