ദൈനംദിന ചെലവ് നടത്താന്‍ കടമെടുക്കാന്‍ പോലും മാര്‍ഗമില്ലാതെ പ്രതിസന്ധി നേരിടുന്ന സംസ്ഥാന സര്‍ക്കാര്‍, നികുതി പിരിച്ചെടുക്കുന്നതില്‍ ഗുരുതര കെടുകാര്യസ്ഥതയാണ് കാട്ടുന്നതെന്ന് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ (CAG) 2021-22 വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ട്. 2022 മാര്‍ച്ച് 31വരെയുള്ള കണക്കുപ്രകാരം മാത്രം 28,258.39 കോടി രൂപയുടെ നികുതി കുടിശികയാണ് സര്‍ക്കാരിനുള്ളതെന്ന് റിപ്പോര്‍ട്ടിലുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ ആകെ വാര്‍ഷിക വരുമാനത്തിന്റെ 24.23 ശതമാനമാണിത്.
സര്‍ക്കാരിന്റെ കെടുകാര്യസ്ഥതമൂലം കഴിഞ്ഞ 5 വര്‍ഷത്തിനിടെ 50,000 കോടി മുതല്‍ 75,000 കോടി രൂപവരെ കേരളത്തിന് നികുതി വരുമാന നഷ്ടമുണ്ടായെന്ന് കഴിഞ്ഞദിവസം നിയമസഭയില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സി.എ.ജി റിപ്പോര്‍ട്ടും പുറത്തുവന്നത്.
സാമ്പത്തിക പ്രതിസന്ധി മറികടക്കാനായി അധികം കടമെടുക്കാന്‍ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം കഴിഞ്ഞദിവസം കേന്ദ്രസര്‍ക്കാര്‍ തള്ളിയിരുന്നു. വരുംമാസങ്ങളില്‍ ദൈനംദിന ചെലവിനുള്ള പണം കണ്ടെത്താന്‍ സര്‍ക്കാരിന് മുന്നില്‍ ഇതോടെ വഴികള്‍ അടഞ്ഞിരിക്കുകയാണ്. ഇതിനിടെയാണ് സര്‍ക്കാരിനെ കൂടുതല്‍ വെട്ടിലാക്കിയുള്ള സി.എ.ജി റിപ്പോര്‍ട്ട്.
നികുതി പിരിവിലെ വീഴ്ച
സംസ്ഥാന ജി.എസ്.ടി വകുപ്പ് മാത്രം 13,410.12 കോടി രൂപ നികുതി പിരിച്ചെടുക്കാനുണ്ടെന്ന് സി.എ.ജി റിപ്പോര്‍ട്ട് പറയുന്നു. പലിശ കുടിശിക ഇനത്തില്‍ ധനവകുപ്പ് പിരിച്ചെടുക്കാനുള്ളത് 5,979.91 കോടി രൂപ.
കേരളം പിരിച്ചെടുക്കാതിരുന്ന നികുതി സംബന്ധി സംബന്ധിച്ച് സി.എ.ജി പുറത്തുവിട്ട കണക്കുകൾ
വൈദ്യുതി നികുതിയായി 3,118.50 കോടി രൂപ, മോട്ടോര്‍ വാഹന നികുതിയിനത്തില്‍ 2,868.47 കോടി രൂപ, ഭൂ നികുതിയായി 635.19 കോടി രൂപ, രജിസ്‌ട്രേഷന്‍ നികുതിയായി 590.86 കോടി രൂപ എന്നിങ്ങനെയും പിരിച്ചെടുത്തില്ല. നികുതി പിരിവില്‍ വനം, പൊലീസ്, എക്‌സൈസ്, മൈനിംഗ് ആന്‍ഡ് ജിയോളജി, പ്രിന്റിംഗ്, കേരള മാരിടൈം ബോര്‍ഡ്, ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് തുടങ്ങിയവയും വീഴ്ച വരുത്തിയതായി റിപ്പോര്‍ട്ട് പറയുന്നു.
അടിയന്തര ശ്രദ്ധ വേണമെന്ന് സി.എ.ജി; റിപ്പോര്‍ട്ട് ശരിയല്ലെന്ന് സര്‍ക്കാര്‍ കുടിശിക പിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ അടിയന്തര ശ്രദ്ധ ചെലുത്തണമെന്ന് റിപ്പോര്‍ട്ടില്‍ സി.എ.ജി ചൂണ്ടിക്കാട്ടി.പിരിച്ചെടുക്കാനുള്ള മൊത്തം നികുതി കുടിശികയുടെ 33.74 ശതമാനം (6,267.31 കോടി രൂപ) വിവിധ കേസുകളില്‍ സ്റ്റേ ചെയ്യപ്പെട്ടിരിക്കുകയാണെന്നും സ്‌റ്റേ നീക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ നടപടിയെടുക്കണമെന്നും റിപ്പോര്‍ട്ടില്‍ സി.എ.ജി നിര്‍ദേശിച്ചിട്ടുണ്ട്.
അതേസമയം, റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന നികുതി കുടിശികയില്‍ അധികവും കാലങ്ങളായുള്ളതാണെന്നും ഇക്കാര്യം റിപ്പോര്‍ട്ടില്‍ സി.എ.ജി ഉള്‍പ്പെടുത്താതിരുന്നത് ശരിയായില്ലെന്നുമാണ് സര്‍ക്കാരിന്റെ വാദം.
പ്രതിസന്ധിയില്‍ സര്‍ക്കാര്‍
നടപ്പു സാമ്പത്തിക വര്‍ഷം (2023-24) സംസ്ഥാന ജി.ഡി.പിയുടെ മൂന്ന് ശതമാനം വരെ കടമെടുക്കാന്‍ കേരളത്തെ കേന്ദ്രം അനുവദിച്ചിരുന്നു. ഇതിന്റെ മുന്തിയപങ്കും ഇതിനകം തന്നെ സംസ്ഥാന സര്‍ക്കാര്‍ കടമെടുത്ത് കഴിഞ്ഞു.
വരുംമാസങ്ങളിലെ ദൈനംദിന ചെലവിനായും നിലവിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനായും ഒരു ശതമാനം കൂടി അധികമായി കടമെടുക്കാന്‍ അുവദിക്കണമെന്ന് കേന്ദ്രത്തോട് സംസ്ഥാന ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ആവശ്യപ്പെട്ടിരുന്നു. ഇത് കേന്ദ്രം തള്ളി. ഇതോടെ, സര്‍ക്കാരിന്റെ നില കൂടുതല്‍ പരുങ്ങലിലായിട്ടുണ്ട്.
അതേസമയം, സംസ്ഥാനത്തെ നികുതിഭരണ സംവിധാനം പരാജയപ്പെട്ടെന്ന ആരോപണം പ്രതിപക്ഷം ഉന്നയിച്ച് കഴിഞ്ഞു. നികുതിപിരിവില്‍ കെടുകാര്യസ്ഥതയും നികുതി വെട്ടിപ്പും വ്യാപകമാണ്. വിലക്കയറ്റവും ശക്തമായിരിക്കേ, കേന്ദ്രത്തെ പഴിചാരി രക്ഷപ്പെടാനുള്ള തന്ത്രമാണ് സംസ്ഥാന സര്‍ക്കാര്‍ പയറ്റുന്നത്. പെട്രോളിനും ഡീസലിനും രണ്ട് രൂപ അധിക സെസ് ഏര്‍പ്പെടുത്തിയതിന്റെ ഗുണം സംസ്ഥാന സര്‍ക്കാരിന് കിട്ടിയോയെന്നും പ്രതിപക്ഷം ചോദിക്കുന്നു.