ലോക്ക്ഡൗണ്‍ ജനങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാന്‍ 10 നിര്‍ദേശവുമായി പി.ചിദംബരം
പ്രധാനമന്ത്രിയുടെ ലോക്ക് ഡൗണ്‍ നീക്കത്തെ സ്വാഗതം ചെയ്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം. വാട്ടര്‍ഷെഡ് മൂവ്‌മെന്റെന്നാണ് ഇതിനെ ചിദംബരം വിശേഷിപ്പിച്ചത്. പ്രധാനമന്ത്രി സര്‍വ സൈന്യാധിപനായി മുന്നില്‍ നിന്ന് പടനയിക്കുമ്പോള്‍ നമുക്ക് പടയാളികളായി ഒപ്പം നില്‍ക്കാമന്നാണ് അദ്ദേഹം പറഞ്ഞത്.
ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള പത്തു നിര്‍ദേശങ്ങളും മുന്‍ധനകാര്യ മന്ത്രി കൂടിയായ ചിദംബരം മുന്നോട്ടു വച്ചു.
പാവപ്പെട്ടവര്‍ക്ക് ഭക്ഷണവും പണവും ലഭ്യമാക്കാന്‍ പ്രധാനമന്ത്രിയുടെ കിസാന്‍ പദ്ധതി പ്രകാരം കര്‍ഷകര്‍ക്ക് നല്‍കുന്ന തുക ഇരട്ടിയാക്കണം. അധിക തുക എത്രയും പെട്ടെന്ന് ഇവരുടെ അക്കൗണ്ടില്‍ ലഭ്യമാക്കണം. കുടികിടപ്പുകാരായ കര്‍ഷകര്‍ക്ക് 12000 രൂപ രണ്ടു ഘട്ടമായി നല്‍കണം.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് മൂവായിരം രൂപ നിക്ഷേപിക്കണം. നഗരത്തിലെ പാവപ്പെട്ടരുടെ അക്കൗണ്ടിലേക്ക് 6000 രൂപ കൈമാറ്റം ചെയ്യണം. കൂടാതെ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 10 കിലോ അരിയോ ഗോതമ്പോ പൊതുവിതരണ സമ്പ്രാദായത്തിലൂടെ നല്‍കണം.
എല്ലാ വാര്‍ഡുകളിലും അല്ലെങ്കില്‍ ബ്ലോക്കുകളിലും സര്‍ക്കാര്‍ രജിസ്റ്റര്‍ ആരംഭിക്കണം.
ലിസ്റ്റ് ചെയ്തിട്ടുള്ള ഏതെങ്കിലും വിഭാഗങ്ങള്‍ക്ക് കീഴില്‍ പ്രതിഫലം ലഭിക്കാത്താവരോട് അവരുടെ പേര്, വിലാസം, ആധാര്‍ എന്നിവ രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യപ്പെടണം. തെരുവില്‍ താമസിക്കുന്നവരും നിരാലംബരുമായവരാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുക. പരിശോധനകള്‍ക്ക് ശേഷം അവര്‍ക്ക് ബാങ്ക് അക്കൗണ്ടുകള്‍ തുറന്നു കൊടുത്ത് 3000 രൂപ അതിലേക്ക് കൈമാറ്റം നടത്തണം.
രജിസ്റ്റര്‍ ചെയ്ത എല്ലാ തൊഴിലുടമകളോടും നിലവിലെ തൊഴില്‍ സാഹചര്യങ്ങളും വേതനവും അതേപടി നിലനിര്‍ത്താനും സര്‍ക്കാര്‍ ആവശ്യപ്പെടണം. അങ്ങനെ ചെയ്യുന്ന തൊഴിലുടമകള്‍ക്ക് അവര്‍ വേതനം നല്‍കി മുപ്പത് ദിവസത്തിനുള്ളില്‍ സര്‍ക്കാര്‍ ആ തുക തിരികെ നല്‍കുമെന്ന് ഉറപ്പു നല്‍കണം.
നികുതി അടയ്ക്കുന്നതിനുള്ള സമയപരിധി ജൂണ്‍ 30 വരെ നീട്ടണം. ഇഎംഐ അടവിന്റെ തീയതി ജൂണ്‍ 30 വരെ നീട്ടാന്‍ എല്ലാ ബാങ്കുകളോടും നിര്‍ദേശിക്കുക. ഏപ്രില്‍ ഒന്നു മുതല്‍ ജൂണ്‍ 30 വരെ എല്ലാ ഉപഭോഗവസ്തുക്കളുടേയും ജിഎസ്ടി നിരക്ക് അഞ്ചു ശതമാനമായി കുറയ്ക്കണം. എന്നിവയാണ് ചിദംബരം മുന്നോട്ടു വച്ച പ്രധാന നിര്‍ദേശങ്ങള്‍
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline