ഓണ്‍ലൈന്‍ സംഭാവനയില്‍ കുതിപ്പ് ഡിജിറ്റല്‍ ഇടപാട് കുറയുന്നു

Update: 2020-04-25 12:31 GMT

ലോക്ക് ഡൗണ്‍ കാലയളവില്‍ ഇന്ത്യക്കാര്‍ ഡിജിറ്റല്‍ ഇടപാട് വെട്ടിക്കുറച്ചതായി പഠന റിപ്പോര്‍ട്ട്. 30 ദിവസത്തെ ലോക്ക് ഡൗണ്‍ കാലത്ത് 30 ശതമാനം വരെയാണ് ഡിജിറ്റല്‍ ഇടപാടുകളില്‍ കുറവുണ്ടായത്. 2016 ല്‍ നോട്ട് പിന്‍വലിക്കല്‍ നടപടി ഉണ്ടായതിനു ശേഷം ഇതാദ്യമായാണ് ഡിജിറ്റല്‍ ഇടപാടില്‍ കുറവ് വരുന്നത്. പേമെന്റ് കമ്പനിയായ റേസര്‍പേ നടത്തിയ പഠനത്തിലാണ് ഇത് വ്യക്തമായത്.

മാര്‍ച്ചില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിനു മുമ്പ് ഓണ്‍ലൈനില്‍ ചെലവഴിക്കുന്നത് 10 ശതമാനം വര്‍ധിച്ചിരുന്നു. എന്നാല്‍ ലോക്ക് ഡൗണില്‍ വീട്ടില്‍ തന്നെയിരിക്കുന്ന ആളുകള്‍ പണം ചെലവഴിക്കാന്‍ മടിക്കുന്നുവെന്നാണ് പഠനം വെളിവാക്കുന്നത്.

ഓണ്‍ലൈന്‍ സംഭാവനയ്ക്കും ഐറ്റി& സോഫ്റ്റ് വെയര്‍ സേവനങ്ങള്‍ക്കും വിനോദ പരിപാടികള്‍ക്കും മാത്രമായി ഡിജിറ്റല്‍ ഇടപാടുകള്‍ ചുരുക്കി. പഠന റിപ്പോര്‍ട്ട് പ്രകാരം ലോജിസ്റ്റിക്‌സ് മേഖലയില്‍ 96 ശതമാനം ഇടപാടുകളും ഇല്ലാതായി. ഇ കൊമേഴ്‌സ് സൈറ്റുകളുടെ സേവനം ലഭ്യമല്ലാതായതാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. ട്രാവല്‍ മേഖലയില്‍ 87 ശതമാനവും ഫുഡ് & ബിവറേജ് മേഖലയില്‍ 68 ശതമാനവും ഗ്രോസറിയില്‍ 54 ശതമാനവും ഇടിവാണ് ഉണ്ടായത്.

അതേസമയം പിഎം കെയര്‍ പോലുള്ള പദ്ധതികളുടെ ഫലമായി ഓണ്‍ലൈന്‍ സംഭാവനയുടെ കാര്യത്തില്‍ 189 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. വിവിധ സംഘടനകള്‍ കൊറോണയ്‌ക്കെതിരെ പോരാടുന്നതിന് ഓണ്‍ലൈന്‍ സംഭാവനകള്‍ തേടിയിരുന്നു.

അവശ്യവസ്തുക്കളൊഴികെ ബാക്കിയെല്ലാ സേവനങ്ങളും ഇല്ലാതായതോടെ ഫിന്‍ടെക് കമ്പനികളുടെയെല്ലാം ഇടപാടുകള്‍ കുറഞ്ഞു. പേടിഎമ്മിന് 47 ശതമാനവും ഗൂഗ്ള്‍പേയ്ക്ക് 43 ശതമാനവും ഫോണ്‍പേയ്ക്ക് 32 ശതമാനവും ഇടപാടില്‍ കുറവുണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News