2020ല്‍ വിദേശനിക്ഷേപകരുടെ ഇഷ്ടരാജ്യം ഇതായിരുന്നു!

കോവിഡ് കാലത്ത് വിദേശ നിക്ഷേപകര്‍ കൂട്ടത്തോടെ നിക്ഷേപം നടത്തിയ രാജ്യം ഇതാണ്

Update:2021-01-25 16:59 IST

Image for Representation Only 

2020ല്‍ ലോകമെമ്പാടുമുള്ള രാജ്യങ്ങളില്‍ വിദേശ നിക്ഷേപ വരവ് ഇടിഞ്ഞപ്പോള്‍ നേട്ടം കൈവരിച്ച് ഇന്ത്യ. ആഗോള തലത്തില്‍ 42 ശതമാനം ഇടിവ് രേഖപ്പെടുത്തിയപ്പോള്‍ ഇന്ത്യയില്‍ 13 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. 2019ല്‍ 1.5 ട്രില്ല്യണ്‍ ഡോളറാണ് വിദേശ നിക്ഷേപമായി വിവിധ രാജ്യങ്ങളിലേക്ക് ഒഴുകിയത്. എന്നാല്‍, യുണൈറ്റഡ് നേഷന്‍സ് കോണ്‍ഫറന്‍സ് ഓണ്‍ ട്രേഡ് ആന്റ് ഡെവലെപ്‌മെന്റ് (യുഎന്‍സിടിഎഡി) പുറത്തു വിട്ട 38ാമത് ഗ്ലോബല്‍ ഇന്‍വെസ്റ്റ്‌മെന്റ് ട്രെന്‍ഡ്‌സ് മോണിറ്റര്‍ റിപ്പോര്‍ട്ട് അനുസരിച്ച് 2020ല്‍ ഇത് 859 ബില്ല്യണ്‍ ഡോളര്‍ ആയി കുത്തനെ കുറഞ്ഞു.

വികസിത രാജ്യങ്ങളിലാണ് കൂടുതല്‍ നിക്ഷേപ ഇടിവ് രേഖപ്പെടുത്തിയത്. 69 ശതമാനം കുറവ്. 229 ബില്ല്യണ്‍ ഡോളര്‍ മാത്രമാണ് ഈ രാജ്യങ്ങള്‍ക്ക് ലഭിച്ചത്. യൂറോപ്പിലേക്ക് പൂര്‍ണമായും നിക്ഷേപ വരവ് നിലച്ചു. അമേരിക്കയില്‍ നെഗറ്റീവ് 49 ശതമാനം തളര്‍ച്ച ഉണ്ടായി. ഇന്ത്യയില്‍ ഡിജിറ്റല്‍ മേഖലയിലെ നിക്ഷേപമാണ് 13 ശതമാനം വളര്‍ച്ചയ്ക്ക് സഹായിച്ചത്.

വികസ്വര സമ്പദ് വ്യവസ്ഥകളില്‍ നെഗറ്റീവ് 12 ശതമാനം തളര്‍ച്ചയുണ്ടായി. 616 ബില്ല്യണ്‍ ഡോളര്‍ മാത്രമാണ് ലഭിച്ചത്. അതേസമയം, വിദേശ നിക്ഷേപ വരവില്‍ വികസ്വര രാജ്യങ്ങളുടെ പങ്ക് 72 ശതമാനം വരും. ആദ്യമായിട്ടാണ് ഇത്രയധികം പങ്ക് വികസ്വര രാജ്യങ്ങള്‍ക്ക് ലഭിക്കുന്നത്. ഏറ്റവും കൂടുതല്‍ വിദേശ നിക്ഷേപം എത്തിയത് ചൈനയിലേക്കാണ്.

ലാറ്റിന്‍ അമേരിക്കയില്‍ 37 ശതമാനവും, ആഫ്രിക്കയില്‍ 18 ശതമാനവും, ഏഷ്യയിലെ വികസ്വര രാജ്യങ്ങളിലേക്ക് നാല് ശതമാനം എന്നിങ്ങനെ കഴിഞ്ഞ വര്‍ഷം വിദേശ നിക്ഷേപ വരവ് കുറഞ്ഞു. മേഖല തിരിച്ചു നോക്കുമ്പോള്‍ കിഴക്കനേഷ്യയിലേക്കാണ് ഏറ്റവും കൂടുതല്‍ നിക്ഷേപം എത്തിയത്. മൊത്തം നിക്ഷേപത്തിന്റെ മൂന്നിലൊന്നും ഈ മേഖലയിലെ രാജ്യങ്ങള്‍ക്ക് ലഭിച്ചു.

2021ലും വിദേശ നിക്ഷേപ വരവ് ദുര്‍ബലമായിരിക്കുമെന്ന് റിപ്പോര്‍ട്ട് പ്രവചിക്കുന്നു.

മഹാമാരിയുടെ പുതിയ തരംഗവുമായി ബന്ധപ്പെട്ടുള്ള റിസ്‌കുകള്‍, വാക്‌സിനേഷന്‍ പദ്ധതിയുടെ വേഗത, സാമ്പത്തിക പാക്കേജുകള്‍, പ്രധാനപ്പെട്ട വളരുന്ന വിപണികളിലെ മാക്രോഇക്കണോമിക് സാഹചര്യങ്ങള്‍, നിക്ഷേപ സാഹചര്യത്തിനു വേണ്ടിയുള്ള ആഗോള നയത്തിലെ അനിശ്ചിതാവസ്ഥ എന്നിവ 2021ലും വിദേശ നിക്ഷേപ വരവിനെ സ്വാധീനിക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.


Tags:    

Similar News