സംരംഭകര്‍ക്ക് പ്രതീക്ഷ; 50,000 കോടി രൂപ മുതല്‍ മുടക്കില്‍ വ്യവസായ ഇടനാഴികള്‍
കൊച്ചി-പാലക്കാട് ഐടി ഇന്‍ഡസ്ട്രിയല്‍ ഇടനാഴി ചെന്നൈ-ബംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ടെന്നും മന്ത്രി തോമസ് ഐസക്. വിശദാംശങ്ങളറിയാം.
സംസ്ഥാനത്തിന്റെ വികസനത്തില്‍ നാഴികകല്ലായി മാറുന്ന മൂന്ന് സുപ്രധാന വ്യവാസ ഇടനാഴികളുടെ പ്രഖ്യാപനം ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിലെ ഹൈലൈറ്റ് ആയിരുന്നു. വ്യവസായ കേരളത്തിന് പ്രതീക്ഷ നല്‍കിക്കൊണ്ട് കൊച്ചി-പാലക്കാട്, കൊച്ചി-മംഗലാപുരം, ക്യാപിറ്റല്‍ സിറ്റി റീജ്യണ്‍ പ്രോഗ്രാം എന്നിവയാണ് ബജറ്റില്‍ പ്രഖ്യാപിച്ച മൂന്ന് വ്യവസായ ഇടനാഴികള്‍. ഈ മൂന്നു മെഗാ പദ്ധതികള്‍ക്കുമായി അമ്പതിനായിരം കോടി രൂപയാണ് മുതല്‍ മുടക്ക് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി വിശദമാക്കി.
കൊച്ചി-പാലക്കാട് ഐടി വ്യവസായ ഇടനാഴി, ചെന്നൈ-ബംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ഇതിനായി പാലക്കാടും കൊച്ചിയിലുമായി 2321 ഏക്കര്‍ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ നടന്നുവരികയാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് അമ്പത് ശതമാനം പങ്കാളിത്തമുള്ള സ്പെഷ്യല്‍ പര്‍പ്പസ് കമ്പനിയാണ് കൊച്ചി-പാലക്കാട് ഐടി ഇന്‍ഡസ്ട്രിയല്‍ ഇടനാഴി പദ്ധതി നടപ്പിലാക്കുക. 10000 കോടി രൂപയുടെ നിക്ഷേപമാണ് ഈ പദ്ധതിയില്‍ ഉണ്ടാകുക.
കൊച്ചി-മംഗലാപുരം ഇടനാഴി യാഥാര്‍ത്ഥ്യമാക്കുന്ന മലബാറിന്റെ വികസം ലക്ഷ്യമിട്ടാണ്. ഇതിന്റെ മാസ്റ്റര്‍ പ്ലാന്‍ ഉള്‍പ്പടെ തയ്യാറാകേണ്ടതുണ്ട്. പദ്ധതിയുടെ ഭാഗമായി കണ്ണൂര്‍ വിമാനത്താവളത്തിന് സമീപത്ത് അയ്യായിരം ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിന് പതിനായിരം കോടി രുപ കിഫ്ബിയില്‍ നിന്നും അനുവദിച്ചിട്ടുണ്ട്.
ആദ്യ ഘട്ടത്തില്‍ തന്നെ ഗ്ലോബല്‍ ഇന്‍ഡസ്ട്രിയല്‍ ഫിനാന്‍സ് ആന്റ് ട്രേഡ് സിറ്റി, ഫിന്‍ ടെക്ക് സിറ്റി, ഹൈടെക്ക് സിറ്റി എന്നിവ അയ്യംപുഴയിലെ 220 ഹെക്ടര്‍ സ്ഥലത്ത് സ്ഥാപിക്കും. ഈ വ്യവസായിക ഇടനാഴിയില്‍ ആദ്യമായി പ്രവര്‍ത്തനക്ഷമമാവാന്‍ പോവുന്ന കേന്ദ്രം ഇതായിരിക്കും. ഇതിനായി 20 കോടി രൂപ ഇതിന് വകയിരുത്തി.
മൂന്നാമത്തേത് ക്യാപ്പിറ്റല്‍ സിറ്റി റീജ്യന്‍ ഡെവലപ്പ്മെന്റ് പ്രോഗ്രാമാണ്. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെടുത്തി വിഴിഞ്ഞം മുതല്‍ നാവായിക്കുളം വരെ 78 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ആറുവരിപ്പാത സ്ഥാപിക്കും. അതിന്റെ ഇരുവശങ്ങളിലുമായി നോളജ് ഹബ്ബുകളും സ്ഥാപിക്കുമെന്നും ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു.
കൂടുതല്‍ ലൈവ് അപ്‌ഡേറ്റുകള്‍ക്ക് ക്ലിക്ക് ചെയ്യുക: കേരള ബജറ്റ് 2021
https://dhanamonline.com/economy/the-agricultural-sector-will-wake-up-but-the-practical-difficulties-are-many-budget-2021-highlights-766451