വീട്ടമ്മമാര്‍ക്ക് പ്രതിമാസ 'വേതനവുമായി' സ്റ്റാലിന്‍ സര്‍ക്കാര്‍

കലൈഞ്ജര്‍ മഗളിര്‍ ഉറിമൈ തൊഗൈ തിട്ടം പദ്ധതി: ഗുണഭോക്താക്കള്‍ ഒരുകോടിയിലേറെ

Update:2023-09-14 13:40 IST

Image : TN Govt website

തമിഴ്‌നാട്ടിലെ ഒരുകോടിയിലധികം വീട്ടമ്മമാര്‍ക്ക് പ്രതിമാസം 1,000 രൂപവീതം ധനസഹായം നല്‍കാന്‍ എം.കെ. സ്റ്റാലിന്‍ സര്‍ക്കാര്‍. 'കലൈഞ്ജര്‍ മഗളിര്‍ ഉറിമൈ തൊഗൈ തിട്ടം' എന്ന പദ്ധതിക്ക് നാളെ (സെപ്റ്റംബര്‍ 15) കാഞ്ചീപുരത്ത് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ തുടക്കമിടും. കുടുംബനാഥകളായ 1.06 കോടി വീട്ടമ്മമാര്‍ക്കാണ് പദ്ധതിയിലൂടെ സഹായം ലഭിക്കുക.

മുന്‍ മുഖ്യമന്ത്രി സി.എന്‍. അണ്ണാദുരൈയുടെ ജന്മദിനമാണ് നാളെ. അദ്ദേഹത്തോടുള്ള ആദരസൂചകമായി കൂടിയാണ് നാളെ പദ്ധതിക്ക് അദ്ദേഹത്തിന്റെ ജന്മസ്ഥലമായ കാഞ്ചീപുരത്ത് തുടക്കമിടുന്നത്. 7,000 കോടി രൂപ പദ്ധതിക്കായി വകയിരുത്തിയിട്ടുണ്ടെന്ന് സ്റ്റാലിന്‍ അടുത്തിടെ വ്യക്തമാക്കിയിരുന്നു.
പദ്ധതിയിലേക്കായി 1.63 കോടിപ്പേരുടെ അപേക്ഷ സര്‍ക്കാരിന് ലഭിച്ചിരുന്നു. ഇതില്‍ നിന്നാണ് 1.06 കോടി അര്‍ഹരെ തിരഞ്ഞെടുത്തത്. പദ്ധതിയെക്കുറിച്ച് എസ്.എം.എസ് വഴി ഗുണഭോക്താക്കളെ അറിയിക്കുമെന്നും സ്റ്റാലിന്‍ പറഞ്ഞിരുന്നു.
ട്രാന്‍സ്‌ജെന്‍ജറുകള്‍ക്കും ലഭിക്കും
എം.കെ. സ്റ്റാലിന്‍ നയിക്കുന്ന ഡി.എം.കെ സര്‍ക്കാര്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തേക്കായി കഴിഞ്ഞ മാര്‍ച്ചില്‍ അവതരിപ്പിച്ച ബജറ്റിലാണ് ഈ ക്ഷേമ പദ്ധതി പ്രഖ്യാപിച്ചത്. ''പദ്ധതിയെ സര്‍ക്കാര്‍ സഹായമായല്ല, നിങ്ങളുടെ അവകാശമായി കാണണം'' എന്ന് സ്റ്റാലിന്‍ പറഞ്ഞിരുന്നു.
21 വയസിനുമേല്‍ പ്രായമുള്ള കുടുംബനാഥകളായ വീട്ടമ്മമാര്‍, ട്രാന്‍സ്‌ജെന്‍ഡറുകള്‍ എന്നിവരാണ് പദ്ധതിവഴിയുള്ള ധനസഹായത്തിന് അര്‍ഹര്‍. പ്രതിവര്‍ഷ കുടുംബ വരുമാനം 2.5 ലക്ഷം രൂപയില്‍ കവിയരുത്. സ്വന്തം പേരില്‍ 10 ഏക്കറില്‍ താഴെ ഭൂമിയേ ഉണ്ടാകാവൂ. കുടുംബത്തിന്റെ പ്രതിവര്‍ഷ വൈദ്യുതി ഉപഭോഗം 3,600 യൂണിറ്റില്‍ താഴെയായിരിക്കണം എന്നിങ്ങനെയും നിബന്ധനകളുണ്ട്.

ഇവര്‍ അയോഗ്യര്‍

കേന്ദ്ര-സംസ്ഥാന ജീവനക്കാര്‍, പൊതുമേഖലാ ജീവനക്കാര്‍, ബാങ്ക് ജീവനക്കാര്‍, ആദായനികുതി അടയ്ക്കുന്നവര്‍, പ്രൊഫഷണല്‍ നികുതിദായകര്‍, പെന്‍ഷന്‍ കിട്ടുന്നവര്‍, ജനപ്രതിനിധികള്‍, കാര്‍ ഉള്ളവര്‍ എന്നിവര്‍ക്ക് പദ്ധതിയില്‍ ചേരാനാവില്ല.
Tags:    

Similar News