സമ്പദ്‌വ്യവസ്ഥയില്‍ അടിയന്തര ഉണര്‍വ് ഉണ്ടാകില്ല: ക്രിസില്‍

Update: 2020-02-03 09:20 GMT

നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ് സമ്പദ്‌വ്യസ്ഥയ്ക്ക് അടിയന്തര ഉത്തേജനമേകുമെന്ന് പ്രതീക്ഷിക്കേണ്ടതില്ലെന്ന നിരീക്ഷണവുമായി ആഭ്യന്തര റേറ്റിംഗ് ഏജന്‍സി ക്രിസില്‍. ബജറ്റിലൂടെ സര്‍ക്കാര്‍ ഉദ്ദേശിക്കുന്ന ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്ന കാര്യം സംശയമാണെന്നും ക്രിസില്‍ വ്യക്തമാക്കി.

വളര്‍ച്ചാ ലക്ഷ്യം, ഗ്രാമീണ ഉപഭോഗം എന്നിവ സംബന്ധിച്ച് ചെറിയ കാലം കൊണ്ട് വലിയ പുരോഗതി ഉണ്ടാകുമോ എന്ന കാര്യത്തില്‍ റേറ്റിംഗ് ഏജന്‍സി സംശയം പ്രകടിപ്പിച്ചു.ആഭ്യന്ര സമ്പദ്‌വ്യവസ്ഥ ഈ ദശാബ്ദത്തിലെ ഏറ്റവും മോശം വളര്‍ച്ചാമുരടിപ്പിലൂടെയാണ് കടന്നുപോകുന്നതെന്ന അഭിപ്രായം റേറ്റിംഗ് ഏജന്‍സി ആവര്‍ത്തിച്ചു. ജിഡിപി 2020 -21 സാമ്പത്തിക വര്‍ഷത്തില്‍ പ്രതീക്ഷിക്കുന്ന 5.7-6.6 ശതമാനം എത്തിപ്പിടിക്കുകയാണെങ്കില്‍, അതിനെ 11 വര്‍ഷത്തെ ഏറ്റവും ചെറിയ വളര്‍ച്ചാ നിരക്കായ ഇപ്പോഴത്തെ അഞ്ച് ശതമാനത്തില്‍ നിന്നുളള മുന്നേറ്റമായി കണക്കാക്കാം.

സാമ്പത്തിക വിദഗ്ധരില്‍ നിന്നും ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും സമ്മിശ്ര പ്രതികരണമാണ് ബജറ്റിന് ലഭിക്കുന്നത്. സമ്പദ്വ്യവസ്ഥ ബുദ്ധിമുട്ടിലായിരിക്കവേ കാതലായ നികുതി പരിഷ്‌കാരങ്ങളും ഉയര്‍ന്ന സര്‍ക്കാര്‍ മൂലധന വിന്യാസവും ബജറ്റിലൂടെ പ്രതീക്ഷിച്ചത് വെറുതെയായെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, ചെലവും ധനാരോഗ്യവും സന്തുലിതമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് വളര്‍ച്ചയ്ക്ക് പെട്ടെന്നുള്ള പ്രേരണ നല്‍കില്ലെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. മണ്‍സൂണ്‍, ആഗോള അസംസ്‌കൃത എണ്ണ വില എന്നിവയുടെ ഗതിയാണ് ഇനി നിര്‍ണ്ണായകം.

നിക്ഷേപ ഇന്‍ഷുറന്‍സ് പരിധി വര്‍ദ്ധന മൂലം ബാങ്കുകളുടെ ബാധ്യത ഉയരുമെന്ന് നോമുറ പറഞ്ഞു. 2020 ലെ ബജറ്റില്‍ വലിയ ഉത്തേജന സാധ്യത കണ്ടെത്താനായില്ലെന്ന് ബാങ്ക് ഓഫ് അമേരിക്ക മെറില്‍ ലിഞ്ച് ചൂണ്ടിക്കാട്ടി.അതേസമയം, ഓഹരി വിപണിയിലെ നൈരാശ്യം കുറച്ചുകാലത്തേക്കേ ഉണ്ടാകൂ എന്നും ധനകാര്യ സ്ഥാപനം കരുതുന്നു.മിതമായ നിരക്കില്‍ ഭവന നിര്‍മ്മാണത്തിന് നികുതിയിളവ് നല്‍കുന്നത് മൊത്തം ഡിമാന്‍ഡ് പ്രവണതകളെ ബാധിക്കില്ലെന്ന് വിദേശ സ്ഥാപനം പറഞ്ഞു.

'സര്‍ക്കാര്‍ ചെലവുകളില്‍ വരുന്ന വെട്ടിക്കുറവ് വളര്‍ച്ചയ്ക്കു ഗുണകരമാകില്ല. നികുതി നഷ്ടത്തില്‍ വലിയൊരു പങ്കും സംസ്ഥാനങ്ങള്‍ വഹിക്കേണ്ടിവരുന്നത് അപകടസാധ്യത ജനിപ്പിക്കും' ക്രെഡിറ്റ് സ്യൂസെ പറഞ്ഞു.സമ്മര്‍ദ്ദത്തിലായ റിയാല്‍റ്റി, ധനകാര്യ സേവനങ്ങള്‍ക്കു പ്രയോജനപ്പെടുന്ന നയങ്ങളുടെ അഭാവം വിപണിയെ നിരാശപ്പെടുത്തിയേക്കും.പ്രതീക്ഷിക്കുന്നതിലേറെ കാലം വിപണിയിലെ വളര്‍ച്ച കുറയാനിടയുണ്ട്. വളര്‍ച്ചാ പുനരുജ്ജീവനത്തിന് കുറഞ്ഞ പലിശനിരക്ക് അത്യാവശ്യമാണ്.

ഉയര്‍ന്ന കസ്റ്റംസ് തീരുവ ഹാവെല്‍സ്, ക്രോംപ്ടണ്‍ ഗ്രീവ്‌സ് കണ്‍സ്യൂമര്‍ ഇലക്ട്രിക്കല്‍സ്, ടിടികെ എന്നിവയ്ക്കു പ്രയോജനകരമാകുമെന്നതില്‍ ക്രെഡിറ്റ് സ്യൂസെയ്ക്കു പ്രതീക്ഷയുണ്ട്.നിക്ഷേപ ഇന്‍ഷുറന്‍സ് പരിധി വര്‍ദ്ധന ചെറിയ സ്വകാര്യ ബാങ്കുകള്‍ക്കു ഗുണം ചെയ്യും.അതേസമയം, എന്‍ബിഎഫ്‌സികള്‍ പുലര്‍ത്തിയ പ്രതീക്ഷകള്‍ അസ്ഥാനത്തായെന്ന് ക്രെഡിറ്റ് സ്യൂസെ ചൂണ്ടിക്കാട്ടി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News