കൊറോണ: 348 ദശലക്ഷം ഡോളര്‍ വ്യാപാര നഷ്ട സാധ്യത ഇന്ത്യക്ക്

Update: 2020-03-05 12:10 GMT

കൊറോണ വൈറസ് പടര്‍ന്നതു മൂലമുള്ള ഇന്ത്യയുടെ വ്യാപാരനഷ്ടം ഏകദേശം 348 ദശലക്ഷം ഡോളര്‍ ആയിരിക്കുമെന്ന് ഐക്യരാഷ്ട്രസഭയുടെ വ്യാപാര, വികസന സമിതിയായ അണ്‍ക്ടാഡ് കണക്കാക്കുന്നു. ചൈനയിലെ ഉല്‍പ്പാദനം മന്ദഗതിയിലായതിനാല്‍ ഏറ്റവും കൂടുതല്‍ വ്യാപാര മാന്ദ്യം ബാധിച്ച മികച്ച 15 സമ്പദ്വ്യവസ്ഥകളുടെ നഷ്ട വിശകലനത്തിലാണ് ഈ വിവരമുള്ളത്.

കൊറോണ വൈറസ് ബാധയുടെ അനന്തര ഫലമായി ആഗോള കയറ്റുമതി 50 ബില്ല്യണ്‍ ഡോളര്‍ കുറയും. സൂക്ഷ്മ പ്രക്രിയാ ഉപകരണങ്ങള്‍, യന്ത്രങ്ങള്‍, ഓട്ടോമോട്ടീവ് - ആശയവിനിമയ ഉപകരണങ്ങള്‍ എന്നിവയാണ് ഉല്‍പ്പാദന മാന്ദ്യം ഏറ്റവും കൂടുതല്‍ ബാധിച്ച മേഖലകള്‍.

യൂറോപ്യന്‍ യൂണിയന്‍ (15.6 ബില്യണ്‍ ഡോളര്‍), അമേരിക്ക (5.8 ബില്യണ്‍), ജപ്പാന്‍ (5.2 ബില്യണ്‍), ദക്ഷിണ കൊറിയ (3.8 ബില്യണ്‍), തായ്വാന്‍ (2.6 ബില്യണ്‍ , വിയറ്റ്‌നാം(2.3 ബില്യണ്‍) എന്നിവയാണ് ഏറ്റവും കൂടുതല്‍ നഷ്ടം നേരിടുന്ന സമ്പദ്വ്യവസ്ഥകള്‍.

ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടാകുന്ന 15 സമ്പദ്വ്യവസ്ഥകളിലൊന്നാണ് ഇന്ത്യ. പക്ഷേ, യൂറോപ്യന്‍ യൂണിയന്‍, യുഎസ്, ജപ്പാന്‍, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യയുടെ വ്യാപാര ആഘാതം കുറവാണ്. 348 ദശലക്ഷം ഡോളറാകും തുക. 312 ദശലക്ഷം ഡോളറാണ് ഇന്തോനേഷ്യയുടെ വ്യാപാര ആഘാതം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News