കേരളത്തിന്റെ ബിസിനസ് ജെറ്റ് ടെര്‍മിനല്‍ തുറക്കാന്‍ ഇനി രണ്ടുനാള്‍ കൂടി; സാധ്യതകള്‍ ഇങ്ങനെ
പുതിയ ബിസിനസ് ജെറ്റ് ടെര്‍മിനല്‍ വരുന്നതോടെ സിയാലിന്റെ വരുമാനം വര്‍ധിക്കും. കൂടാതെ നിരവധി തൊഴിലവസരങ്ങളും ജനങ്ങള്‍ക്ക് ലഭിക്കും
അതിസമ്പന്നരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. അവരുടെ ബിസിനസുകളും അന്താരാഷ്ട്ര തലത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്നു. ഈ ബിസിനസുകളുടെ വിപുലീകരണത്തിനും മറ്റുമായി വിവിധ രാജ്യങ്ങിളില്‍ അവര്‍ക്ക് യാത്ര ചെയ്യേണ്ടി വരുന്നു. അതിനായി പലരും ആശ്രയിക്കുന്നത് ചാര്‍ട്ടേഡ്, സ്വകാര്യ വിമാനങ്ങളാണ്. അതുകൊണ്ട് തന്നെ കേരളത്തിന്റെ വ്യാവസായിക തലസ്ഥാനമായ കൊച്ചിയില്‍ ഇത്തരം ചാര്‍ട്ടേഡ്, സ്വകാര്യ വിമാനങ്ങള്‍ക്കും, രാജ്യാന്തര സമ്മേളനങ്ങള്‍, ബിസിനസ് മീറ്റുകള്‍ എന്നിവയ്ക്കുമെല്ലാമായി നല്ലൊരു സൗകര്യം ഏര്‍പ്പെടുത്തിയാലോ.
അതെ, കൊച്ചിയിലും എത്തുകയാണ് ഇത്തരമൊരു സൗകര്യം. ഇന്ത്യയിലെ ഏറ്റവും വലുതും ആധുനികവുമായ ബിസിനസ് ജെറ്റ് ടെര്‍മിനല്‍ ജനങ്ങള്‍ക്ക് നല്‍കികൊണ്ട് ലോകത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ സോളാര്‍ വിമാനത്താവളവമായ കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാല്‍) പുതിയൊരു ചുവടുവെയ്പ്പിന് തുടക്കമിടുകയാണ്. ഇത് സ്വകാര്യ, ചാര്‍ട്ടര്‍ വിമാനങ്ങള്‍ക്ക് മാത്രമായൊരു ടെര്‍മിനലാണ്. ഡിസംബര്‍ 10ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്യുന്നതോടെ രാജ്യത്തെ ആദ്യത്തെ 'ചാര്‍ട്ടര്‍ ഗേറ്റ് വേ' എന്ന ആശയം സാധ്യമാകും.
ചെറിയ ചെലവും മികച്ച സൗകര്യങ്ങളും
നിലവില്‍ സിയാലിന് രണ്ട് ടെര്‍മിനലുകളാണുള്ളത്. ആഭ്യന്തരയാത്രയ്ക്ക് ടെര്‍മിനല്‍ ഒന്നും രാജ്യാന്തര യാത്രയ്ക്കായി ടെര്‍മിനല്‍ മൂന്നും. സിയാലിലെ രണ്ടാം ടെര്‍മിനലിലാണ് പുതിയ ബിസിനസ് ജെറ്റ് ടെര്‍മിനല്‍ സ്ഥാപിച്ചത്. 30 കോടി രൂപ മുടക്കി 40,000 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ 10 മാസത്തിനുള്ളിലാണ് ടെര്‍മിനല്‍ പൂര്‍ത്തിയാക്കിയത്. ചെലവ് കുറച്ച് നിര്‍മിച്ചതിനാല്‍ തന്നെ താരതമ്യേന കുറഞ്ഞ ചെലവില്‍ ബിസിനസ് ജെറ്റ് യാത്ര സാധ്യമാക്കുക എന്നതാണ് സിയാല്‍ മുന്നോട്ടുവയ്ക്കുന്നത്.
ചാര്‍ട്ടേഡ്, സ്വകാര്യ വിമാനങ്ങള്‍ക്കും യാത്രക്കാര്‍ക്കും പ്രത്യേകമായ സേവനം ബിസിനസ് ജെറ്റ് ടെര്‍മിനല്‍ ഉറപ്പാക്കും. ഡ്രൈവ് ഇന്‍ പോര്‍ച്ച്, സ്വകാര്യ കാര്‍ പാര്‍ക്കിങ് ഇടം, അഞ്ച് ലോഞ്ചുകള്‍, കസ്റ്റംസ്, ബിസിനസ് സെന്റര്‍, ചെക്ക്-ഇന്‍, ഇമിഗ്രേഷന്‍, ആരോഗ്യ-സുരക്ഷാ സംവിധാനങ്ങള്‍, ഡ്യൂട്ടി ഫ്രീ ഷോപ്പ്, ഫോറിന്‍ എക്സ്ചേഞ്ച് കൗണ്ടര്‍, അത്യാധുനിക വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം എന്നിങ്ങനെ വിവിധ സൗകര്യങ്ങള്‍ ബിസിനസ് ജെറ്റ് ടെര്‍മിനലില്‍ ഒരുക്കിയിട്ടുണ്ട്.
വളര്‍ച്ചയും സാധ്യതകളും
ഇത്രയും സൗകര്യങ്ങളോടെ എത്തുന്ന പുതിയ ബിസിനസ് ജെറ്റ് ടെര്‍മിനല്‍ തീര്‍ച്ചയായും ഇത്തരം വിമാനങ്ങള്‍ക്ക് നല്‍കുന്നത് ലോകത്തെ തന്നെ ഏറ്റവും മികച്ച അനുഭവമായിരിക്കും. അതുകൊണ്ട് തന്നെ ഇത്തരം വിമാനങ്ങളുടെ മെയിന്റനന്‍സ്, പാര്‍ക്കിംഗ്, ഇന്ധനം തുടങ്ങിയ കാര്യങ്ങള്‍ക്കായി കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് നല്ലൊരു തുക ഇടാക്കാനാകും. അങ്ങനെ പുതിയ ബിസിനസ് ജെറ്റ് ടെര്‍മിനല്‍ വരുന്നതോടെ സിയാലിന്റെ വരുമാനം വര്‍ധിക്കുകയും അതുവഴി കേരളത്തിന്റെ സാമ്പത്തിക രംഗം മെച്ചപ്പെടുകയും ചെയ്യും.
കൊച്ചിയിലെ ഈ ബിസിനസ് ജെറ്റ് ടെര്‍മിനല്‍ മുന്നോട്ട് വയ്ക്കുന്ന തൊഴിലവസരങ്ങളും ചെറുതല്ല. വളരെ മികച്ച വേതനം ഉറപ്പാക്കുന്ന നിരവധി തൊഴിലവസരങ്ങളും ഇത് ഉറപ്പാക്കുന്നു. പുതിയ ഈ ബിസിനസ് ജെറ്റ് ടെര്‍മിനലിലൂടെ സംസ്ഥാനത്തിന്റെ ടൂറിസം മേഖലയില്‍ പുതിയൊരു ഉണര്‍വിന്റെ സാധ്യത തുറക്കുകയാണെന്ന് സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ എസ്. സുഹാസ് ഐഎഎസ് പറഞ്ഞു. രാജ്യാന്തര സമ്മേളനങ്ങള്‍, ബിസിനസ് മീറ്റുകള്‍, അന്താരാഷ്ട്ര ഉച്ചകോടികള്‍ എന്നിവ കൊച്ചിയില്‍ നടത്താന്‍ പുതിയ ബിസിനസ് ജെറ്റ് ടെര്‍മിനല്‍ സഹായിക്കും. 2023-ല്‍ ജി-20 മിനിസ്റ്റീരിയല്‍ സമ്മേളനത്തിന് കേരളം വേദിയാകുമെന്നും അഭ്യൂഹങ്ങളുണ്ട്. അങ്ങനെയെങ്കില്‍ ഈ പുതിയ ബിസിനസ് ജെറ്റ് ടെര്‍മിനല്‍ ഇതില്‍ വലിയ പങ്ക് വഹിക്കും.
കൊച്ചിയെ ഇത്തരത്തില്‍ അന്താരാഷ്ട്ര തലത്തില്‍ വളര്‍ത്തുന്നതിലേക്കുള്ള ചുവടുവയപ്പാണ് ബിസിനസ് ജെറ്റ് ടെര്‍മിനലിലൂടെ സാധ്യമാകുന്നുത്. അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന വ്യോമയാന വ്യവസായവും ബിസിനസ്സ് ജെറ്റുകളുടെ വര്‍ധിച്ചുവരുന്ന ഡിമാന്‍ഡും വിപണിയുടെ വളര്‍ച്ചയെ നയിക്കും. അതെ ബിസിനസ് ജെറ്റ് ടെര്‍മിനല്‍ മുന്നോട്ട് വയ്ക്കുന്നത് മികച്ച വളര്‍ച്ചയും വിവിധ സാധ്യതകളുമാണ്.