പുനസ്ഥാപിക്കലല്ല, ലക്ഷ്യം പുതിയ കേരളമെന്ന് മുഖ്യമന്ത്രി; യുഎഇ 700 കോടി നല്‍കും

Update: 2018-08-21 08:09 GMT

തകര്‍ന്ന കേരളത്തെ അതേപടി പുനസ്ഥാപിക്കലല്ല, മറിച്ച് ഒരു പുതിയ കേരളത്തെ സൃഷ്ടിച്ചെടുക്കലാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

സംസ്ഥാനത്തിന്റെ വായ്പാപരിധി ഉയര്‍ത്താന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

നിലവിലെ വായ്പാപരിധി ആഭ്യന്തര വരുമാനത്തിന്റെ 3 ശതമാനമാണ്. ഇത് 4.5 ശതമാനമായി ഉയര്‍ത്താന്‍ കേന്ദ്രത്തോട് ആവശ്യപ്പെടും. ഇതിലൂടെ 10,500 കോടി രൂപ അധികം വിപണിയില്‍ നിന്ന് സമാഹരിക്കാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, യുഎഇ ഭരണകൂടം കേരളത്തിന് 700 കോടി രൂപ സഹായം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ അറിയിച്ചിട്ടുണ്ട്. പ്രമുഖ വ്യവസായി എം.എ.യൂസഫലിയാണ് ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചത്.

ദീര്‍ഘകാല പദ്ധതികള്‍ക്ക് നബാര്‍ഡിന്റെ സഹായം തേടാനും മന്തിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്. തൊഴിലുറപ്പു പദ്ധതിക്ക് ഉള്‍പ്പെടെ 2,600 കോടിയുടെ പാക്കേജ് വേണം. പ്രത്യേക പദ്ധതി കേന്ദ്രത്തിനു സമര്‍പ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ദുരിതാശ്വാസത്തിനും പുനരധിവാസത്തിനും ബൃഹദ് പദ്ധതിയുണ്ടാക്കും. ജിഎസ്ടിയില്‍ 10 ശതമാനം സെസ് ഏര്‍പ്പെടുത്തുമെന്നും ഈ തുക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കു വിനിയോഗിക്കുമെന്നും മുഖ്യമന്തി അറിയിച്ചു.

കേരളത്തിന് ഇന്ത്യയ്ക്കകത്തും പുറത്തുനിന്നും സഹായ പ്രവാഹമാണ്. കേന്ദ്ര സർക്കാരിന്റെ 600 കോടി രൂപയുടെ ഫണ്ടിന് പുറമേ വിവിധ സംസ്ഥാന സർക്കാരുകൾ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

തമിഴ് നാട്: 10 കോടി

ആന്ധ്രാപ്രദേശ്: 10 കോടി

പുതുച്ചേരി: ഒരു കോടി

ജാർഖണ്ഡ്: അഞ്ച് കോടി

മഹാരാഷ്ട്ര: 20 കോടി

ഗുജറാത്ത്: 10 കോടി

പഞ്ചാബ്: 10 കോടി

തെലങ്കാന: 25 കോടി

ബീഹാർ: 10 കോടി

ഹരിയാന: 10 കോടി

ഹിമാചൽ പ്രദേശ്: 5 കോടി

ഉത്തരാഖണ്ഡ്: 5 കോടി

ചണ്ഡീഗഡ്: 3 കോടി

മധ്യപ്രദേശ്: 10 കോടി

കർണാടകം: 10 കോടി

പശ്ചിമ ബംഗാൾ: 10 കോടി

മണിപ്പൂർ: 2 കോടി

ത്രിപുര: ഒരു കോടി

കൂടാതെ നിരവധി വ്യവസായികളും, ടെലിവിഷൻ ചാനലുകളും, സിനിമാ താരങ്ങളും, സന്നദ്ധ സംഘടനകളും സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാനത്തിന്റെ പുനരുദ്ധാരണത്തിന് ആവശ്യമായ ഫണ്ടുകൾ ലഭിക്കുന്നതോടെ, നിർമ്മാണ പ്രവൃത്തികൾ വേഗത്തിലാകുകയും ഇത് സാമ്പത്തിക വളർച്ച ത്വരിത ഗതിയിലാക്കാൻ സഹായിക്കുകയും ചെയ്യുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

Similar News