രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് കുത്തനെ ഉയരുന്നു
കഴിഞ്ഞവര്‍ഷത്തെ സമ്പൂര്‍ണ ലോക്ക്ഡൗണിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലാണ് ഈ മാസത്തെ തൊഴിലില്ലായ്മ നിരക്ക്
കോവിഡ് രണ്ടാം തരംഗം രൂക്ഷമായതിന് പിന്നാലെ രാജ്യത്തെ തൊഴിലില്ലായ്മ നിരക്കും കുത്തനെ ഉയരുന്നു. വിവിധ സംസ്ഥാനങ്ങള്‍ ലോക്ക്ഡൗണുകളും നിയന്ത്രണങ്ങളുമേര്‍പ്പെടുത്തിയതാണ് തൊഴിലില്ലായ്മ വര്‍ധിക്കാന്‍ കാരണം. കഴിഞ്ഞവര്‍ഷം സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ ഏപ്രിലിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലാണ് ഈ മാസത്തെ തൊഴിലില്ലായ്മ നിരക്ക്.
മെയ് 16 വരെയുള്ള കണക്കുകള്‍ പ്രകാരം 14.5 ശതമാനമാണ് രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക്. ഏപ്രിലില്‍ ഇത് എട്ട് ശതമാനമായിരുന്നുവെന്ന് സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കണോമിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ സാധാരണ തൊഴിലില്ലായ്മ നിരക്ക് 8.8 ശതമാനമായിരുന്നു.
മാര്‍ച്ചില്‍ 6.5 ശതമാനമായിരുന്ന തൊഴിലില്ലായ്മ നിരക്കാണ് കോവിഡ് രണ്ടാം തരംഗത്തിന്റെ വരവോടെ കുത്തനെ ഉയര്‍ന്നത്. അതേസമയം കുടുംബങ്ങളുടെ വരുമാനത്തില്‍ വന്‍ കുറവുണ്ടായിട്ടുണ്ട്. 55.5 ശതമാനം കുടുംബങ്ങളുടെ വരുമാനം കുറഞ്ഞപ്പോള്‍ 41.5 ശതമാനം കുടുംബങ്ങളുടെ വരുമാനത്തില്‍ മാറ്റമൊന്നുമുണ്ടായിട്ടില്ല. അതേസമയം 3.1 ശതമാനം കുടുംബങ്ങളുടെ വരുമാനത്തില്‍ വര്‍ധനവുമുണ്ടായതായി കണക്കുകള്‍ പറയുന്നു.