കേന്ദ്ര ബജറ്റ് 2022: ശ്രദ്ധേയമാകും ഈ കണക്കുകള്‍

കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതും മാനുഫാക്ചറിംഗ് രംഗത്തിന് ഉണര്‍വേകുന്നതും ഗ്രാമീണ കാര്‍ഷിക സമ്പദ് വ്യവസ്ഥയ്ക്കും പശ്ചാത്തല സൗകര്യ വികസനത്തിനും ഊന്നല്‍ നല്‍കുന്നതുമാകും ബജറ്റെന്ന് പരക്കെ പ്രതീക്ഷ

Update:2022-02-01 11:00 IST

കേന്ദ്ര ബജറ്റ് അവതരണത്തിന് അല്‍പ്പം സമയം മാത്രം ശേഷിക്കേ ഈ ബജറ്റില്‍ നിര്‍ണായകമാവുന്ന കണക്കുകള്‍ ഏതൊക്കെയാവുമെന്ന് നോക്കാം.

കോവിഡ് ചെലവ്: നടപ്പ് സാമ്പത്തിക വര്‍ഷത്തിലും വരുന്ന സാമ്പത്തിക വര്‍ഷത്തിലും വാക്‌സിനേഷന് വകയിരുത്തുന്ന തുക രാജ്യം ഉറ്റുനോക്കുന്ന കണക്കാണ്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ വാക്‌സിന്‍ വിതരണത്തിനായി 35,000 കോടി രൂപയാണ് വകയിരുത്തിയിരുന്നത്.

ധനക്കമ്മി: സര്‍ക്കാരിന്റെ മൊത്ത ചെലവും വായ്പ ഒഴികെയുള്ള മൊത്ത വരുമാനവും തമ്മിലുള്ള അന്തരമാണിത്. 2022-23ലെ ധനക്കമ്മി എത്രയായിരിക്കുമെന്നത് ശ്രദ്ധേയമാണ്.

ഓഹരിവില്‍പ്പന/സ്വകാര്യവല്‍ക്കരണം: കേന്ദ്ര ബജറ്റില്‍ വിഭാവനം ചെയ്യുന്ന ഓഹരി വില്‍പ്പന ലക്ഷ്യം ഇതുവരെ പൂര്‍ണമായും നേടാന്‍ സാധിച്ചിട്ടില്ല. സ്വകാര്യവല്‍ക്കരണ നടപടികള്‍ക്ക് എത്രമാത്രം ഗതിവേഗമുണ്ടാകുമെന്നറിയാന്‍ ഈ കണക്ക് നോക്കിയാല്‍ മതി.

മൂലധന ചെലവ്: ആസ്തികള്‍ സൃഷ്ടിക്കാന്‍ ഉതകുന്ന ചെലവാണിത്. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ പശ്ചാത്തല വികസനത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കാനിടയുള്ളതിനാല്‍ കാപ്പിറ്റല്‍ എക്‌സ്‌പെന്‍ഡീച്വര്‍ (വികസന പദ്ധതികള്‍ക്കുള്ള ചെലവ്) കൂട്ടിയേക്കാം.

നികുതി വരുമാനം: അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ 8-8.5 ശതമാനം വളര്‍ച്ച രാജ്യം കൈവരിക്കുമെന്ന് സാമ്പത്തിക സര്‍വെ അനുമാനിക്കുമ്പോള്‍ നികുതി വരുമാനത്തില്‍ സര്‍ക്കാര്‍ പ്രതീക്ഷിക്കുന്ന കണക്കും ശ്രദ്ധേയമാകും.

മൂലധന വരവ്: സര്‍ക്കാര്‍ രാജ്യത്തിനുള്ളില്‍ നിന്നും പുറത്തുനിന്നും വായ്പയായി എടുക്കുന്ന പണമെത്രയാകും. വിപണി ഉറ്റുനോക്കുന്ന കണക്ക് കൂടിയാണിത്. കേന്ദ്രം വന്‍തോതില്‍ മൂലധന നിക്ഷേപം നടത്തിയാല്‍ മാത്രമേ വളര്‍ച്ച സാധ്യമാകൂ. വിപണിയെ സ്വാധീനിക്കുന്ന ഒരു ഘടകം കൂടിയാണിത്.


Tags:    

Similar News