വിദേശപഠനം: ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കിഷ്ടം അമേരിക്ക തന്നെ, പിന്നെ കാനഡ

പോളണ്ട്, തായ്‌വാന്‍, ബെല്‍റസ്, സൗത്ത് ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളോടും പ്രിയം

Update:2023-06-28 11:43 IST

വിദേശ പഠനത്തിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ തിരഞ്ഞെടുക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ വീണ്ടും ഒന്നാം സ്ഥാനത്തെത്തി യു.എസ്. കാനഡയെ പിന്തള്ളിയാണ് യു.എസ് ഈ സ്ഥാനം തിരിച്ചുപിടിച്ചിതെന്ന് അപ്‌ഗ്രേഡ് സ്റ്റഡി എബ്രോഡിന്റെ ട്രാന്‍സ്‌നേഷണല്‍ എഡ്യുക്കേഷന്‍ റിപ്പോര്‍ട്ട് 2.0 നെ അധികരിച്ച് ഇക്കണോമിക് ടൈസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സര്‍വേയില്‍ പങ്കെടുത്ത 18.84 ശതമാനം പഠിതാക്കളും യു.എസ് ആണ് ഇഷ്ട സ്ഥലമായി തെരഞ്ഞെടുത്തത്. 17.85 ശതമാനം പേര്‍ കാനഡയേയും തെരഞ്ഞെടുത്തു. വിസയ്ക്കു വേണ്ടിയുള്ള കാത്തിരിപ്പ് കാലാവധി വളരെ കൂടുതലാണെങ്കിലും ഗുണമേന്മയുള്ള വിദ്യാഭ്യാസവും ഉയര്‍ന്ന തൊഴില്‍ സാധ്യതകളുമാണ് വിദ്യാര്‍ത്ഥികളുടെ ഇഷ്ടരാജ്യമായി അമേരിക്കയെ മാറ്റുന്നത്. അതേസമയം പി.ആര്‍(Permanent Residency) ലഭിക്കാനുള്ള എളുപ്പവും ഉന്നതവിദ്യാഭ്യാസമേഖല ശക്തമാണെന്നതുമാണ് കാനഡയിലേക്ക് വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നത്. ജര്‍മനി(13.21%) മൂന്നാം സ്ഥാനത്തും യു.കെ(11.34%) നാലാം സ്ഥാനത്തുമാണ്.
മാറുന്ന പ്രവണതകള്‍
സര്‍വേയില്‍ പങ്കെടുത്ത 45 ശതമാനം വിദ്യാര്‍ത്ഥികളും വിദേശവിദ്യാഭ്യാസത്തിനായി പരമ്പരാഗതമായി ആശ്രയിക്കുന്ന രാജ്യങ്ങളില്‍ നിന്ന് മാറി പോളണ്ട്, തായ്‌വാന്‍, ബെല്‍റസ്, സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളില്‍ പഠിക്കാന്‍ താത്പര്യമുള്ളതായി വ്യക്തമാക്കി.
മെട്രോ നഗരങ്ങളില്‍ നിന്ന് മാത്രമല്ല രണ്ടാം നിര , മൂന്നാം നിര നഗരങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ വിദേശത്തേക്ക് കുടിയേറുന്നുണ്ട്. ഉപരി പഠനം മാത്രമല്ല മിക്കവരുടേയും ലക്ഷ്യം. പഠനം നടത്തുന്ന രാജ്യത്തു തന്നെ ഭാവിജീവിതം തുടരാനാണ് അവര്‍ ആഗ്രഹിക്കുന്നത്. രാജ്യത്തെ 200 ഓളം നഗരങ്ങളിലായി നടത്തിയ സര്‍വേയില്‍ 1,000 ത്തോളം പേര്‍ പ്രതികരിച്ചു.

സമ്മിശ്രപഠന രീതിയോടും പ്രിയം

ഓണ്‍ലൈനായി പഠനം തുടങ്ങുകയും പിന്നീട് കാംപസിലേക്ക് പഠനം മാറ്റുകയും ചെയ്യുന്ന സമ്മിശ്ര പഠന രീതി കോവിഡിനു ശേഷം ഉയര്‍ന്നിട്ടുണ്ട്. സര്‍വേയില്‍ പങ്കെടുത്ത 67 ശതമാനം പേര്‍ പുതിയ പഠന രീതി പിന്തുടരുന്നതിനോട് അനുകൂല മനോഭാവം പ്രകടിപ്പിച്ചു. പഠനശേഷമുള്ള വര്‍ക്ക് വിസയും സ്ഥിരതാമസവുമാണ് അവര്‍ ലക്ഷ്യമിടുന്നത്. 

ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തു പോകുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം 2022 ല്‍ കഴിഞ്ഞ ആറ് വര്‍ഷത്തെ റെക്കോഡ് കുതിപ്പ് രേഖപ്പെടുത്തിയിരുന്നു. വിദ്യാഭ്യാസത്തിന്റെ നിലവാരത്തിനപ്പുറം അതാതു രാജ്യങ്ങളില്‍ ലഭിക്കുന്ന സാമൂഹിക സുരക്ഷയും ഉന്നത ജീവിതനിലവാരവും യുവജനങ്ങളെ വിദേശങ്ങളിലേക്ക് ആകര്‍ഷിക്കുന്നു.

Tags:    

Similar News