വിരാല്‍ ആചാര്യ: പടിയിറങ്ങുന്ന ആർബിഐയിലെ 'റെബൽ'

Update:2019-06-24 16:10 IST

റിസർവ് ബാങ്ക് ഡപ്യൂട്ടി ഗവര്‍ണര്‍ വിരാല്‍ ആചാര്യ പടിയിറങ്ങുമ്പോൾ നിലക്കുന്നത് രാജ്യത്തെ പരമോന്നത ബാങ്കിന്റെ തലപ്പത്തെ 'റെബൽ' സ്വരമാണ്. കേന്ദ്ര ബാങ്കിന്റെ സ്വയംഭരണാവകാശത്തിനു വേണ്ടി ശക്തമായി നിലകൊണ്ട ആചാര്യ, ആർബിഐയുടെ അധികാരത്തിൽ കൈകടത്താൻ സർക്കാരിനെ അനുവദിക്കില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ചിരുന്നു.

കാലവധി തീരാൻ ആറ് മാസം മാത്രം ബാക്കി നില്‍ക്കെയാണ് അദ്ദേഹം സ്ഥാനം രാജിവെച്ചത്. ആചാര്യയ്ക്ക് മുൻപേ ആർബിഐ വിട്ട മുൻ ഗവർണർമാരായ രഘുറാം രാജൻ, ഊർജിത് പട്ടേൽ എന്നിവരുടേതിന് സമാനമായ ആശയങ്ങളായിരുന്നു ആചാര്യയുടേയും.

മൂവരും വിദേശ വിദ്യാഭ്യാസം നേടിയ സാമ്പത്തിക ശാസ്ത്രജ്ഞരായിരുന്നു. എംപിസി, ഇൻഫ്‌ളേഷൻ ടാർജറ്റിംഗ് തുടങ്ങിയ പുതു ആശയങ്ങൾ മുന്നോട്ടുവച്ചവരായിരുന്നു ഇവരെല്ലാം. എല്ലാവരും ആർബിഐയുടെ പരമാധികാരത്തിന് വേണ്ടി ശക്തിയുക്തമായി വാദിച്ചു. സർക്കാരുമായി പല കാര്യങ്ങളിലും അഭിപ്രായ വ്യത്യാസം മൂന്ന് പേർക്കും ഉണ്ടായിരുന്നു.

ആർബിഐയുടെ ചരിത്രത്തിൽ ഡെപ്യൂട്ടി ഗവർണർ സ്ഥാനം വഹിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റി ബിസിനസ് സ്‌കൂളില്‍ പ്രൊഫസർ കൂടിയായ ആചാര്യ. മൊണേറ്ററി പോളിസിയുടെ കാര്യത്തിലായാലും വിപണികളുടെ കാര്യത്തിലായാലും വളരെ യാഥാസ്ഥിതികമായ സമീപനമായിരുന്നു അദ്ദേഹത്തിന്റേത്.

2017 ജനുവരിയിലാണ് അദ്ദേഹം ആർബിഐ ഡെപ്യൂട്ടി ഗവർണർ സ്ഥാനം ഏറ്റെടുത്തത്. തന്റെ അഭിപ്രായങ്ങൾ ഉറക്കെ പ്രഖ്യാപിക്കുന്ന ആചാര്യ കഴിഞ്ഞ ഒക്ടോബറിൽ കേന്ദ്ര സർക്കാരും റിസർവ് ബാങ്കും തമ്മിലുള്ള ഉരസലുകളെക്കുറിച്ച് തുറന്നടിച്ചിരുന്നു.

ആര്‍ബിഐയുടെ ധനനയ രൂപീകരണത്തിന്റെ ചുമതലയായിരുന്നു വിരാല്‍ ആചാര്യക്ക്. വളര്‍ച്ച, ധനസ്ഥിതി തുടങ്ങിയ കാര്യങ്ങളില്‍ ഗവര്‍ണര്‍ ശക്തികാന്ത ദാസുമായി അദ്ദേഹത്തിന് അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു.

വിരാല്‍ ആചാര്യയെ കൂടാതെ എന്‍.എസ്.വിശ്വനാഥന്‍, ബി.പി.കണുങ്കോ, മഹേഷ് കുമാര്‍ എന്നിവരാണ് മറ്റു ഡെപ്യൂട്ടി ഗവര്‍ണര്‍മാര്‍. ആചാര്യയ്ക്ക് പകരം ധനമന്ത്രാലയത്തിലെ മുഖ്യ സാമ്പത്തിക ഉപദേശകൻ സഞ്ജീവ് സന്യാൽ ആർബിഐയിലേക്കെത്തുമെന്ന് അഭ്യൂഹങ്ങളുണ്ട്.

Similar News