വിഷന്‍ 2047: ഇന്ത്യയെ 30 ലക്ഷം കോടി ഡോളര്‍ സമ്പദ്‌വ്യവസ്ഥയാക്കാന്‍ സര്‍ക്കാരിന്റെ പദ്ധതി
കരട് രേഖ പുറത്തിറക്കാന്‍ നീതി ആയോഗ്
ഇന്ത്യയെ 2030ഓടെ 30 ട്രില്യണ്‍ ഡോളര്‍ സമ്പദ്‌വ്യവസ്ഥയാക്കി വികസിത രാജ്യമാക്കാനുള്ള 'വിഷന്‍ 2047' പ്ലാനുമായി നീതി ആയോഗ്. ഇത് സംബന്ധിച്ച കരട് രേഖ തയ്യാറാക്കുന്നത് അന്തിമഘട്ടത്തിലാണ്. മൂന്ന് മാസത്തിനകം പ്രധാനമന്ത്രി നരേന്ദ്ര മോദി രേഖ പുറത്തിറക്കും.
ഈ ലക്ഷ്യം കൈവരിക്കാനായി സര്‍ക്കാരിന്റെ പ്രവര്‍ത്തനഘടനയിലടക്കം മാറ്റങ്ങളുണ്ടാകുമെന്ന് നീതി ആയോഗ് സി.ഇ.ഒ ബി.വി.ആര്‍. സുബ്രഹ്‌മണ്യന്‍ പറഞ്ഞു. നിലവില്‍ അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയുടെ മൂല്യം 30 ട്രില്യണ്‍ ഡോളറാണ്. ഈ മൂല്യത്തിലേക്ക് 2047ഓടെ ഇന്ത്യയെ എത്തിക്കാനുള്ള പദ്ധതിയാണ് സർക്കാർ ഒരുക്കുന്നത്.
വന്‍തോതില്‍ നിക്ഷേപം നടത്തും
സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികമാഘോഷിക്കുന്ന 2047ഓടെ ഇന്ത്യയെ വികസിത രാജ്യമാക്കുകയാണ് വിഷന്‍ 2047ന്റെ ലക്ഷ്യം. ലോകത്തെ വലിയ രണ്ട് സമ്പദ്‌വ്യവസ്ഥകളിലൊന്നായും ഇതോടെ ഇന്ത്യ മാറുമെന്നാണ് പ്രതീക്ഷ. ലക്ഷ്യം കൈവരിക്കാനായി അടിസ്ഥാന സൗകര്യങ്ങള്‍, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, സാങ്കേതികവിദ്യ എന്നിവയില്‍ ഇനിയും വന്‍തോതില്‍ നിക്ഷേപം നടത്തും. കൂടുതല്‍ വിദേശനിക്ഷേപം ആകര്‍ഷിക്കാനുള്ള നടപടികളും സര്‍ക്കാരെടുക്കും. എല്ലാ ഇന്ത്യക്കാരുടെയും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതിയാണിത്.
ഡിസംബറോടെ അന്തിമരൂപം
സെക്രട്ടറി തലത്തിലുള്ള 10 സെക്ടറല്‍ ഗ്രൂപ്പുകളുടെ ശുപാര്‍ശകള്‍ സമന്വയിപ്പിച്ച് നവംബര്‍ ആദ്യവാരം നീതി ആയോഗ് 'വിഷന്‍ 2047' പദ്ധതിയുടെ അന്തിമ അവതരണം നടത്തും. തുടര്‍ന്ന് നവംബര്‍ മൂന്നാം ആഴ്ചയില്‍ വ്യവസായികളും അക്കാദമിക് നേതാക്കളും ഉള്‍പ്പെടെയുള്ള പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും. 2023 ഡിസംബറോടെ കരട് രേഖയ്ക്ക് അന്തിമരൂപം നല്‍കാനാണ് പദ്ധതിയിടുന്നത്. 2047ഓടെ ഇന്ത്യയുടെ ജനസംഖ്യ 150 കോടിയാകുമെന്നും ആളോഹരി വരുമാനം 18,000-20,000 ഡോളറാകുമെന്നും സര്‍ക്കാര്‍ കണക്കുകൂട്ടുന്നതായി ബി.വി.ആര്‍ സുബ്രഹ്‌മണ്യന്‍ പറയുന്നു.
ഇന്ത്യ ഒരു വികസിത രാഷ്ട്രമാകണമെങ്കില്‍, താഴേത്തട്ടില്‍ തീരുമാനങ്ങള്‍ എടുക്കുന്ന വിധത്തില്‍ സര്‍ക്കാരിനെ പുനഃസംഘടിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2030ഓടെ രാജ്യത്തിന് വ്യക്തമായ ലക്ഷ്യങ്ങള്‍ നിശ്ചയിക്കുകയും 2047ഓടെ ഇന്ത്യയെ 'വിക്ഷിത് ഭാരത്' ആക്കുന്നതിന് ആവശ്യമായ ഘടനാപരമായ മാറ്റങ്ങള്‍ വിഭാവനം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ 3.7 ട്രില്യണ്‍ ഡോളര്‍ മൂല്യവുമായി ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യ.