ആരോഗ്യ മേഖലയ്ക്ക് കേന്ദ്ര ബജറ്റ് കാത്തുവച്ചിരിക്കുന്നത് എന്തൊക്കെയാവാം
നിലവിലുള്ള ആരോഗ്യ സംരക്ഷണ പദ്ധതികളുടെ നവീകരണവും പ്രതീക്ഷിക്കുന്നുണ്ട്.
ഫെബ്രുവരി ഒന്നിന് 2023-24 ലെ കേന്ദ്ര ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും. രാജ്യം മുഴുവന്‍ ബജറ്റിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ആരോഗ്യ സംരക്ഷണ വ്യവസായവും അക്ഷമരായി കാത്തിരിക്കുകയാണ്. കാരണം ഈ വ്യവസായത്തിനുള്ള ബജറ്റ് പിന്തുണ സര്‍ക്കാര്‍ വര്‍ധിപ്പിക്കണമെന്നത് പല വിദഗ്ധരും ആവശ്യപ്പെട്ട ഒന്നാണ്. എന്താല്ലാമായിരിക്കാം ആരോഗ്യ സംരക്ഷണ വ്യവസായത്തിനായി കേന്ദ്ര ബജറ്റ് നീക്കിവച്ചിട്ടുണ്ടാകുക
ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വളരെയധികം ശ്രദ്ധ ആവശ്യമാണ്. അതിനാല്‍, അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് സര്‍ക്കാര്‍ പ്രവര്‍ത്തിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. 2023ലെ ബജറ്റില്‍ ഇവിടെ ശ്രദ്ധ വേണ്ടി വരും. ആശുപത്രികളുടെ മൊത്തത്തിലുള്ള കോര്‍പ്പറേറ്റ് നികുതി നിരക്ക് കുറയ്ക്കല്‍, അല്ലെങ്കില്‍ പരോക്ഷ നികുതികളില്‍ മാറ്റം വരുത്തല്‍ എന്നിവയും പ്രതീക്ഷിക്കുന്നു. നിലവിലുള്ള ആരോഗ്യ സംരക്ഷണ പദ്ധതികളുടെ നവീകരണവും പ്രതീക്ഷിക്കുന്നുണ്ട്.
കൂടാതെ ഈ വ്യവസായത്തിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ്, മെഡിക്കല്‍ സപ്ലൈസ്, ഉപകരണങ്ങള്‍, ടെലിമെഡിസിന്‍, മെഡിക്കല്‍ ടൂറിസം മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് 2018 ലെ ബജറ്റിന് സമാനമായ ചട്ടക്കൂട് ആരോഗ്യ സംരക്ഷണത്തിനായി സ്വീകരിക്കുന്നത് സര്‍ക്കാരിന് പരിഗണിക്കാം. സാര്‍വത്രിക ആരോഗ്യ പരിരക്ഷാ ഉറപ്പാക്കാന്‍ സഹായിക്കുന്ന എല്ലാ പ്രക്രിയകളും പ്രോത്സാഹിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്.
2022ലെ ബജറ്റില്‍ കേന്ദ്രാവിഷ്‌കൃത പൊതുജനാരോഗ്യ പദ്ധതികളില്‍ സര്‍ക്കാര്‍ 86,200 കോടി രൂപയുടെ ഫണ്ട് അനുവദിച്ചിരുന്നു. സുസ്ഥിരമായ ആരോഗ്യ പരിരക്ഷാ അടിസ്ഥാന സൗകര്യവികസനത്തിനും ഭാവിയിലെ അപ്രതീക്ഷിതമായ ആരോഗ്യ സംരക്ഷണ ആവശ്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുമായാണ് ഇത് അനുവദിച്ചത്. പ്രധാനമന്ത്രി സ്വസ്ത് പദ്ധതി, ആയുഷ്മാന്‍ ഭാരത്, ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷന്‍, ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ പദ്ധതി, ദേശീയ ആരോഗ്യ ദൗത്യം എന്നിങ്ങനെ ചില ആരോഗ്യ സംരക്ഷണ പരിപാടികളും നടപ്പാക്കിയിരുന്നു.