എന്ത്‌കൊണ്ട് നിങ്ങള്‍ വീട്ടിലും മാസ്‌ക് ധരിക്കണം; നിര്‍ദേശത്തിനു പിന്നിലെ ശാസ്ത്രീയ വശം ഇതാണ്
കുട്ടികളും പ്രായമായവരും വീട്ടിലുണ്ടെങ്കില്‍ കുടുംബാംഗങ്ങള്‍ വീട്ടിലും മാസ്‌ക് ധരിച്ചു നടക്കണം എന്നു പറയുന്നതിനു പിന്നിലും ചില ശാസ്ത്രീയമായ കാരണങ്ങളുണ്ട്. അറിയാം.
കോവിഡ് വൈറസ് അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ വീട്ടിലും മാസ്‌ക് ധരിക്കണമെന്ന നിര്‍ദേശവുമായി കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള കോവിഡ് വിഭാഗം തന്നെ മുന്നോട്ട് വന്നിരിക്കുന്നു. അറിയിപ്പിന് ശേഷം ഇക്കാര്യം രാജ്യത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെടുകയാണ്. ഇന്ത്യയുടെ കോവിഡ് -19 ടാസ്‌ക് ഫോഴ്സ് മേധാവി ഡോ. വി കെ പോള്‍ആണ് കോവിഡിന്റെ ട്രാന്‍സ്മിഷന്‍ ശൃംഖല തകര്‍ക്കാന്‍ വീടുകളിലും മാസ്‌ക് ധരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നതായി പറഞ്ഞത്. ദിനം പ്രതിയുള്ള കോവിഡ് രോഗികളുടെ നിരക്ക് മൂന്നര ലക്ഷത്തിലേറെയായ സാഹചര്യത്തിലാണ് ഡോക്ടര്‍ പോള്‍ അക്കാര്യം പറഞ്ഞത്.
ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ മുന്നോട്ട് വന്നിട്ടുണ്ടെങ്കിലും വീടിനു പുറത്തേക്ക് പോകുന്നവര്‍ വീട്ടില്‍ എത്തിയാലും മറ്റൊരു വൃത്തിയുള്ള മാസ്‌ക് ശീലമാക്കുന്നത് നല്ലതാണെന്ന് ഡോക്ടര്‍മാര്‍ പോലും പറയുന്നു.
ഇതിനു പിന്നിലെ ശാസ്ത്രീയത എന്ത്?
കോവിഡ് -19 രോഗാണുക്കള്‍ പ്രഥമ വ്യക്തിയില്‍ നിന്ന് മറ്റൊരാളിലേക്ക് ശ്വസന വായുവില്‍ അടങ്ങിയിട്ടുള്ള ഉമിനീര്‍ തുള്ളികളിലൂടെ പടരുന്നു. ആരെങ്കിലും ചുമ, തുമ്മല്‍, സംസാരം, അലര്‍ച്ച എന്നിവ പുറപ്പെടുവിക്കുമ്പോള്‍ അല്ലെങ്കില്‍ പാട്ടു പാടുമ്പോള്‍ ഈ രോഗാണുക്കളും വായുവില്‍ സഞ്ചരിക്കുന്നു. ഈ തുള്ളികള്‍ക്ക് സമീപത്തുള്ള ആളുകളുടെ വായിലേക്കോ മൂക്കിലേക്കോ ഇറങ്ങാം, അല്ലെങ്കില്‍ ശ്വസിക്കാം. അതുമല്ലെങ്കില്‍ അവരുടെ വിരല്‍ തുമ്പുകളില്‍ പറ്റിപ്പിടിച്ചും ശരീരത്തിലേക്ക് പ്രവേശിക്കാം.
അടുത്തകാരണം ലക്ഷണങ്ങള്‍ ഇല്ലാത്ത കോവിഡ് ആണ്. ലക്ഷണങ്ങള്‍ ഇല്ലാത്ത കോവിഡ് രോഗികള്‍ അത്തരത്തിലാണ് കൂടുതലും രോഗം പടര്‍ത്തുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. ഇത് തെളിയിക്കപ്പെട്ടതുമാണ്. പ്രത്യേകിച്ച് രോഗപ്രതിരോധ ശേഷി കുറഞ്ഞ കുട്ടികള്‍, വൃദ്ധ ജനങ്ങള്‍ എന്നിവര്‍ക്ക് വേഗത്തില്‍ ഇത്തരത്തില്‍ രോഗം പടരാം. അതിനാല്‍ എപ്പോഴും മാസ്‌ക് ധരിക്കാനും മുന്‍കരുതല്‍ സ്വീകരിക്കാനും സ്വയം തീരുമാനമെടുക്കാം.