സ്വര്‍ണ വില ഇനിയും ഉയരുമോ? നിക്ഷേപം എങ്ങനെ വേണം; വിദഗ്ധര്‍ പറയുന്നു

ഡോളറിന്റെ മൂല്യവും അമേരിക്കന്‍ സര്‍ക്കാരിന്റെ കടപ്പത്രങ്ങളുടെ ആദായനിരക്കും ശക്തിപ്പെട്ടതോടെ സ്വര്‍ണത്തില്‍ നിന്ന് നിക്ഷേപം പിന്‍വലിച്ച് വീണ്ടും ഡോളറിലേക്കും ബോണ്ടിലേക്കും ഒഴുക്കുകയാണ് ആഗോള നിക്ഷേപകര്‍;

Update:2024-03-17 18:00 IST

Image by Canva

റെക്കോഡുകള്‍ തിരിത്തുക്കുറിച്ചുകൊണ്ട് അതിവേഗം മുന്നേറുകയാണ് കേരളത്തില്‍ സ്വര്‍ണവില. മാര്‍ച്ച് ഒമ്പതിന് ഗ്രാമിന് 6,075 രൂപയും പവന് 48,600 രൂപയുമെന്ന റെക്കോഡ് വില രേഖപ്പെടുത്തി. പ്രവചനങ്ങളെയും മറികടന്നു സ്വര്‍ണത്തിന്റെ ഈ കുതിപ്പ് അങ്കലാപ്പിലാക്കുന്നത് നിക്ഷേപകരെയാണ്. ഇത് അണയും മുമ്പുള്ള ആളിക്കത്തലാണോ അതോ കുതിപ്പിനു മുന്‍പുള്ള പതുങ്ങലാണോ എന്നതാണ് ആശങ്കയ്ക്കു കാരണം.

രാജ്യാന്തര സ്വര്‍ണവില ഒണ്‍സിന് കഴിഞ്ഞ ദിവസം 2,194 ഡോളര്‍ വരെ എത്തിയിരുന്നു. നിലവില്‍ (മാര്‍ച്ച് 16) 2,156 ഡോളറിലാണ്. വില 2,140-2,250 ഡോളര്‍ നിലവാരത്തില്‍ ചാഞ്ചാടുമെന്നാണ് നിരീക്ഷകര്‍ പ്രവചിക്കുന്നത്. അതായത് വില വന്‍തോതില്‍ താഴാനും പിന്നീട് റെക്കോഡ് കുറിക്കാനും സാധ്യതയുണ്ട്. കേരളത്തിലും ഇതിന്റെ പ്രതിഫലനമുണ്ടാകും.
വിലകൂട്ടുന്ന കാരണങ്ങള്‍
സ്വര്‍ണത്തിന്റെ വില പ്രധാനമായും നിര്‍ണയിക്കുന്നത് ഡോളറിന്റെ മൂല്യമാണ്. ഡോളറിന്റെ മൂല്യം കുറയുന്ന സമയത്ത് മറ്റ് കറന്‍സികള്‍, പ്രധാനമായും യൂറോയുടെ മൂല്യം വര്‍ധിക്കും. അങ്ങനെ വരുമ്പോള്‍ ആ മൂല്യത്തില്‍ കൂടുതല്‍ സ്വര്‍ണം വാങ്ങാമെന്ന അവസ്ഥ വരികയും ഡിമാന്‍ഡ് കൂടുകയും ചെയ്യും.
ഇത് മാത്രമല്ല കഴിഞ്ഞ വര്‍ഷം ലോകത്തിലെ കേന്ദ്രബാങ്കുകള്‍ പലതും സ്വര്‍ണം വാങ്ങുന്നത് കൂട്ടിയിരുന്നു. യുക്രൈന്‍ യുദ്ധം തുടങ്ങുന്ന സമയത്ത് റഷ്യയുടെ അമേരിക്കന്‍ ബാങ്കിലുള്ള ഫോറിന്‍ റിസര്‍വുകളെല്ലാം അമേരിക്ക മരവിപ്പിച്ചിരുന്നു. ഇതോടെ ഡോളറിലെ റിസര്‍വ് അത്ര സുരക്ഷിതമല്ലെന്ന തിരിച്ചറിവില്‍ കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണം വാങ്ങാന്‍ തുടങ്ങിയതും സ്വര്‍ണ വില വര്‍ധിപ്പിക്കാന്‍ കാരണമായി.
ഇപ്പോള്‍ ഡോളറിന്റെ മൂല്യവും സ്വര്‍ണവും തമ്മില്‍ നേരിട്ട് തന്നെ ബന്ധപ്പെട്ടുകിടക്കുകയാണ്. അതുകൊണ്ട് ഡോളറിന്റെ മൂല്യം കുറയുമ്പോള്‍ സ്വര്‍ണത്തിന്റെ മൂല്യം വര്‍ധിക്കും. അതേ പോലെ തിരിച്ചും സംഭവിക്കും. അമേരിക്കയുടെ കേന്ദ്രബാങ്ക് പലിശനിരക്കില്‍ സ്വീകരിക്കുന്ന സമീപനത്തെ ആശ്രയിച്ചാണ് ഡോളറിന്റെ മൂല്യം കൂടുകയും കുറയുകയും ചെയ്യുന്നത്. ഈ വര്‍ഷം തുടക്കത്തില്‍ അഞ്ച് തവണ അമേരിക്കന്‍ സെന്‍ട്രല്‍ ബാങ്ക് പലിശ നിരക്ക് കുറയ്ക്കുമെന്നായിരുന്നു വിപണി പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ അത് രണ്ടു തവണ മാത്രമായിരിക്കുമെന്നാണ് ഇപ്പോൾ കരുതുന്നത്. കാരണം വിലക്കയറ്റം പരിപൂര്‍ണമായും നിയന്ത്രണത്തിലായിട്ടില്ല. കുറഞ്ഞിട്ടുണ്ടെങ്കിലും പ്രതീക്ഷയ്‌ക്കൊത്ത് കുറഞ്ഞിട്ടില്ലെന്നതാണ് ഇത് സൂചിപ്പിക്കുന്നതെന്ന് ജിയോജിത് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വി.കെ. വിജയകുമാര്‍ പറഞ്ഞു.
സ്ഥിതി മാറുമോ?
അടിസ്ഥാന പലിശ നിരക്കുകള്‍ ഉടനൊന്നും കുറയില്ലെന്ന സൂചനകള്‍ ശക്തമായതോടെ ഡോളറിന്റെ മൂല്യവും അമേരിക്കന്‍ സര്‍ക്കാരിന്റെ കടപ്പത്രങ്ങളുടെ ആദായനിരക്കും (Bond Yield) ശക്തിപ്പെട്ടിരുന്നു. ഇതോടെ സ്വര്‍ണത്തില്‍ നിന്ന് നിക്ഷേപം പിന്‍വലിച്ച് വീണ്ടും ഡോളറിലേക്കും ബോണ്ടിലേക്കും ഒഴുക്കുകയാണ് നിക്ഷേപകര്‍. പലിശ നിരക്കിന്റെ ഭാവി സംബന്ധിച്ച് ഇനിയും വ്യക്തതയില്ലാത്തതിനാലും ഡോളറും ബോണ്ട് യീല്‍ഡും ഉയരുന്നതിനാലും സ്വര്‍ണം വരും നാളുകളിലും ചാഞ്ചാടുമെന്നാണ് വിലയിരുത്തല്‍.
ലോകത്തെല്ലായിടത്തും പണപ്പെരുപ്പം കൂടി നില്‍ക്കുന്നതുകൊണ്ട് സ്വര്‍ണമുള്‍പ്പെടെയുള്ള സുരക്ഷിത ആസ്തികള്‍ക്കെല്ലാം വില കൂടും. സാധാരണക്കാരായ നിക്ഷേപകരല്ല, കേന്ദ്ര ബാങ്കുകളാണ് സ്വര്‍ണത്തിന്റെ മുഖ്യ വാങ്ങലുകാര്‍. ഇസ്രായേല്‍ യുദ്ധമൊക്കെ അവസാനിക്കുന്ന സാഹചര്യത്തില്‍ ചെറുതായി സ്വര്‍ണം താഴെ വരും. പിന്നീട് എന്തെങ്കിലും ഭൗമരാഷ്ട്രീയ പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ വീണ്ടും കയറുകയും ചെയ്യും. പണപ്പെരുപ്പം താഴാനും പലിശ നിരക്ക് കുറയ്ക്കാനും സാധ്യത നിലനില്‍ക്കുന്നതിനാല്‍ സമീപഭാവിയില്‍ വലിയ കയറ്റമുണ്ടാകില്ലെന്ന് ഡി.ബി.എഫ്.എസ് മാനേജിംഗ് ഡയറക്ടര്‍ പ്രിന്‍സ് ജോര്‍ജ് പറഞ്ഞു. എന്നാല്‍ ഇന്ത്യയിലും അമേരിക്കയിലുമടക്കം പല രാജ്യങ്ങളിലും തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാല്‍ താഴ്ക്ക് പോകാനും സാധ്യതയില്ല. അതായത് സ്വര്‍ണ വില ഉയര്‍ന്ന് തന്നെ നില്‍ക്കും. ഇതിനിടയില്‍ ചെറിയ തിരുത്തുകളുണ്ടാകും. പിന്നെ തിരികെ മുകളിലേക്ക് കയറും. 2,000 ഡോളറിന് മുകളില്‍ വന്നാല്‍ പിന്നെ 2,200-2,300 ഡോളറിലേക്ക് കയറാനുമിടയുണ്ടെന്നും അദ്ദേഹം പറയുന്നു.
നിക്ഷേപം നേട്ടമാകുമോ?
എല്ലാക്കാലത്തും സ്വര്‍ണത്തിലൊരു നിശ്ചിത ശതമാനം നിക്ഷേപം നടത്തുന്നത് നല്ലതാണ്. എന്നാല്‍ പൂര്‍ണമായും സ്വര്‍ണത്തിലേക്ക് മാത്രം നിക്ഷേപം മാറ്റുന്നത് അനുയോജ്യമല്ല. മൊത്തം നിക്ഷേപിക്കാനുദ്ദേശിക്കുന്ന തുകയുടെ 10-15 ശതമാനം വരെ മതി പരമാവധി സ്വര്‍ണത്തിലെ നിക്ഷേപമെന്ന് പ്രിന്‍സ് ജോര്‍ജ് പറയുന്നു. നിലവില്‍ സ്വര്‍ണം വാങ്ങി സൂക്ഷിച്ചിട്ടുള്ളവര്‍ക്ക് ഹോള്‍ഡ് ചെയ്യാം. വേഗം വിറ്റു പിന്മാറേണ്ടതില്ലെന്നും അദ്ദേഹം പറയുന്നു.
സോവറിന്‍ ഗോള്‍ഡ് ബോണ്ട്: സോവറിന്‍ഡ് ഗോള്‍ഡ് ബോണ്ടില്‍ നിക്ഷേപിക്കുന്നത് നേട്ടമുണ്ടാക്കുമെങ്കിലും ലിക്വിഡിറ്റി കുറവാണെന്നൊരു പ്രശ്‌നമുണ്ടെന്ന് ജിയോജിത് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വി.കെ വിജയ കുമാര്‍ പറഞ്ഞു. രണ്ടര ശതമാനം ഉറപ്പായ പലിശ കൂടാതെ സ്വര്‍ണവിലയിലുണ്ടാകുന്ന നേട്ടവും ആസ്വദിക്കാന്‍ ഗോള്‍ഡ് ബോണ്ടുകള്‍ക്ക് സാധിക്കും. നിശ്ചിത കാലയളവുകളില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗോള്‍ഡ് ബോണ്ടുകള്‍ ഇറക്കാറുണ്ട്. ഇതു കൂടാതെ എക്‌സ്‌ചേഞ്ചുകള്‍ വഴിയും ഇവ വാങ്ങാവുന്നതാണ്.
ഗോള്‍ഡ് ഇ.ടി.എഫ്: ഏതു സമയത്തും പണാക്കി മാറ്റണം എന്നാഗ്രഹിക്കുന്നവര്‍ക്ക് ഇ.ടി.എഫുകളില്‍ നിക്ഷേപിക്കാം. ആഭ്യന്തര സ്വര്‍ണ വിലയിലെ മാറ്റങ്ങളെ അടിസ്ഥാനമാക്കിയുള്ള മ്യൂച്വല്‍ഫണ്ടുകളാണ് ഗോള്‍ഡ് ഇ.ടി.എഫുകള്‍. ഒരു ട്രേഡിംഗ് അക്കൗണ്ട് വഴി ഓഹരികള്‍ വാങ്ങുന്നതുപോലെ സ്വര്‍ണ ഇ.ടി.എഫുകള്‍ വാങ്ങാനും വില്‍ക്കാനും സാധിക്കും.
ഭൗതിക സ്വര്‍ണം: ഭൗതിക രൂപത്തില്‍ സ്വര്‍ണം വാങ്ങുന്നത് എല്ലാക്കാലത്തും നഷ്ടം തന്നെയാണ്. ഒരു ആഭരണം വാങ്ങി 10 മിനിറ്റില്‍ തന്നെ അതിന്റെ മൂല്യം നഷ്ടപ്പെടുന്നു. മാത്രമല്ല സൂക്ഷിക്കാനുള്ള ബുദ്ധിമുട്ട്, തേയ്മാനം, പണിക്കൂലിയിലുണ്ടാകുന്ന നഷ്ടം എന്നിവയൊക്കെ ഇതിന്റെ ആകര്‍ഷണം കുറയ്ക്കുന്നു.
Tags:    

Similar News