2022-23 സാമ്പത്തിക വര്‍ഷത്തേക്കുള്ള സംസ്ഥാന ബജറ്റാണ് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ വെള്ളിയാഴ്ച അവതരിപ്പിക്കാനിരിക്കുന്നത്. പ്രളയത്തിന്റെയും കോവിഡിന്റെയും പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ചെലവ് ഗണ്യമായി വര്‍ധിച്ചതോടെ വരുമാനം ഉയര്‍ത്താനുള്ള വഴികളാവും ധനമന്ത്രി പ്രധാനമായും ബജറ്റില്‍ ഉള്‍പ്പെടുത്തുക. എന്നിരുന്നാലും ഗൗരവതരമായ രീതിയില്‍ നികുതി വര്‍ധനവുണ്ടാവില്ലെന്നാണ് സാമ്പത്തിക വിദഗ്ധ ഡോ. മേരി ജോര്‍ജ് അഭിപ്രായപ്പെടുന്നത്. ''സംസ്ഥാന സര്‍ക്കാരിന് ഏകപക്ഷീയമായി നികുതി വര്‍ധിപ്പിക്കാനാവില്ല. ഭൂരിഭാഗം ചരക്ക്-സേവന കാര്യങ്ങളും ജിഎസ്ടിയുടെ പരിധിയില്‍ വരുന്നതിനാല്‍ ഇവയ്ക്ക് പുറമെയുള്ള ബിവറേജസ്, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, ഇലക്ട്രിസിറ്റി, ഭൂമിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എന്നിവയിലെ നികുതിയില്‍ മാത്രമേ സംസ്ഥാന സര്‍ക്കാരിന് മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കുകയുള്ളൂ.
നിലവില്‍ ആഗോളതലത്തില്‍ ക്രൂഡ് ഓയ്ല്‍ വില ഉയര്‍ന്നനിലയിലെത്തിയതിനാല്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ സംസ്ഥാന നികുതി വര്‍ധിപ്പിക്കാനാവില്ല. എന്നാല്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്കുള്ള സെസ് അതുപോലെ തുടരും. അതുപോലെ തന്നെ മദ്യത്തിന്റെ നികുതിയും ഉയര്‍ന്നനിലയിലാണ്. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഉയര്‍ന്നതോതിലാണ് സംസ്ഥാനത്തെ മദ്യവില. ഇനിയും നികുതി വര്‍ധിപ്പിച്ച് മദ്യവില ഉയര്‍ന്നാല്‍ അത് സംസ്ഥാന സര്‍ക്കാരിന്റെ വരുമാന ചോര്‍ച്ചയ്ക്ക് കാരണമാകും. അതായത്, മറ്റ് സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളിലൂടെ മദ്യമൊഴുകും.
വില വര്‍ധനവ് താങ്ങാനാവാതെയുള്ള മയക്കുമരുന്ന് ഉപയോഗം വര്‍ധിക്കും. ഇത്തരത്തിലുള്ള സാമൂഹിക പ്രത്യാഘാതങ്ങളുണ്ടാകുമെന്നതിനാല്‍ തന്നെ മദ്യത്തിന്റെ നികുതി വര്‍ധിപ്പിക്കാനുള്ള സാധ്യത കുറവാണ്'' - മേരി ജോര്‍ജ് ധനത്തോട് പറഞ്ഞു.
അതേസമയം, വരുമാനം വര്‍ധിപ്പിക്കുന്നതിന് ഇലക്ട്രിസിറ്റി ചാര്‍ജ് ഉയര്‍ത്താനുള്ള നീക്കം സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവാനാണ് സാധ്യത. നിലവില്‍ ഇലക്ട്രിസിറ്റി നികുതി കുടിശ്ശികയില്‍ കോടിക്കണക്കിന് തുക കെഎസ്ഇബി സംസ്ഥാന സര്‍ക്കാരിന് നല്‍കാനുണ്ട്. ഇവ എത്രയും പെട്ടെന്ന് ലഭ്യമാക്കി വരുമാനം വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ മുന്‍കൈയെടുക്കേണ്ടതെന്ന് അവര്‍ പറയുന്നു. സംസ്ഥാന വരുമാനത്തിന്റെ 10 ശതമാനത്തോളം പങ്ക് വഹിക്കുന്ന ഭൂമി രംഗത്തും മാറ്റങ്ങളുണ്ടായേക്കും. ഭൂമിയുടെ ന്യായവില വര്‍ധിപ്പിക്കുന്ന പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടായേക്കും.
വരുമാനത്തിന് പാട്ടത്തുക വര്‍ധിപ്പിക്കുക
അടുത്തിടെയാണ് സംസ്ഥാന സര്‍ക്കാര്‍ കൃഷിയില്‍നിന്നുള്ള പ്രത്യക്ഷ നികുതി നിര്‍ത്തലാക്കിയത്. ഈ വിഭാഗത്തില്‍നിന്നുള്ള നികുതി ശേഖരിക്കുന്നതിനുള്ള തുക, ലഭിക്കുന്ന നികുതിയേക്കാള്‍ കൂടുതലായതാണ് കൃഷിയില്‍നിന്നുള്ള പ്രത്യക്ഷ നികുതി നിര്‍ത്തലാക്കാന്‍ കാരണം. എന്നാല്‍, നികുതിയിനത്തില്‍ അല്ലാതെ, സംസ്ഥാനത്തിന് വലിയ രീതിയില്‍ വരുമാനം ഉണ്ടാക്കാന്‍ കഴിയുന്ന മാര്‍ഗാണ് ഭൂമി പാട്ടം. 1960 കളില്‍ നിശ്ചയിച്ച ഹെക്ടറിന് 300 രൂപ എന്ന തേതിലാണ് ഇപ്പോഴും സര്‍ക്കാര്‍ തോട്ടങ്ങള്‍ കമ്പനികള്‍ക്ക് പാട്ടത്തിന് നല്‍കുന്നത്. പതിറ്റാണ്ടുകളായിട്ടും ഈ പാട്ടത്തുക ഇതുവരെ പുതുക്കി നിശ്ചയിച്ചിട്ടില്ല.
നിലവില്‍, 30,000 രൂപ എന്ന തോതിലാണ് കുടുംബശ്രീ അടക്കമുള്ള കൂട്ടായ്മകള്‍ സര്‍ക്കാര്‍ ഭൂമി പാട്ടത്തിനെടുക്കുന്നത്. അത്രത്തോളം വര്‍ധിപ്പിച്ചില്ലെങ്കിലും യുക്തിസഹമായ രീതിയില്‍ നിരക്ക് വര്‍ധിപ്പിച്ചാല്‍ വലിയൊരു തുക വര്‍ഷം തോറും സംസ്ഥാന സര്‍ക്കാരിന്റെ ഖജനാവിലേക്ക് എത്തിക്കാന്‍ സാധിക്കുമെന്ന് മേരി ജോര്‍ജ് പറഞ്ഞു.
കടം കുറയ്ക്കുക, നികുതി വെട്ടിപ്പ് കണ്ടെത്തുക
നിലവില്‍ കേരളത്തിന്റെ പൊതുകടം ദിനവും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ജിഎസ്ഡിപിയുടെ 37.6 ശതമാനമാണ് നിലവില്‍ കേരളത്തിന്റെ ഔട്ട്സ്റ്റാന്‍ഡിംഗ് ഡെബ്റ്റ്. ഇത് ഇനിയും വര്‍ധിച്ചാല്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി ഗുരുതരമാകും. ധൂര്‍ത്തുകള്‍ ഒഴിവാക്കി, നികുതി വെട്ടിപ്പുകള്‍ കണ്ടെത്തി സംസ്ഥാനത്തിന്റെ വരുമാനം വര്‍ധിപ്പിക്കുക എന്നതാണ് കടം കുറയ്ക്കാനുള്ള പ്രധാനവഴി. ഇന്ത്യയിലെ ഉപഭോക്തൃ സംസ്ഥാനങ്ങളില്‍ കേരളമാണ് മുന്നിലുള്ളത്. രാജ്യത്തിന്റെ ആകെ ഉപഭോഗത്തിന്റെ 10 ശതമാനത്തോളം പങ്കും കേരളമാണ് വഹിക്കുന്നത്. എന്നാല്‍ രണ്ട് ശതമാനത്തോളം നികുതി മാത്രമാണ് ഈ വിഭാഗത്തില്‍ കേരളത്തിന് ലഭിക്കുന്നത്. ഇതിനര്‍ത്ഥം വലിയ രീതിയിലുള്ള നികുതി വെട്ടിപ്പ് സംസ്ഥാനത്ത് ഇന്നും തുടരുന്നു. ഇതിന് അറുതിവരുത്താന്‍ സര്‍ക്കാരിന് കഴിയണമെന്നും അവര്‍ പറയുന്നു.