ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിരക്ക് വീണ്ടും താഴ്ത്തി ലോകബാങ്ക്

ഒരു അന്താരാഷ്ട്ര സ്ഥാപനം ഈ വര്‍ഷം ഇന്ത്യയ്ക്ക് നല്‍കുന്ന ഏറ്റവും കുറഞ്ഞ വളര്‍ച്ച അനുമാനം ആണിത്.

Update:2022-10-07 10:16 IST

ഇന്ത്യയുടെ ജിഡിപി (GDP) വളര്‍ച്ച അനുമാനം മൂന്നാം തവണയും തിരുത്തി ലോക ബാങ്ക് (World Bank). 2022-23 സാമ്പത്തിക വര്‍ഷം ഇന്ത്യ 6.5 ശതമാനം വളര്‍ച്ച നേടുമെന്നാണ് ലോക ബാങ്കിന്റെ ഇപ്പോഴത്തെ വിലയിരുത്തല്‍. ഇന്ത്യ 7.5 ശതമാനം വളര്‍ച്ച നേടുമെന്നായിരുന്നു നേരത്തെയുള്ള പ്രവചനം.

ഒരു അന്താരാഷ്ട്ര സ്ഥാപനം ഈ വര്‍ഷം ഇന്ത്യയ്ക്ക് നല്‍കുന്ന ഏറ്റവും കുറഞ്ഞ വളര്‍ച്ച അനുമാനം ആണിത്. ഇന്ത്യ 7.4 ശതമാനം വളര്‍ച്ച നേടുമെന്ന് പ്രവചിച്ച അന്താരാഷ്ട്ര നാണയ നിധിയും പ്രവചനം തിരുത്തിയേക്കും. റഷ്യ-യുക്രെയ്ന്‍ യുദ്ധം, പണപ്പെരുപ്പം, പലിശ നിരക്കിലുള്ള വര്‍ധനവ്, ഇവ മൂലം ഉണ്ടാവുന്ന ഡിമാന്‍ഡിലുള്ള ഇടിവ് തുടങ്ങിയവ 2022-23, 2023-24 കാലയളവില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച കുറയ്ക്കുമെന്നാണ് സൗത്ത് ഏഷ്യ ഇക്കണോമിക് അപ്‌ഡേറ്റില്‍ ലോകബാങ്ക് പറയുന്നത്.

അതേ സമയം മറ്റ് ദക്ഷിണേഷ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ മികച്ച പ്രകടനം നടത്തിയെന്നും കോവിഡ് ആഘാതത്തെ മറികടന്നെന്നും ലോക ബാങ്ക് (ദക്ഷിണേഷ്യ) ചീഫ് ഇക്കണോമിസ്റ്റ് ഹന്‍സ് ടിമ്മര്‍ പറഞ്ഞു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (RBI), ഏഷ്യന്‍ ഡവലപ്‌മെന്റ് ബാങ്ക് എന്നിവ പറയുന്നത് രാജ്യം നടപ്പ് സാമ്പത്തി വര്‍ഷം 7 ശതമാനം വളര്‍ച്ച നേടുമെന്നാണ്. കഴിഞ്ഞ ദിവസം ആഗോള വ്യാപാര വളര്‍ച്ച 3.4 ശതമാനത്തില്‍ നിന്ന് ഒരു ശതമാനമാക്കി കുറച്ചിരുന്നു.

Tags:    

Similar News