പ്രവാസികള്‍ ഈ വര്‍ഷം ഇന്ത്യയിലേക്ക് അയച്ചത് 8700 കോടി ഡോളര്‍
ഏറ്റവുമധികം പണമെത്തിയത് യുഎസില്‍ നിന്ന്.
ഇന്ത്യയിലേക്ക് പ്രവാസികള്‍ അയയ്ക്കുന്ന പണത്തിന് ഈ വര്‍ഷവും റെക്കോര്‍ഡ് വര്‍ധനവ്. ലോക ബാങ്ക് പുറത്തുവിട്ട കണക്കുകളനുസരിച്ച് ഈ വര്‍ഷം ഇതുവരെ 8700 കോടി ഡോളറാണ് പ്രവാസി ഇന്ത്യക്കാര്‍ അയച്ചത്. കഴിഞ്ഞ വര്‍ഷം 8300 കോടി ഡോളറായിരുന്നു ഇത്. കഴിഞ്ഞ വര്‍ഷവും പ്രവാസിപ്പണത്തില്‍ ഇന്ത്യ തന്നെയായിരുന്നു മുന്നില്‍.
അടുത്തവര്‍ഷത്തോടെ ഇത് ഏകദേശം 8960-9000 കോടി അടുത്തെത്തിയേക്കാമെന്നാണ് അനുമാനം. 400 കോടി ഡോളര്‍ വര്‍ധനവാണ് ഈ വര്‍ഷം പ്രവാസി പണത്തിലുണ്ടായിരിക്കുന്നത്. മൂന്നുശതമാനത്തിലേറെ ഉയര്‍ച്ചയാണ് ഈ രംഗത്ത് പ്രതീക്ഷിക്കുന്നത്.
ഇന്ത്യയിലേക്ക് വരുന്ന പ്രവാസി പണത്തില്‍ യുഎസില്‍ നിന്നാണ് ഏറ്റവും പണമെത്തിയത്. ആകെ തുകയുടെ 20 ശതമാനവും യുഎസിലേതാണെന്ന് കണക്കുകള്‍ പറയുന്നു. അമേരിക്കയെക്കൂടാതെ ചൈന, മെക്‌സിക്കോ, ഫിലിപ്പീന്‍സ്, ഈജിപ്റ്റ് എന്നിവയാണ് പ്രവാസി പണത്തില്‍ ഇന്ത്യയ്ക്ക് തൊട്ടുപിന്നിലുള്ളത്.
കോവിഡ് പ്രതിസന്ധിയില്‍ നിന്നും വിദേശ തൊഴിലിടങ്ങള്‍ ഒരു പരിധി വരെ മുക്തരായതിനാല്‍ ഇന്ത്യയില്‍ നിന്നും തിരികെ മടങ്ങാനുള്ള പ്രവാസികള്‍ ജോലിയില്‍ പ്രവേശിച്ചത് നാട്ടിലേക്കുള്ള പണമൊഴുക്ക് വര്‍ധിക്കാനും കാരണമായേക്കാമെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.