ഒമിക്രോണ്‍ ഭീതി: വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ ദാവോസ് ഉച്ചകോടി മാറ്റിവച്ചു
കൊവിഡ് കാരണം കഴിഞ്ഞവര്‍ഷത്തെ യോഗവും മാറ്റിവച്ചിരുന്നു.
കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍, സ്വിറ്റ്സര്‍ലാന്‍ഡിലെ ദാവോസില്‍ നടക്കേണ്ടിയിരുന്ന വേള്‍ഡ് ഇക്കണോമിക് ഫോറം ഉച്ചകോടി മാറ്റിവച്ചു.
ലോക സാമ്പത്തിക ശക്തി രാജ്യങ്ങളും കോര്‍പ്പറേറ്റ് നേതാക്കളും സംബന്ധിക്കുന്ന വാര്‍ഷിക യോഗം 2022 ജനുവരി 17 മുതല്‍ 21 വരെയാണ് നിശ്ചയിച്ചിരുന്നത്. 'വേനല്‍ക്കാലത്തിന്റെ ആദ്യ'ത്തില്‍ നടക്കുമെന്ന് മാത്രമാണ് പുതിയ തിയ്യതി സംബന്ധിച്ചുള്ള വിശദീകരണം.
'ഇന്നത്തെ മഹാമാരി അവസ്ഥയില്‍ കൂടിച്ചേര്‍ന്നുള്ള യോഗം നടത്തല്‍ വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്'- ഇക്കണോമിക് ഫോറം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ബിസിനസ്, സര്‍ക്കാര്‍, പൊതുസമൂഹങ്ങളില്‍ നിന്നുള്ള നേതാക്കളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഒരു ഡിജിറ്റല്‍ സംഗമം ആലോചിക്കുന്നതായി ഇക്കണോമിക് ഫോറം സ്ഥാപകന്‍ ക്ലോസ് ഷ്വാബ് പറഞ്ഞു.
കൊവിഡ് കാരണം കഴിഞ്ഞവര്‍ഷത്തെ യോഗവും മാറ്റിവച്ചിരുന്നു. 2020 ഫെബ്രുവരിയില്‍ നടക്കേണ്ടിയിരുന്ന യോഗം കുറച്ചു മാസത്തേക്ക് മാറ്റിവയ്ക്കുന്നതായി പ്രഖ്യാപിക്കുകയും സിംഗപ്പൂരിലേക്ക് വേദി മാറ്റുകയും ചെയ്തെങ്കിലും നടത്താനായിരുന്നില്ല.
കഴിഞ്ഞ മാസം ദക്ഷിണാഫ്രിക്കയിലാണ് ഒമിക്രോണ്‍ ആദ്യമായി കണ്ടെത്തിയത്. തുടര്‍ന്ന് യു.കെ, യൂറോപ്പ്, ഇന്ത്യയടക്കമുള്ള 89 രാജ്യങ്ങളിലേക്കും പടര്‍്നനു. ഡെല്‍റ്റ വകഭേദത്തേക്കാളും ഒമിക്രോണിന് കൂടുതല്‍ പടര്‍ച്ചാ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പുകള്‍.