ഒക്ടോബര്‍ 16 ലോകഭക്ഷ്യദിനം: കാര്‍ഷികോല്‍പാദനത്തില്‍ കേരളം സ്വയംപര്യാപ്തമാകുമോ?

Update: 2018-10-16 08:17 GMT

ലോകഭക്ഷ്യദിനമാണ് ഒക്ടോബര്‍ 16. ലോകത്തെ പട്ടിണിയും ദാരിദ്ര്യവും വന്‍തോതില്‍ ഉയരുന്നതിനാല്‍ ആഗോളതലത്തിലുള്ള ഭക്ഷ്യോല്‍പന്നങ്ങളുടെ വര്‍ദ്ധിക്കുന്ന ആവശ്യകതയെക്കുറിച്ചും അതിനുള്ള പരിഹാരമാര്‍ഗങ്ങളെക്കുറിച്ചും മനുഷ്യരാശിയെ ചിന്തിപ്പിക്കുന്നൊരു ദിവസമാണിത്. ഭക്ഷ്യോല്‍പാദനം വര്‍ദ്ധിപ്പിച്ച് 2030ഓടെ 'സീറോ ഹങ്കർ' ( Zero Hunger) എന്ന അവസ്ഥയിലേക്ക് ലോകത്തെ നയിക്കുന്നതിനാണ് ലോകഭക്ഷ്യദിനാചരണത്തിലൂടെ ഐക്യരാഷ്ട്രസഭ ലക്ഷ്യമിടുന്നത്.

കാര്‍ഷികോല്‍പാദന രംഗത്ത് പതിറ്റാണ്ടുകളായി കേരളം പിന്നോക്കം പോയിക്കൊണ്ടിരിക്കുന്നു എന്നതാണ് ഏറ്റവും ഖേദകരമായ വസ്തുത. പ്രത്യേകിച്ചും മലയാളികളുടെ സുപ്രധാന ഭക്ഷ്യധാന്യമായ അരിയുടെ ഉല്‍പാദനത്തില്‍. നെല്‍കൃഷിയുമായി ബന്ധപ്പെട്ട കൃഷിസ്ഥലം, ഉല്‍പാദനം, ഉല്‍പാദനശേഷി എന്നിവയിലെല്ലാം കേരളത്തിന്റെ വളര്‍ച്ച താഴേക്കാണ്. 1972-73ലെ റെക്കോഡ് ഉല്‍പാദനമായ 13.76 ലക്ഷം മെട്രിക് ടണ്ണില്‍ നിന്നും 2015-16 കാലയളവില്‍ 5.49 ലക്ഷം മെട്രിക് ടണ്ണായി കേരളത്തിലെ അരിയുടെ ഉല്‍പാദനം കുത്തനെ കുറഞ്ഞിരിക്കുകയാണെന്ന് എക്കണോമിക് റിവ്യൂ വെളിപ്പെടുത്തുന്നു.

1960ല്‍ കേരളത്തിനാവശ്യമായ അരിയുടെ ലഭ്യതയില്‍ 40 ശതമാനം കുറവുണ്ടായിരുന്നെങ്കില്‍ അഞ്ച് പതിറ്റാണ്ട് കഴിഞ്ഞതോടെ 2010 അത് 83 ശതമാനമായി കുതിച്ചുയര്‍ന്നെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ 5 വര്‍ഷമായുള്ള കേരളത്തിലെ അരിയുടെ ഉല്‍പാദനം ഒട്ടുംതന്നെ ആശാവഹമല്ലമല്ലെന്ന് ചുവടെ കൊടുത്തിട്ടുള്ള ആര്‍.ബി.ഐയുടെ ഡാറ്റ പരിശോധിച്ചാല്‍ വ്യക്തമാകും.

വര്‍ഷം ഉല്‍പാദനം(ലക്ഷം മെട്രിക് ടണ്ണില്‍)

2012-13 - 5.08

2013-14 - 5.09

2014-15 - 5.58

2015-16 - 5.49

2016-17 - 4.37

2017-18 - 4.99

കഴിഞ്ഞ രണ്ട് വര്‍ഷമായി കേരളത്തിലെ നെല്ല് ഉല്‍പാദനം വര്‍ദ്ധിപ്പിക്കാനുള്ളൊരു ശ്രമം സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. സംസ്ഥാനത്തെ നെല്‍കൃഷിയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ജില്ലകളാണ് പാലക്കാട്, ആലപ്പുഴ, തൃശ്ശൂര്‍, കോട്ടയം എന്നിവ. എന്നാല്‍ ഇക്കഴിഞ്ഞ പ്രളയത്തില്‍ ഈ ജില്ലകളിലുണ്ടായ കൃഷിനാശം ഭീമമായതിനാല്‍ കേരളത്തിലെ ഈ വര്‍ഷത്തെ നെല്ല് ഉല്‍പാദനം കുത്തനെ കുറഞ്ഞേക്കും. ഇത് പൊതുവിപണിയില്‍ അരിയുടെ ഡിമാന്റ് വര്‍ദ്ധിപ്പിക്കുക മാത്രമല്ല വന്‍വിലക്കയറ്റത്തിനും ഇടയാക്കും.

കേരളത്തില്‍ ഇപ്പോള്‍ ഇടക്കിടെ അരി വില വര്‍ദ്ധിക്കുന്നത് സ്വാഭാവികമായിരിക്കുകയാണ്. അരിക്ക് വേണ്ടി അയല്‍സംസ്ഥാനങ്ങളെയാണ് പൊതുവെ കേരളം ആശ്രയിക്കുന്നത്. ഈ സംസ്ഥാനങ്ങളിലെ ഉല്‍പാദനത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളും അരി വിലയെ സ്വാധീനിക്കുന്നുണ്ട്. പുതിയ റേഷന്‍ മുന്‍ഗണനാ പട്ടിക പ്രകാരം ചെറിയൊരു വിഭാഗം ആളുകള്‍ക്ക് മാത്രമാണ് റേഷന്‍ അരി ലഭിക്കുന്നത്. ബാക്കിയുള്ള വലിയൊരു വിഭാഗം ജനങ്ങളും അരിക്ക് വേണ്ടി പൊതുവിപണിയെ ആശ്രയിക്കുന്നതിനാല്‍ അതും വിലവര്‍ദ്ധനവിന് ഇടയാക്കിയിട്ടുണ്ട്.

പ്രളയദുരന്തം ഉണ്ടായപ്പോള്‍ കേരളത്തിനാവശ്യമായ അരി സൗജന്യമായി നല്‍കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിട്ടും കിലോക്ക് 25 രൂപ നിരക്കില്‍ അതിന് വില നല്‍കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് വളരെയേറെ വിവാദമായിയിരുന്നു. 'നിര്‍ണ്ണായകമായൊരു ഘട്ടത്തില്‍ കേരളത്തെ ശ്വാസംമുട്ടിക്കാന്‍ ഉതകുന്ന ഒരു ആയുധമായി മാറിയിരിക്കുകയാണ് ഭക്ഷണം. അതിനാല്‍ ഭക്ഷ്യോല്‍പാദന രംഗത്ത് കേരളം കഴിയുന്നത്ര വേഗത്തില്‍ സ്വയംപര്യാപ്തത കൈവരിച്ചില്ലായെങ്കില്‍ കേരളത്തിന്റെ ഭക്ഷണമെന്നത് നാളെ വലിയൊരു സാമൂഹിക രാഷ്ട്രീയ പ്രശ്‌നമായി മാറും' പ്രമുഖ സാമ്പത്തിക വിദഗ്ധനായ വി.കെ.പ്രസാദ് ചൂണ്ടിക്കാട്ടി.

Similar News