ആഗോള വ്യാപാര വളര്‍ച്ച കുറയുമെന്ന് WTO, ഇന്ത്യയ്ക്ക് തിരിച്ചടി

വളര്‍ച്ചാ അനുമാനം 3.4ല്‍ നിന്ന് ഒരു ശതമാനമാക്കി ലോക വ്യാപാര സംഘടന

Update: 2022-10-06 06:30 GMT

Photo : Canva

2023ലെ ആഗോള വ്യാപാര വളര്‍ച്ചാ അനുമാനം (Global Trade Forecast) പുതുക്കി നിശ്ചയിച്ച് ലോക വ്യാപാര സംഘടന (WTO). 3.4 ശതമാനത്തില്‍ നിന്ന് ഒരു ശതമാനം ആക്കിയാണ് വളര്‍ച്ചാ അനുമാനം കുറച്ചത്. 2022 അവസാനത്തോടെ ആഗോള വ്യാപാരം മന്ദഗതിയിലാവുമെന്നും 2023ല്‍ ഈ സ്ഥിതി തടുരുമെന്നും ആണ് സംഘടനയുടെ വിലയിരുത്തല്‍.

അതേ സമയം ഈ വര്‍ഷത്തെ വ്യാപാര വളര്‍ച്ച 3 ശതമാനത്തില്‍ നിന്ന് 3.5 ശതമാനമാക്കി ഉയര്‍ത്തിയിട്ടുണ്ട്. വികസിത രാജ്യങ്ങളിലെ പണനയങ്ങളില്‍ മാറ്റം വരുന്ന സാഹചര്യത്തില്‍ അനുമാനങ്ങളില്‍ അനിശ്ചിതത്വം ഉണ്ടെന്നും സംഘടന വ്യക്തമാക്കി. റഷ്യ-യുക്രെയ്ന്‍ പ്രതിസന്ധിയുടെ ആഘാതം വ്യാപാര മേഖലയില്‍ തുടരും.

ആഗോളതലത്തില്‍ വിതരണ ശൃംഖലകളില്‍ ഉണ്ടാവുന്ന തടസം പണപ്പെരുപ്പം വര്‍ധിപ്പിക്കുമെന്ന് സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ നഗോസി ഒകോന്‍ജോ ഇവേല (Ngozi Okonjo-Iweala) ചൂണ്ടിക്കാട്ടി. ഈ വര്‍ഷം ആഗോള ജിഡിപി 2.8 ശതമാനം വളര്‍ച്ച നേടുമെന്നും 2023ല്‍ അത് 2.3 ശതമാനം ആയി കുറയുമെന്നും ആണ് ഡബ്ല്യുടിഒയുടെ അനുമാനം.

ആഗോള വ്യാപാരത്തില്‍ ഇടിവുണ്ടാകുമെന്ന ഡബ്ല്യൂടിഒയുടെ പ്രവചനം ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാവും. ഇന്ത്യയുടെ ചരക്കുകയറ്റുമതി 19 മാസത്തിനിടെ ആദ്യമായി സെപ്റ്റംബറില്‍ 3.5 ശതമാനം ആണ് ചുരുങ്ങിയത്. സെപ്റ്റംബറില്‍ നാലാം തവണയും ഇന്ത്യ വിദേശ വ്യാപാര നയത്തിന്റെ കാലാവധി നീട്ടിയിരുന്നു. ആഗോള സാമ്പത്തിക-രാഷ്ട്രീയ പ്രതിസന്ധികളും രൂപയുടെ ഇടിവും കണക്കിലെടുത്താണ് ഇന്ത്യ വ്യാപാര നയം തുടരുന്നത്.

Tags:    

Similar News