'ഓരോ ജില്ലയ്ക്കും വേണം ഓരോ ഉല്‍പ്പന്നം'; അക്ഷയ് അഗര്‍വാള്‍ വ്യക്തമാക്കുന്നു

പിണറായി വിജയന്‍ കേരള വികസനത്തിനായി ചെയ്ത 3 കാര്യങ്ങള്‍ എന്തെല്ലാം? ഉടനടി ചെയ്യേണ്ട 3 കാര്യങ്ങളെന്ത്? വ്യവസായ പ്രമുഖര്‍ക്കിടയില്‍ നിന്നും ധനം ശേഖരിച്ച അഭിപ്രായങ്ങളില്‍ ഇന്ന് അക്യുമെന്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്റ്ററും ഇന്ത്യന്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് പ്രസിഡന്റുമായ അക്ഷയ് അഗര്‍വാള്‍.

Update:2021-01-31 11:00 IST

പിണറായി വിജയന്‍ നയിക്കുന്ന മന്ത്രിസഭയുടെ കാലാവധി അവസാനിക്കാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കേ, ധനം, ഈ മുഖ്യമന്ത്രി കേരള വികസനത്തിന് എന്തുചെയ്തു എന്ന അന്വേഷണമാണ് നടത്തുന്നത്. കേരളത്തില്‍ നല്ല മാറ്റങ്ങള്‍ സൃഷ്ടിക്കുന്ന 100 ദിന കര്‍മപരിപാടികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുകയാണ് സര്‍ക്കാര്‍. സംസ്ഥാനത്ത് സാമൂഹ്യ സുരക്ഷ ഉറപ്പാക്കാനും തൊഴിലുകള്‍ സൃഷ്ടിക്കപ്പെടാനും സംരംഭകത്വം വളരാനും ചെയ്യേണ്ട കാര്യങ്ങള്‍ പല വ്യവസായ പ്രമുഖരും ചൂണ്ടിക്കാട്ടുന്നു. അവ സാക്ഷാത്കരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രത്യേക കര്‍മപരിപാടി ആവിഷ്‌കരിച്ച് നടപ്പാക്കുകയാണെങ്കില്‍, കേരളത്തിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും ക്രിയാത്മകവും നിശ്ചയദാര്‍ഢ്യവുമുള്ള ചുവടുവെപ്പാകുമത്. കേരളത്തിലെ ബിസിനസ് നായകര്‍ പറയുന്ന പിണറായി സര്‍ക്കാരിന്റെ ആ 3 നല്ല കാര്യങ്ങളും ഇനി ചെയ്യേണ്ട 3 കാര്യങ്ങളും വായിക്കാം. ഇന്ന് അക്യുമെന്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്റ്ററും ഇന്ത്യന്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് പ്രസിഡന്റുമായ അക്ഷയ് അഗര്‍വാള്‍.

മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയ്ത നല്ല 3 കാര്യങ്ങള്‍

  1. ജില്ലാ ബാങ്കുകളെയും സംസ്ഥാന സഹകരണ ബാങ്കുകളെയും ലയിപ്പിച്ച് കേരള ബാങ്ക് യാഥാര്‍ത്ഥ്യമാക്കി.
  2. 2018ലെ മഹാപ്രളയത്തെയും കോവിഡ് മഹാമാരിയെയും അദ്ദേഹത്തിന്റെ ഭരണകൂടം വളരെ മികച്ച രീതിയില്‍ മാനേജ് ചെയ്യുക മാത്രമല്ല, ഈ രണ്ട് സന്ദര്‍ഭങ്ങളിലും കാഴ്ചവെച്ച പ്രവര്‍ത്തനം ആഗോളശ്രദ്ധ ആകര്‍ഷിക്കുകയും ചെയ്തു.
  3. അടിസ്ഥാനസൗകര്യ വികസന രംഗത്തുണ്ടാക്കിയ നേട്ടം. റോഡ് പദ്ധതികള്‍, ഗെയ്ല്‍ പൈപ്പ് ലൈന്‍ പദ്ധതി എന്നിവ എടുത്തുപറയാം

ഉടനടി ചെയ്യേണ്ട 3 കാര്യങ്ങള്‍

  1. സാധാരണക്കാര്‍ക്ക് നേരിട്ട് കൂടുതല്‍ മെച്ചം കിട്ടുന്ന വിധത്തില്‍ കുടുംബശ്രീ കൂടുതല്‍ മെച്ചപ്പെടുത്തി വ്യാപകമാക്കണം.
  2. സംസ്ഥാനത്തിന്റെ സുപ്രധാന വരുമാനമാര്‍ഗങ്ങളായി ലോട്ടറി, മദ്യം എന്നീ രണ്ട് ദുര്‍വൃത്തികളെ അമിതമായി ആശ്രയിക്കുന്ന രീതി മാറ്റി ബദല്‍ വരുമാനമാര്‍ഗങ്ങള്‍ സര്‍ക്കാര്‍ കണ്ടെത്തണം. ഫ്‌ളെഡ് സെസ് ഒഴിവാക്കുകയും വേണം.
  3. സംസ്ഥാനത്തെ ഓരോ ജില്ലയ്ക്കും തനതായ ഓരോ ഉല്‍പ്പന്നം അവതരിപ്പിക്കണം. ആ ജില്ലയെ ആ ഉല്‍പ്പന്നത്തിന്റെ ഹബ്ബ് ആക്കി മാറ്റണം. ഉദാഹരണത്തിന് കോതമംഗലം ഫര്‍ണിച്ചര്‍ ഹബ്ബായ പോലെ, വാഴക്കുളം പൈനാപ്പിള്‍ കേന്ദ്രമായതുപോലെ.
Tags:    

Similar News