അടുത്ത 5-കൊല്ലം കേരളം എങ്ങനെ വളരും; മാനിഫെസ്റ്റോകള്‍ നിശ്ശബ്ദം

വാഗ്ദാനങ്ങള്‍ ഏറെയുണ്ടെങ്കിലും അവ നടപ്പാക്കാനുള്ള വഴിയെന്തെന്ന കാര്യത്തില്‍ മുന്നണികള്‍ മൗനം പാലിക്കുന്നു

Update:2021-03-25 18:40 IST

അടുത്ത 5-കൊല്ലം കേരളത്തിന്റെ സാമ്പത്തിക മേഖലയുടെ വളര്‍ച്ച എന്താവും. അതിനുള്ള വഴികള്‍ എന്താണ്. അടുത്ത 5-കൊല്ലം കേരളം ഭരിക്കുന്നതിന് തയ്യാറെടുക്കുന്ന പ്രമുഖ രാഷ്ട്രീയ മുന്നണികള്‍

പുറത്തിറക്കിയിട്ടുള്ള പ്രകടന പത്രികകള്‍ വിശകലനം ചെയ്താല്‍ കിട്ടുന്ന ഉത്തരം പൂജ്യം എന്നായിരിക്കും. സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖല അഭിമുഖീകരിയ്ക്കുന്ന തനതായ പ്രതിസന്ധികളും, അവ എങ്ങനെ മറികടക്കുമെന്ന അന്വേഷണവും പ്രധാന മുന്നണികള്‍ മാനിഫെസ്റ്റോയില്‍ ഇടം പിടിച്ചിട്ടില്ല.
നിറയെ വാഗ്ദാനങ്ങള്‍ വാരി വിതറിയിട്ടുണ്ടെങ്കിലും അവ നിറവേറ്റുന്നതിനുള്ള മാര്‍ഗവും, പദ്ധതികളുടെയും അഭാവം വളരെ വ്യക്തമാണ്. പെന്‍ഷനുകളടക്കമുള്ള ക്ഷേമ പദ്ധതികളുടെ വിശകലനം സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയുടെ ദുര്‍ബലമായ അടിത്തറ വ്യക്തമാക്കും. സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികള്‍ പ്രാബല്യത്തില്‍ ഉള്ള രാജ്യങ്ങളില്‍ നികുതി നിരക്ക് വളരെ കൂടുതലാണ്. സ്‌കാന്‍ഡിനേവ്യന്‍ രാജ്യങ്ങള്‍ മുതല്‍ ബ്രിട്ടന്‍ വരെ അതിനുള്ള ഉദാഹരണങ്ങളാണ്. ബ്രിട്ടനിലെ പ്രശസ്തമായ ദേശീയ ആരോഗ്യ പദ്ധതിയുടെ വിജയത്തിന്റെ രഹസ്യം ദേശീയ വരുമാനത്തിന്റെ 40 ശതമാനത്തിലധികം നികുതി ഈടാക്കുന്നതാണെന്ന് പ്രശസ്ത സാമ്പത്തിക വിദഗ്ധനയാ പുലാപ്ര ബാലകൃഷ്ണന്‍ ചൂണ്ടിക്കാട്ടുന്നു. സ്വീഡന്‍, ഡെന്മാര്‍ക്ക്, നോര്‍വെ തുടങ്ങിയ രാജ്യങ്ങളിലെ ഉയര്‍ന്ന ആദായ നികുതി യഥാക്രമം 57.3, 55.8, 46.6 ശതമാനം എന്നീ നിരക്കുകളിലാണ്. ഒരു വ്യക്തിയുടെ ശമ്പളത്തിന്റെ 40-45 ശതമാനം വരെ നികുതിയായി പിരിക്കുന്നതിന്റെ ബലത്തിലാണ് സൗജന്യ വിദ്യാഭ്യാസം, പൊതുജനാരോഗ്യം, മറ്റുള്ള ക്ഷേമ പ്രവര്‍ത്തനങ്ങളും ഈ രാജ്യങ്ങള്‍ നിറവേറ്റുന്നത്. ക്ഷേമ പ്രവര്‍ത്തനം സര്‍ക്കാരിന്റെ ഔദാര്യമെന്നതിനു പകരം പൗരന്റെ അവകാശമാകുന്ന ഒരു രീതിയാണ് മേല്‍പ്പറഞ്ഞ രാജ്യങ്ങളില്‍ നിലനില്‍ക്കുന്നത്. മേല്‍പ്പറഞ്ഞ സമ്പ്രദായവുമായി കേരളത്തിലെ സ്ഥിതി താരതമ്യം ചെയ്യാനാവില്ല. നമ്മുടെ നികുതി നിരക്കുകള്‍ കുറവാണെന്നു മാത്രമല്ല നികുതി പിരിവിന്റെ കാര്യക്ഷമത പരിതാപകരവുമാണ്. ഈയൊരു പശ്ചാത്തലത്തിലാണ് ക്ഷേമ പെന്‍ഷനുകള്‍ ഇപ്പോഴത്തെ പ്രതിമാസം 1,600 രൂപയില്‍ നിന്നും 2,500, 3,000, 3,500 എന്നീ നിലയിലേക്ക് വര്‍ദ്ധിപ്പിക്കുമെന്ന വാഗ്ദാനങ്ങള്‍ വിലയിരുത്താനാവുക. പെന്‍ഷന്‍ ഘട്ടംഘട്ടമായി 2,500 രൂപയാക്കുമെന്ന ഇടതു മുന്നണിയുടെ വാഗ്ദാനമാണ് കുറച്ചെങ്കിലും യാഥാര്‍ത്ഥ്യബോധം പ്രകടപ്പിക്കുന്നത്. ഐക്യ ജനാധിപത്യ മുന്നണി 3,000 രൂപയും ബിജെപി-യുടെ എന്‍ഡിഎ മുന്നണി 3,500 രൂപയുമാണ് വാഗ്ദാനം ചെയ്യുന്നത്. ക്ഷേമ പെന്‍ഷന്‍ ഇത്രയും തുകയായി ഉയര്‍ത്തുന്നതിന് വേണ്ട സാമ്പത്തിക ബാധ്യതയും, അതിനുള്ള പണം സംഭരിക്കുന്നതിനെ പറ്റിയും ഇരുകൂട്ടരും നിശ്ശബ്ദത പാലിക്കുന്നു.
കേരളത്തിന്റെ സാമ്പത്തിക മേഖലയുടെ കാര്യമെടുത്താലും മുന്നണികളുടെ ദിശാബോധം ഇല്ലായ്മ വ്യക്തമാണ്. ക്ഷേമ ചെലവുകളും, മറ്റു ദൈനംദിന ചെലവുകളും കഴിഞ്ഞാല്‍ കേരളത്തില്‍ സര്‍ക്കാരിന്റെ കൈയില്‍ മൂലധന ചെലവിന് നീക്കിയിരുപ്പുകള്‍ ഒന്നുമുണ്ടാവില്ലെന്ന വാസ്തവം ഇടതു മുന്നണിയുടെ പത്രിത വ്യക്തമാക്കുന്നു. പശ്ചാത്തല വികസനമാണ് കേരളത്തിന്റെ വികസനത്തിനുള്ള ഒറ്റമൂലിയെന്ന സമീപനമാണ് അവരുടെ വീക്ഷണം. അതിന് കണ്ടെത്തിയ മാര്‍ഗം കിഫ്ബിയും. അതായത് വിപണിയില്‍ നിന്നും കടം വാങ്ങിയുള്ള വികസനം. കടം തിരിച്ചടക്കുന്നതിന് സഹായിക്കുന്ന നിലയില്‍ ദ്രുതഗതയിലുള്ള വളര്‍ച്ച കേരളം കൈവരിക്കുമെന്ന ആത്മവിശ്വാസത്തിന്റെ അടിത്തറയിലാണ് കിഫ്ബി-കേന്ദ്രിത വികസനത്തിന്റെ സ്പന പദ്ധതികള്‍. സ്വകാര്യ മൂലധനത്തിനോടുള്ള അലര്‍ജി പൂര്‍ണ്ണമായും കൈയൊഴിഞ്ഞുവെന്നതാണ് ഇടതു മുന്നണിയുടെ മാനിഫെസ്റ്റോവിന്റെ സവിശേഷത. 10,000 കോടി രൂപയുടെ സ്വകാര്യ മൂലധന നിക്ഷേപത്തെ ആകര്‍ഷിക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിക്കും എന്നാണ് വാഗ്ദാനം. കേരളത്തെ വിജ്ഞാന സമ്പദ്ഘടനയാക്കുമെന്നാല്ലമുള്ള നെടുങ്കന്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടെങ്കിലും അതിലേക്കു നയിക്കുന്ന വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ ഒന്നും കാണാനില്ല.
ലോകോത്തരം എന്ന വാക്ക് എല്ലാ വാഗ്ദാനങ്ങളുടയും മുമ്പില്‍ ചേര്‍ത്തിരിക്കുന്നു എന്നതാണ് യുഡിഎഫ് മാനിഫെസ്റ്റോയുടെ സവിശേഷത. ലോകോത്തര വികസനം, ലോകോത്തര അടിസ്ഥാന സൗകര്യ വികസനം എന്നീ തലക്കെട്ടുകളിലെ യുഡിഎഫിന്റെ വാഗ്ദാനങ്ങളിലും ഇതിന് വേണ്ടുന്ന പണം സ്വരൂപിക്കുന്നതിനെ പറ്റിയുള്ള സൂചനകള്‍ ഒന്നുമില്ല. ബിജെപി-യുടെ കാര്യത്തിലും ഇതു തന്നെയാണ് സ്ഥിതി. സര്‍ക്കാരിന്റെ ചെലവ് 30 ശതമാനം വെട്ടിക്കുറയ്ക്കും എന്നാണ് ബിജെപി മുന്നണിയുടെ ശ്രദ്ധേയമായ കാര്യം. ഇത് യഥാര്‍ത്ഥത്തില്‍ നടപ്പിലാവണമെങ്കില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ എണ്ണം ഗണ്യമായി കുറയ്‌ക്കേണ്ടി വരും. കേരളത്തിന്റെ സാഹചര്യത്തില്‍ ഏതെങ്കിലും രാഷ്ട്രീയ കക്ഷി അത്തരം ഒരു നടപിക്ക് തയ്യാറാവുമോയെന്ന കാര്യം ചിന്തനീയമാണ്.
ചരക്കു-സേവന നികുതി നടപ്പിലായതോടെ സംസ്ഥാനങ്ങള്‍ക്ക് തനതായ വിഭവ സമാഹരണത്തിനുള്ള പരിമിതികള്‍ വ്യക്തമായ സാഹചര്യത്തില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, മദ്യം, ലോട്ടറി, രജിസ്‌ട്രേഷന്‍, സ്റ്റാമ്പ് ഡ്യൂട്ടി തുടങ്ങിയ മേകലകള്‍ മാത്രമാണ് സംസ്ഥാനങ്ങള്‍ക്ക് തനതായ വരുമാനം ലഭിക്കുന്നതിനുള്ള മേഖലകള്‍. ഈ മോഖലകളില്‍ നിന്നെല്ലാം സാധ്യമായതിന്റെ പരമാവധി നികുതി ഇപ്പോള്‍ തന്നെ വസൂലാക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തിന്റെ സ്വന്തം നിലയിലുള്ള മൂലധന സമാഹരണത്തിന്റെ സാധ്യതകള്‍ എന്തെല്ലാമാണെന്ന ചോദ്യമാണ് സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ടവര്‍ പ്രധാനമായും ഉന്നയിക്കുന്നത്. കടം വാങ്ങലാണ് സര്‍ക്കാരിന്റെ മുന്നിലുള്ള മാര്‍ഗമെന്നാണ് ഇടതു മുന്നണി പ്രധാനമായും മുന്നോട്ടു വയ്ക്കുന്ന പരിഹാരം. യുഡിഎഫും, ബിജെപി-യും ഈ വിഷയത്തെ അഭിമുഖീകരിക്കുന്നതിന് പകരം വാഗ്ദാനങ്ങള്‍ മാത്രം നല്‍കുന്നു. നിയമസഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഉച്ചസ്ഥായിലെത്തുന്നതോടെ മാനിഫെസ്റ്റോയിലെ വാഗ്ദാനങ്ങള്‍ക്കു പകരം ഹരം പിടിപ്പിക്കുന്ന ആരോപണങ്ങളും, പ്രത്യാരോപണങ്ങളുമായിരിക്കും വരുംദിനങ്ങളില്‍
കളം നറയുക.


Tags:    

Similar News