ശരാശരി ആസ്തി ₹60 കോടി; കര്‍ണാടകയിലേത് കോടീശ്വരന്മാരുടെ നിയമസഭ

കോണ്‍ഗ്രസ് നേതാവും നിയുക്ത ഉപമുഖ്യമന്ത്രിയുമായ ഡി.കെ. ശിവകുമാര്‍ ആണ് ഏറ്റവും സമ്പന്നന്‍

Update:2023-05-19 12:07 IST

Image : Canva

രാജ്യം മുഴുവന്‍ ഉറ്റുനോക്കിയ നിയമസഭാ തിരഞ്ഞെടുപ്പ് പോരാട്ടത്തിനാണ് കഴിഞ്ഞവാരം കര്‍ണാടകയില്‍ തിരശീല വീണത്. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമി-ഫൈനലുകളിലൊന്ന് എന്ന് വിശേഷിപ്പിക്കപ്പെട്ട കര്‍ണാടക തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്തി കോണ്‍ഗ്രസ് അധികാരം പിടിച്ചെടുത്തു. 2024ല്‍ ബി.ജെ.പിക്ക് കാര്യങ്ങള്‍ അത്ര നിസാരമാവില്ലെന്ന സൂചനയാണ് കര്‍ണാടക ഫലം നല്‍കുന്നത്. ഏറെ വൈകാതെ നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കടക്കുന്ന രാജസ്ഥാനില്‍ ഉള്‍പ്പെടെ മത്സരം തീപാറുമെന്ന് കര്‍ണാടകാഫലം ചൂണ്ടിക്കാട്ടുന്നു.

ഇത്രയും പറഞ്ഞത് രാഷ്ട്രീയം! ഇനി സാമ്പത്തികത്തിലേക്ക് കടക്കാം. ഇന്ത്യയില്‍ ഏറ്റവുമധികം സമ്പത്തുള്ള എം.എല്‍.എമാര്‍ എവിടെയാണെന്ന് ചോദിച്ചാല്‍ ഇനി കര്‍ണാടക എന്ന് ഉത്തരം പറയാം. തിരഞ്ഞെടുപ്പ് ഫലാനന്തരം, വിജയിച്ചവരുടെ ആസ്തി കണക്കാക്കിയാല്‍ കര്‍ണാടക എം.എല്‍.എമാരുടെ ശരാശരി സമ്പത്ത് 64.4 കോടി രൂപയാണെന്ന് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 224 എം.എല്‍.എമാരാണ് കര്‍ണാടകയിലുള്ളത്.

അതിസമ്പന്നന്‍ ഡി.കെ ശിവകുമാര്‍
ശരാശരി 28 കോടി രൂപ ആസ്തിയുമായി ആന്ധ്രാപ്രദേശ് എം.എല്‍.എമാരാണ് രണ്ടാമത്. മൂന്നാമത് മഹാരാഷ്ട്രക്കാരാണ്; ശരാശരി 22.42 കോടി രൂപ. കര്‍ണാടകയിലെ പുതിയ അസംബ്ലി കണക്കിലെടുത്താല്‍ അധികാരം നേടിയ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ തന്നെയാണ് ആസ്തിയിലും മുന്നില്‍. 67.13 കോടി രൂപയാണ് കോണ്‍ഗ്രസ് എം.എല്‍.എമാരുടെ ശരാശരി ആസ്തി. ബി.ജെ.പിയുടേത് 44.4 കോടി രൂപ. ജെ.ഡി.എസിന്റേത് 46 കോടി രൂപ.
കോണ്‍ഗ്രസ് നേതാവും നിയുക്ത ഉപമുഖ്യമന്ത്രിയുമായ ഡി.കെ. ശിവകുമാര്‍ ആണ് കര്‍ണാടക എം.എല്‍.എമാരില്‍ ഏറ്റവും സമ്പന്നന്‍; ആസ്തി 1,413 കോടി രൂപ. മറ്റൊരു കോണ്‍ഗ്രസ് എം.എല്‍.എയായ പ്രിയ കൃഷ്ണയുടെ ആസ്തി 1,156 കോടി രൂപ. ഇവരെ ഒഴിവാക്കിയാല്‍, മറ്റ് കോണ്‍ഗ്രസ് എം.എല്‍.എമാരുടെ ശരാശരി ആസ്തി 48.5 കോടി രൂപയാണ്.

വീണ്ടും ജയിച്ചവര്‍ക്ക് വന്‍ ആസ്തി
2018ല്‍ എം.എല്‍.എയായി തിരഞ്ഞെടുക്കപ്പെടുകയും 2023ല്‍ വീണ്ടും ജയിക്കുകയും ചെയ്ത കര്‍ണാടക എം.എല്‍.എമാരുടെ ആസ്തിയിലുണ്ടായിട്ടുള്ളത് വന്‍ വളര്‍ച്ചയാണ്. 2018ല്‍ കോണ്‍ഗ്രസ് എം.എല്‍.എമാരുടെ ശരാശരി ആസ്തി 53 കോടി രൂപയായിരുന്നത് 2023ല്‍ 90 കോടി രൂപയായി. ബി.ജെ.പിയുടേത് 27 കോടി രൂപയില്‍ നിന്ന് 46 കോടി രൂപയിലെത്തി. 54 കോടി രൂപയില്‍ നിന്ന് 75 കോടി രൂപയായാണ് വീണ്ടും ജയിച്ച ജെ.ഡി.എസ് എം.എല്‍.എമാരുടെ ശരാശരി ആസ്തി.

സമ്പന്ന കര്‍ണാടക
കര്‍ണാടകയിലെ പുതിയ എം.എല്‍.എമാരില്‍ 50 ലക്ഷം രൂപയ്ക്ക് താഴെ ആസ്തിയുള്ളവര്‍ വെറും ഒരു ശതമാനമാണ്. അതേസമയം, അഞ്ച് കോടി രൂപയ്ക്കുമേല്‍ ആസ്തിയുള്ളവര്‍ 81 ശതമാനവും! 14 ശതമാനം പേര്‍ക്ക് രണ്ടുകോടിക്കും അഞ്ചുകോടിക്കും മദ്ധ്യേ ആസ്തിയുണ്ട്. 50 ലക്ഷത്തിനും രണ്ടുകോടി രൂപയ്ക്കും മദ്ധ്യേ ആസ്തിയുള്ളവര്‍ 4 ശതമാനം.
Tags:    

Similar News