നികുതിക്കേസുകള്‍ തീര്‍ക്കാന്‍ ആംനെസ്റ്റി 2024: ചെറുകിട കച്ചവടക്കാര്‍ക്ക് ആശ്വാസമാകും
കേരള ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ച നികുതി കുടിശിക തീര്‍പ്പാക്കല്‍ പദ്ധതിയുടെ സവിശേഷതകള്‍
രാജ്യത്തെ ബിസിനസുകള്‍ ചരക്ക് സേവന നികുതിയിലേക്ക് (GST) മാറിയെങ്കിലും അതിന് മുമ്പ് സംസ്ഥാനത്തുണ്ടായിരുന്ന നികുതി നിയമങ്ങളുടെ നൂലാമാലകളില്‍ നിന്ന് പതിനായിരക്കണക്കിന് കച്ചവടക്കാര്‍ക്ക് തലയൂരാന്‍ സാധിച്ചിരുന്നില്ല. ഇത്തരം നികുതി നിയമങ്ങളുടെ കീഴില്‍ സര്‍ക്കാരിന് കുടിശികയായി ലഭിക്കാനുള്ളത് ഏതാണ്ട് 14,000ഓളം കോടി രൂപയാണെന്ന് ധനമന്ത്രി ബജറ്റില്‍ വ്യക്തമാക്കി.
നവകേരള സദസ്സിലൂടെ ലഭിച്ച ധാരാളം നിവേദനങ്ങളുടെ അടിസ്ഥാനത്തില്‍ കൂടിയാണ് ആംനെസ്റ്റി 2024 പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന് മുമ്പ് പ്രഖ്യാപിച്ച ആംനെസ്റ്റി സ്‌കീമുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ന് ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതി ഏറെ ആകര്‍ഷകമാണെന്ന് ഹൈക്കോടതിയിലെ അഭിഭാഷകനും ജി.എസ്.ടി വിദഗ്ധനുമായ അഡ്വ. കെ.എസ്. ഹരിഹരന്‍ അഭിപ്രായപ്പെട്ടു.
ആംനെസ്റ്റി 2024ന്റെ സവിശേഷതകള്‍
- കേരള മൂല്യവര്‍ധിത നികുതി നിയമം (VAT), കേരള കാര്‍ഷിക ആദായ നികുതി നിയമം, കേരള പൊതുവില്‍പ്പന നികുതി നിയമം, കേരള ആഡംബര നികുതി നിയമം, കേരള നികുതിയിന്മേലുള്ള സര്‍ചാര്‍ജ് നിയമം എന്നിവയ്ക്ക് കീഴിലെ കുടിശികകള്‍ക്ക് ഈ പദ്ധതി ബാധകമായിരിക്കും.
- ബാര്‍ ഹോട്ടലുകള്‍, ഡിസ്റ്റിലറികള്‍ ഉള്‍പ്പടെയുള്ള പൊതുവില്‍പ്പന നികുതി നിയമത്തിലെ ടേണോവര്‍ ടാക്സ്, കോമ്പൗണ്ടിംഗ് നികുതി എന്നിവയുടെ കുടിശികള്‍ക്ക് ഈ പദ്ധതി ബാധകമായിരിക്കില്ല.
- ജി.എസ്.ടി നിയമം വരുന്നതിന് മുമ്പ് നടന്ന കച്ചവടത്തെ ആസ്പദമാക്കിയുള്ള നികുതി കുടിശികകള്‍ക്ക് ഈ പദ്ധതി ബാധകമായിരിക്കും
- ഈ പദ്ധതിയിലൂടെ കുടിശികകളുടെ പിഴയും പലിശയും പൂര്‍ണമായും ഒഴിവാക്കും
- ഈ പദ്ധതിയില്‍ കുടിശികകളെ അവയിലെ നികുതി തുകയെ അടിസ്ഥാനമാക്കി നാല് സ്ലാബുകളാക്കി തിരിച്ചിട്ടുണ്ട്.
a. ഒന്നാമത്തെ സ്ലാബ്: 50,000 രൂപ വരെ നികുതി തുകയുള്ള കുടിശികകളെ അവയുടെ പിഴയും പലിശയുമടക്കം പൂര്‍ണമായും ഒഴിവാക്കും. ആകെയുള്ള കുടിശിക തുകയുടെ ഒരു ശതമാനത്തില്‍ താഴെ മാത്രമാണ് ഈ സ്ലാബിലുള്ളത്. ഏതാണ്ട് 20,000 കുടിശികകള്‍ ഇങ്ങനെ തീര്‍പ്പാകും.
b. രണ്ടാമത്തെ സ്ലാബ്: 50,000 രൂപ മുതല്‍ പത്തുലക്ഷം രൂപ വരെ നികുതി തുകയ്ക്കുള്ള കുടിശികകള്‍ക്ക് നികുതി തുകയുടെ 30 ശതമാനം അടച്ചാല്‍ മതി.
c. മൂന്നാമത്തെ സ്ലാബ്: പത്തു ലക്ഷം രൂപ മുതല്‍ ഒരു കോടി രൂപ വരെ നികുതി കുടിശികകള്‍ക്ക് രണ്ട് തരം പദ്ധതികളാണുള്ളത്.
അപ്പീലിലുള്ള കുടിശികകള്‍ക്ക് നികുതി തുകയുടെ 40 ശതമാനം ഒടുക്കിയാല്‍ മതി.
അപ്പീലില്‍ ഇല്ലാത്ത കുടിശികകള്‍ തീര്‍പ്പാക്കാന്‍ നികുതി തുകയുടെ 50 ശതമാനം അടയ്ക്കണം.
d. നാലാമത്തെ സ്ലാബ്: ഒരു കോടിയില്‍ അധികം നികുതി തുകയുള്ള കുടിശികകള്‍ക്ക്. രണ്ട് തരം പദ്ധതികളുണ്ട്.
അപ്പീലിലുള്ള കുടിശികകള്‍ക്ക് നികുതി തുകയുടെ 70 ശതമാനം അടച്ചാല്‍ മതി. അപ്പീലില്‍ ഇല്ലാത്ത കുടിശികകള്‍ തീര്‍പ്പാക്കാന്‍ നികുതി തുകയുടെ 80 ശതമാനം അടയ്ക്കണം.
ഈ വര്‍ഷം ഡിസംബര്‍ 31നാണ് പദ്ധതിയില്‍ ചേരുന്നതിനുള്ള അവസാന തീയതി. പദ്ധതിയില്‍ ചേരാന്‍ വൈകിയാല്‍ പദ്ധതി പ്രകാരം ലഭിക്കുന്ന ആനുകൂല്യം കുറയും.
ടൂറിസം മേഖലയ്ക്ക് പ്രാധാന്യം ഏറി വരുന്ന കാലത്ത് കുടിശികയുടെ നൂലാമാലയിലുള്ള ബാര്‍ ഹോട്ടലുകള്‍ക്ക് വ്യത്യസ്തമായ നിബന്ധനകളോടെയെങ്കിലും ആംനെസ്റ്റി പ്രഖ്യാപിക്കണമായിരുന്നുവെന്ന് അഡ്വ. കെ.എസ്. ഹരിഹരന്‍ അഭിപ്രായപ്പെട്ടു.