നേരത്തെ റിട്ടയര്‍ ചെയ്യാം, എങ്ങനെ അടിപൊളിയായി ജീവിക്കാം?

പ്രായം നാല്‍പ്പതിലെത്തുമ്പോള്‍ തന്നെ ജോലിയില്‍ നിന്ന് വിരമിക്കാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണം കൂടി വരികയാണ്. നേരത്തെ വിരമിച്ച് ജീവിതത്തില്‍ തകര്‍പ്പന്‍ സെക്കന്റ് ഇന്നിംഗ്‌സ് തുടങ്ങാന്‍ എന്ത് ചെയ്യണം?

Update:2024-06-16 11:00 IST


രാജ്യത്തെ മുന്‍നിര ഐ.ടി കമ്പനിയില്‍ ബിരുദ പഠനം കഴിഞ്ഞ് നേരെ ജോലിയില്‍ കയറിയതാണ് ലിപിന്‍രാജ് (പേര് യഥാര്‍ത്ഥമല്ല). ഇപ്പോള്‍ പ്രായം നാല്‍പ്പതിലെത്തി. ഇപ്പോള്‍ ചിന്ത എങ്ങനെയും ജോലി ഉപേക്ഷിക്കുന്നതിനെ കുറിച്ച് മാത്രമാണ്. സമ്മര്‍ദ്ദം താങ്ങാനാകുന്നില്ല എന്നതാണ് കാരണമായി പറയുന്നത്. ജോലി ചെയ്യാന്‍ വേണ്ടി മാത്രം ജീവിക്കുന്നതുപോലെ. പക്ഷേ ലിപിന്‍രാജിന് നേരത്തെ ജോലിയില്‍ നിന്ന് വിരമിക്കാനും പറ്റുന്നില്ല.

ഭാര്യയ്ക്ക് ജോലിയില്ല. ഏകമകന്‍ കിന്റര്‍ഗാര്‍ട്ടനില്‍ പോലും പോയി തുടങ്ങിയിട്ടില്ല. അഞ്ചു വര്‍ഷം കൂടി പിടിച്ചുനിന്ന് സമ്പാദ്യമുണ്ടാക്കി ജോലി വിടാനുള്ള ശ്രമത്തിലാണിപ്പോള്‍. ഇത് ഐടി രംഗത്തുള്ളവരുടെ മാത്രംചിന്തയല്ല. പി.എസ്.സി ടെസ്റ്റ് എഴുതി സര്‍ക്കാര്‍ സര്‍വീസില്‍ കയറുന്ന പുതുതലമുറയ്ക്കും 55-58 വയസുവരെ ജോലി ചെയ്യുന്ന കാര്യം ചിന്തിക്കാന്‍ പോലും പറ്റുന്നില്ല. 'ബോറിംഗ്, നോട്ട് എക്‌സൈറ്റിംഗ്' ഇതാണ് സര്‍ക്കാര്‍ ജോലിയെ കുറിച്ച് യുവാക്കള്‍ പറയുന്നത്.

നല്ല വസ്ത്രങ്ങള്‍ പോലും ആഗ്രഹത്തിനൊത്ത് വാങ്ങാതെ, മനസ് നിറഞ്ഞ് ഭക്ഷണം പോലും കഴിക്കാതെ, യാത്രകള്‍ ചെയ്യാതെ ജോലി ചെയ്ത് കിട്ടുന്ന പണം മുഴുവന്‍ സമ്പാദിച്ച് കഴിഞ്ഞുപോന്ന ഒരു തലമുറയുടെ പിന്‍ഗാമികള്‍ക്ക് ഇപ്പോള്‍ ഇതുപോലെ നരകിക്കാന്‍ താല്‍പ്പര്യമില്ല.

ആഗ്രഹങ്ങള്‍ മാത്രം പോര!

നേരത്തെ വിരമിക്കണം, അടിപൊളിയായി ജീവിക്കണം എന്ന് വെറുതെ ആഗ്രഹിച്ചാല്‍ മാത്രം പോര. കൃത്യമായ ആസൂത്രണവും അതിന് വേണം. എങ്ങനെ വേണം ആസൂത്രണം എന്നതില്‍ എല്ലാവര്‍ക്കും പറ്റുന്ന ഒരു ഫോര്‍മുല നിര്‍ദേശിക്കാനുമാവില്ല. ഓരോ വ്യക്തിയും അവരുടെ ജീവിത ലക്ഷ്യങ്ങളും സാമ്പത്തിക സാഹചര്യങ്ങളും ആരോഗ്യവും മനോഭാവവും എല്ലാം പരിഗണിച്ച് ചെയ്യേണ്ട കാര്യമാണിത്.

FIRE (Financial Independence, Retire Early) പൊതുവെ നേരത്തെ വിരമിച്ച് ജീവിതം ആസ്വദിക്കാനുള്ള ലക്ഷ്യത്തെ ഇങ്ങനെയാണ് വിശേഷിപ്പിക്കുന്നത്. 1992ല്‍ വിക്കി റോബിനും ജോസഫ് ഡൊമിന്‍ഗസും ചേര്‍ന്നെഴുതിയ Your Money or Your Life എന്ന പുസ്തകത്തിലാണ് FIRE എന്ന ആശയം അവതരിപ്പിക്കപ്പെട്ടത്. അതൊരു മൂവ്‌മെന്റായി പിന്നീട് മാറി. ഇങ്ങനെ ഒരു ആശയത്തില്‍ ആകൃഷ്ടരായിട്ടൊന്നുമല്ല ഇപ്പോള്‍ നമ്മുടെ നാട്ടിലെ ഭൂരിഭാഗം ചെറുപ്പക്കാരും നേരത്തെ റിട്ടയര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നത്. വീടിനും കാറിനും എല്ലാം വായ്പ എടുത്ത് അത് അടച്ചുതീര്‍ക്കാന്‍ വേണ്ടി കഷ്ടപ്പെട്ട് പണിയെടുത്ത് ജീവിതം തുലയ്ക്കാന്‍ വയ്യെന്ന ചിന്തയാണ് കാരണം.

പരമ്പരാഗത വിരമിക്കല്‍ പ്രായമായ 55-60 വയസിനേക്കാള്‍ മുമ്പ്  റിട്ടയര്‍ ചെയ്യാന്‍ കൂടുതല്‍ പേര്‍ തയാറാകുന്നുണ്ടെന്നാണ് അടുത്തിടെ പുറത്തുവന്ന പല സര്‍വെ ഫലങ്ങളും വെളിപ്പെടുത്തുന്നത്. പി.ജി.ഐ.എം ഇന്ത്യ മ്യൂച്വല്‍ ഫണ്ട് നടത്തിയ സര്‍വെ നേരത്തെയുള്ള റിട്ടയര്‍മെന്റ് പ്ലാനിംഗില്‍ 67 ശതമാനം വര്‍ധനയുണ്ടായിട്ടുണ്ടെന്ന് വെളിപ്പെടുത്തുന്നു.

അതായത് സാമ്പത്തിക സ്ഥിരത നേടി നേരത്തെ ജോലി വിടുന്ന കാര്യം നേടിയെടുക്കാന്‍ പറ്റാത്ത ലക്ഷ്യമൊന്നുമല്ലെന്ന് യുവസമൂഹം തിരിച്ചറിഞ്ഞു കഴിഞ്ഞു. പക്ഷേ ഇത്തരമൊരു ലക്ഷ്യം നേടിയെടുക്കാന്‍ പറ്റുമോയെന്ന് സംശയിക്കുന്ന സാമ്പത്തിക വിദഗ്ധരുമുണ്ട്. കാപ്പിറ്റല്‍മൈന്‍ഡ് സ്ഥാപകനും സി.ഇ.ഒയുമായ ദീപക് ഷേണായ് അടുത്തിടെ തന്റെ പോഡ്കാസ്റ്റില്‍ പറഞ്ഞത്: ''സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനപ്പെട്ട കാര്യം തന്നെയാണ്. എന്നാല്‍ അത് നേടി ഒന്നും ചെയ്യാതെ ഇരിക്കാമെന്ന് ആരെങ്കിലും കരുതുമെന്ന് വിശ്വസിക്കുന്നില്ല. നേരത്തെ വിരമിക്കാന്‍ നിലവിലെ വാര്‍ഷിക ചെലവിന്റെ 30 മടങ്ങ് എങ്കിലും സമ്പാദ്യമായി വേണം. കുട്ടികള്‍ക്കു വേണ്ടി വരുന്ന ചെലവ് ഇതിന് പുറമേയാണ്. അതായത് ഒരു വര്‍ഷം 10 ലക്ഷം രൂപ ചെലവ് വരുന്ന ഒരാള്‍ക്ക് കുറഞ്ഞത് മൂന്ന് കോടിയുടെ സമ്പാദ്യം വേണം,'' ഷേണായ് പറയുന്നു.

സാമ്പത്തിക സ്വാതന്ത്ര്യം നേടി നേരത്തെ റിട്ടയര്‍ ചെയ്യുന്ന FIRE മൂവ്‌മെന്റിന്റെ മൂന്ന് അടിസ്ഥാന പ്രമാണങ്ങള്‍ ഇതാണ്.

* നിങ്ങളുടെ വരുമാനത്തിന്റെ 50-70 ശതമാനം സമ്പാദിക്കുക.

* ഏറ്റവും ചുരുങ്ങി ജീവിക്കുക. ബുദ്ധിപൂര്‍വം നിക്ഷേപിക്കുക.

* ദീര്‍ഘകാല നിക്ഷേപമായിരിക്കണം. താരതമ്യേന ഉയര്‍ന്ന നേട്ടം ഉറപ്പാക്കാനും പറ്റണം.


എങ്ങനെ നേടിയെടുക്കാം?

എന്താണ് സ്വന്തം ജീവിതലക്ഷ്യമെന്ന് ആദ്യം സ്വയം തിരിച്ചറിയണം. വരുമാനം കിട്ടുന്ന ജോലി ഉപേക്ഷിച്ച് ആത്മസംതൃപ്തി നല്‍കുന്ന മറ്റേതെങ്കിലും കാര്യത്തില്‍ മുഴുകാനാണെങ്കില്‍ അതിനെ കുറിച്ചൊക്കെ ധാരണ വേണം. എല്ലാത്തിലും പ്രധാനം സാമ്പത്തിക സുരക്ഷിതത്വം തന്നെയാണ്. അതിലേക്കെത്താന്‍ പടിപടിയായി കാര്യങ്ങള്‍ ചെയ്യേണ്ടിയിരിക്കുന്നു.

സാമ്പത്തിക ലക്ഷ്യം തീരുമാനിക്കുക: നേരത്തെ വിരമിക്കാന്‍ ആഗ്രഹിക്കുന്നവര്‍ വിദഗ്ധനായ ഒരു സാമ്പത്തിക ഉപദേഷ്ടാവിനെ സമീപിച്ച് കൃത്യമായ സാമ്പത്തിക ലക്ഷ്യമുണ്ടാക്കണം. എല്ലാവര്‍ക്കും ഇത് സ്വയം ചെയ്യാന്‍ സാധിക്കണമെന്നില്ല. സ്വന്തം വരവും ചെലവും കൂട്ടിയും കിഴിച്ചും ജീവിക്കാനുള്ള പണം സ്വരൂപിക്കാന്‍ പുറമെ നിന്ന് സഹായം വേണോയെന്നൊക്കെ തോന്നാം. തീര്‍ച്ചയായും വേണം.

SMART (Specific, Measurable, Achievable, Relevant, Timebound) ആയിരിക്കണം സാമ്പത്തിക ലക്ഷ്യങ്ങള്‍. അതുകൊണ്ട് ഇക്കാര്യത്തില്‍ വിദഗ്ധരുടെ സേവനം തേടുന്നത് തന്നെയാണ് നല്ലത്.

വരവും ചെലവും അറിഞ്ഞുവേണം: നിങ്ങളുടെ കൃത്യമായ വരവും ചെലവും അറിയാമോ? നേരത്തെ വിരമിച്ച് അടിച്ചുപൊളിച്ച് ജീവിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ ഇന്നുമുതല്‍ തന്നെ ഇക്കാര്യത്തില്‍ വ്യക്തത വേണം. ഇത് മനക്കണക്ക് കൂട്ടിയിട്ട് കാര്യമില്ല. ഒരു ബുക്കില്‍ എഴുതി വെച്ചോ അല്ലെങ്കില്‍ ഇത്തരം സേവനങ്ങള്‍ നല്‍കുന്ന മൊബൈല്‍ ആപ്പുകള്‍ വഴിയോ വരവും ചെലവുകളും ട്രാക്ക് ചെയ്തുകൊണ്ടേയിരിക്കണം. ചെലവിടുന്ന ഓരോ പൈസയെ പറ്റിയും ധാരണയുണ്ടാകാന്‍ ഇതേ വഴിയുള്ളൂ.

മതിയായ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുക: ചെറുപ്രായത്തില്‍ തന്നെ ടേം ഇന്‍ഷുറന്‍സും ഹെല്‍ത്ത് ഇന്‍ഷുറന്‍സും എടുത്തിരിക്കണം. മാതാപിതാക്കള്‍ക്കും പിന്നീട് ജീവിതപങ്കാളിക്കും കുട്ടികള്‍ക്കുമെല്ലാം ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുത്താല്‍ ഏറെ സാമ്പത്തിക ഭാരം നല്‍കുന്ന മെഡിക്കല്‍ ചെലവുകള്‍ ഒഴിവാക്കാനാകും.

അമ്പരപ്പിക്കുന്ന നേട്ടങ്ങള്‍ക്ക് പിന്നാലെ പായരുത്: കുറേ പണമുണ്ടാക്കാന്‍ ഫാന്‍സി നിക്ഷേപങ്ങളുടെ പിന്നാലെ പോകുന്ന ശീലം യുവതലമുറയിലുണ്ടെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ക്രിപ്‌റ്റോ കറന്‍സി നിക്ഷേപം, കണ്ണും പൂട്ടിയുള്ള ട്രേഡിംഗ് എന്നിവയിലൂടെയെല്ലാം വലിയ സമ്പാദ്യമുണ്ടാക്കാമെന്ന് വ്യാമോഹിക്കുന്നവരുണ്ട്. ഇത്തരം പ്രലോഭനങ്ങളില്‍ ചെന്ന് ചാടരുതെന്നാണ് പേഴ്‌സണല്‍ ഫിനാന്‍സ് ഉപദേഷ്ടാക്കള്‍ പറയുന്നത്. ഓരോ വ്യക്തിക്കും പറ്റുന്ന റിസ്‌കുകള്‍ മാത്രമെ നിക്ഷേപത്തിന്റെ കാര്യത്തില്‍ പാടുള്ളൂവെന്ന് ഇവര്‍ വിശദീകരിക്കുന്നു. നഷ്ടപ്പെട്ടാലും നിങ്ങളെ അത് ബാധിക്കില്ലെന്ന് വിശ്വസിക്കുന്ന തുകയുടെ പകുതിയില്‍ താഴെ മാത്രമെ ക്രിപ്‌റ്റോ പോലുള്ള ഗൂഢകറന്‍സികളില്‍ നിക്ഷേപിക്കാവൂ.

ബജറ്റ് വേണം, കടങ്ങള്‍ തീര്‍ക്കണം: അത്യാവശ്യം, ആവശ്യം, അനാവശ്യം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി ചെലവുകളെ ക്രമീകരിച്ച് കൃത്യമായൊരു ബജറ്റ് തയാറാക്കണം. അത്യാവശ്യ ജീവിത ചെലവുകള്‍ കഴിഞ്ഞാല്‍ നിക്ഷേപത്തിനും കടങ്ങള്‍ തീര്‍ക്കാനുമായിരിക്കണം മുന്‍ഗണന. കൂടുതല്‍ പലിശ ബാധ്യതയുള്ള കടങ്ങള്‍ ആദ്യം തീര്‍ക്കാന്‍ ശ്രമിക്കണമെന്ന് പറയുന്നവരുണ്ട്. മറ്റൊരു കൂട്ടര്‍ അടച്ചുതീര്‍ക്കാന്‍ കുറച്ച് തുക മാത്രം ബാക്കിയുള്ളവ ആദ്യം തീര്‍ക്കണമെന്നും പറയാറുണ്ട്.

കഠിനാധ്വാനം ചെയ്യുന്ന നിക്ഷേപം വേണം: നിങ്ങള്‍ അധ്വാനിച്ചുണ്ടാക്കുന്ന പണം നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ വേണ്ടി അധ്വാനിക്കുന്ന സാഹചര്യം വേണം. ഇതിന് അനുയോജ്യമായ നിക്ഷേപമാര്‍ഗങ്ങള്‍ തിരഞ്ഞെടുത്ത് നിക്ഷേപം നടത്തണം. സുഹൃത്തുക്കളോ ബന്ധുക്കളോ പിന്തുടരുന്ന നിക്ഷേപ രീതി നിങ്ങള്‍ക്ക് അനുയോജ്യമാകണമെന്നില്ല. അതുകൊണ്ട് ഇക്കാര്യത്തിലും വിദഗ്ധ നിര്‍ദേശങ്ങള്‍ തേടുക.

വരുമാന സ്രോതസുകള്‍ പലതാക്കാം: ജോലിയില്‍ നിന്ന് നേരത്തെ വിരമിക്കാന്‍ ആഗ്രഹിക്കുന്നവര്‍ കൂടുതല്‍ വരുമാനം നേടാന്‍ പല മാര്‍ഗങ്ങള്‍ കണ്ടെത്തുകയും ഉപയോഗപ്പെടുത്തുകയും വേണം. കൂടുതല്‍ പണം കയ്യില്‍ വരുമ്പോള്‍ കടം വാങ്ങേണ്ട സാഹചര്യം ഒഴിവാകും. നിക്ഷേപിക്കാന്‍ കൂടുതല്‍ മാറ്റിവെയ്ക്കുകയുമാകാം. പാര്‍ടൈം ജോലി, ചെറിയ ബിസിനസുകള്‍ എന്നിവയിലൂടെയെല്ലാം അധിക വരുമാനം നേടാം. സ്വന്തം പാഷന്‍ തന്നെ വരുമാനമാര്‍ഗമായി മാറ്റാം.

സ്‌ട്രെസ് ഫ്രീ ജീവിതത്തിന് പല മാര്‍ഗങ്ങള്‍

സാമ്പത്തിക സ്വാതന്ത്ര്യം നേടി കഴിഞ്ഞാല്‍ സമാധാനമായി ജീവിക്കാന്‍ പല വഴികളുണ്ട്. ജോലിയുള്ളപ്പോഴും നേരത്തെ ജോലിയില്‍ നിന്ന് വിരമിച്ചാലും പരമാവധി ചുരുങ്ങി മിനിമലിസ്റ്റ് ജീവിതം നയിക്കാം. സാമ്പത്തിക സ്വാതന്ത്ര്യം നേടിക്കഴിയുമ്പോള്‍ ഏറെ തിരക്കും സമ്മര്‍ദ്ദവുമുള്ള ജോലി ഉപേക്ഷിച്ച് കുറേക്കൂടി സമാധാനമുള്ള കരിയറിലേക്ക് മാറാം. സ്വന്തം ഇഷ്ടപ്രകാരം ജോലി ചെയ്യാം. വരുമാനവും ഉണ്ടാക്കാം.

ഗുണവും ദോഷവും

നേരത്തെ ജോലിയില്‍ നിന്ന് വിരമിക്കാനുള്ള തീരുമാനം സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്ക് നയിക്കാമെങ്കിലും ഒന്നിനും മാസവേതനം തികയാത്തവരെ സംബന്ധിച്ചിടത്തോളം ഇത്തരമൊരു ലക്ഷ്യത്തിന് പിന്നാലെയുള്ള പോക്ക് കൂടുതല്‍ മാനസിക സമ്മര്‍ദ്ദമാകും സമ്മാനിക്കുക.

കോവിഡ് കാലം പലരുടെയും മനോഭാവത്തെ തന്നെ മാറ്റിമറിച്ചിട്ടുണ്ട്. സ്വന്തം ജീവിതവും കുടുംബവും ആരോഗ്യവും സമാധാനവുമാണ് വലുതെന്ന ചിന്ത പലരിലും വന്നിട്ടുണ്ട്. അതിന് നല്ല വഴി നേരത്തെയുള്ള വിരമിക്കല്‍ തന്നെയാണ്. പക്ഷേ അപ്രതീക്ഷിതമായി വലിയ സാമ്പത്തിക ചെലവുകള്‍ വന്നാല്‍ നേരത്തെയുള്ള വിരമിക്കല്‍ നടന്നെന്നു വരില്ല.

നിന്നുതിരിയാന്‍ പറ്റാത്ത തിരക്കില്‍ കഴിഞ്ഞവര്‍ അറിയാതെ ചിലപ്പോള്‍ അതൊക്കെആസ്വദിച്ചിട്ടുമുണ്ടാകും. ഒരു നാള്‍ ഇതൊന്നും ഇല്ലാതെ വന്നാല്‍ ജീവിതത്തില്‍ ശൂന്യത തോന്നാതെയും നോക്കണം.

സാമ്പത്തികമായും മാനസികമായും ഒരുക്കങ്ങള്‍ നടത്തിയിട്ടുവേണം നേരത്തെ വിരമിക്കാനുള്ള തീരുമാനമെടുക്കാന്‍.


നേരത്തെ വിരമിക്കണോ? നേരത്തെ പ്ലാന്‍ ചെയ്യണം

തിരക്കും മാനസിക സമ്മര്‍ദ്ദവും സമ്മാനിക്കുന്ന ജോലിയില്‍ നിന്ന് പറ്റുന്നത്ര നേരത്തെ വിരമിച്ച് ജീവിതംആസ്വദിക്കാനുള്ള യുവതലമുറയുടെ ആഗ്രഹമൊക്കെ നല്ലതാണ്. പക്ഷേ ശിഷ്ടകാലം സമാധാനത്തോടെ ജീവിക്കാന്‍ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കിയിരിക്കണം. നേരത്തെ റിട്ടയര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ വളരെ നേരത്തെ തന്നെ റിട്ടയര്‍മെന്റ് പ്ലാനിംഗും നടത്തിയിരിക്കണം. ഒന്നുകൂടി വ്യക്തമായി പറഞ്ഞാല്‍ വരുമാനം കിട്ടിത്തുടങ്ങുമ്പോള്‍ തന്നെ റിട്ടയര്‍മെന്റ് പ്ലാനിംഗിന്റെ ഭാഗമായി ചെറിയ തുകയെങ്കിലും നിക്ഷേപിച്ചു തുടങ്ങണം.

നേരത്തെ വിരമിക്കാന്‍ ഒരുങ്ങുന്നവര്‍ തീര്‍ച്ചയായും പരിഗണിക്കേണ്ട രണ്ട് കാര്യങ്ങള്‍ ഉയര്‍ന്ന ആയുര്‍ദൈര്‍ഘ്യവും പണപ്പെരുപ്പവുമാണ്. ആരോഗ്യപരിരക്ഷാ രംഗത്ത് ഏറെ ശ്രദ്ധ കൊടുക്കുന്നവരാണ് നമ്മള്‍. വ്യക്തികളുടെ ശരാശരി ആയുര്‍ദൈര്‍ഘ്യമെടുത്താല്‍ രാജ്യത്ത് തന്നെ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. ജോലി ചെയ്ത കാലത്തിന്റെ പലമടങ്ങ് ജോലിയില്ലാതെ ജീവിക്കേണ്ടി വരുന്നസാഹചര്യം കൂടി പരിഗണിച്ച് വേണം നേരത്തെയുള്ള റിട്ടയര്‍മെന്റ് പ്ലാനിംഗ് നടത്താന്‍.

പണപ്പെരുപ്പത്തെ ഗൗനിക്കണം

ഇതോടൊപ്പം ചേര്‍ത്തിരിക്കുന്ന പട്ടിക നോക്കിയാല്‍ പണപ്പെരുപ്പം ഓരോ കുടുംബങ്ങളുടെയും പ്രതിമാസ ചെലവില്‍ വരുത്തുന്ന മാറ്റം മനസിലാക്കാനാകും. നേരത്തെ റിട്ടയര്‍ ചെയ്യാന്‍ ആലോചിക്കുമ്പോള്‍ ഈ കണക്കാണ് ആദ്യം നോക്കേണ്ടതും.



ദീര്‍ഘകാലത്തേക്ക് നടത്തിയ നിക്ഷേപങ്ങള്‍ കൂടുതല്‍ നേട്ടം സമ്മാനിക്കും. 45 വയസില്‍ വിരമിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ അതിനുള്ള പ്ലാനിംഗ് 20കളില്‍ തന്നെ തുടങ്ങണം. ചെറിയ പ്രായത്തില്‍ നിക്ഷേപത്തിന്റെ കാര്യത്തിലും റിസ്‌കെടുക്കാന്‍ പറ്റും. അതുകൊണ്ട് തന്നെ ഉയര്‍ന്ന റിട്ടേണ്‍ ലഭിക്കാനുള്ള സാഹചര്യവുമുണ്ടാകും.

(ധനം മാഗസിന്റെ ജൂണ്‍ 15 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്‌)

Tags:    

Similar News