ഒരു കിലോ അരിക്ക് 448 ലങ്കന്‍ രൂപ, ജീവിക്കാന്‍ രക്ഷയില്ല, തെരുവിലിറങ്ങി ജനം, എന്താണ് ശ്രീലങ്കയില്‍ സംഭവിക്കുന്നത്?

ദിവസം ഏഴര മണിക്കൂര്‍ ആണ് രാജ്യത്ത്‌ പവര്‍കട്ട്. ഇന്ത്യയോട് 100 കോടി ഡോളറിന്റെ സഹായം ആവശ്യപ്പെട്ടിരിക്കുകയാണ് ശ്രീലങ്ക

Update: 2022-03-17 06:18 GMT

സമാനതകളില്ലാത്തെ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ശ്രീലങ്ക കടന്നു പോവുന്നത്. വിദേശ നാണ്യ ശേഖരം ഇല്ലാത്തതിനാല്‍ അവശ്യ വസ്തുക്കള്‍ ഇറക്കുമതി ചെയ്യാനാവാതെ വന്നതോടെ രാജ്യത്ത് വില വര്‍ധനവ് പിടിച്ചുകെട്ടാവാത്ത വിധം രൂക്ഷമാണ്. ഒരു കിലോ അരിക്ക് 448 ശ്രീലങ്കന്‍ രൂപയാണ് വില. അതായത് ഏകദേശം 128.65 ഇന്ത്യന്‍ രൂപ. ഒരു ലിറ്റര്‍ പാലിന് 263 ലങ്കന്‍ രൂപയാണ്‌. ഇന്ത്യയിലെ ഒരു രൂപ ലഭിക്കണമെങ്കില്‍ 3.49 ശ്രീലങ്കന്‍ രൂപ നല്‍കണം.

വില വര്‍ധനവില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ പാര്‍ട്ടിയായ യുണൈറ്റഡ് പീപ്പിള്‍സ് ഫോഴ്‌സിന്റെ നേതൃത്തത്തില്‍ കൊളംബോയില്‍ വലിയ പ്രക്ഷോഭമാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടന്നത്. പ്രസിഡന്റ് രാജപക്‌സെയുടെ രാജി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. രാജപക്‌സെക്കെതിരെ #GoHomeGota എന്ന ഹാഷ്ടാഗില്‍ വലിയ പ്രതിഷേധമാണ് സമൂഹ്യമാധ്യമങ്ങളില്‍ നടക്കുന്നത്. അതേ സമയം #WeAreWithGota എന്ന ഹാഷ്ടാഗില്‍ ഭരണപക്ഷ അനുകൂലികള്‍ പ്രതിഷേധക്കാരെ എതിര്‍ത്ത് രംഗത്തെത്തിയിട്ടുണ്ട്.

റഷ്യ-യുക്രെയ്ന്‍ പ്രതിസന്ധിയെ തുടര്‍ന്ന് ഇന്ധന വില ഉയര്‍ന്നതും പ്രതിസന്ധിയുടെ ആക്കം കൂട്ടി. വൈദ്യുത നിലയങ്ങള്‍ അടച്ചു പൂട്ടിയതോടെ ശ്രീലങ്കയില്‍ ദിവസം ഏഴര മണിക്കൂര്‍ ആണ് പവര്‍കട്ട്. ഇതിനിടെ 100 കോടി ഡോളറിന്റെ സഹായം തേടി ശ്രീലങ്കന്‍ ധനമന്ത്രി ബേസില്‍ രാജപക്‌സെ ഇന്നലെ പ്രധാനമന്ത്രി നരന്ദ്രമോദിയെ സന്ദര്‍ശിച്ചിരുന്നു. 2022ല്‍ ഇതുവരെ 150 കോടി ഡോളറിന്റെ സഹായമാണ് ശ്രീലങ്കയ്ക്ക് ഇന്ത്യ നല്‍കിയത്.

രാസവള നിരോധനം മുതല്‍ പാളിപ്പോയ പരിഷ്‌കാരങ്ങള്‍

2021 സെപ്റ്റംബറിലാണ് ഭക്ഷ്യ സാധനങ്ങളുടെ വിലവര്‍ധനവ്, രൂപയുടെ മൂല്യത്തകര്‍ച്ച, വിദേശ നാണ്യ പ്രതിസന്ധി തുടങ്ങിയവ ചൂണ്ടിക്കാട്ടി ശ്രീലങ്ക സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ആറുമാസത്തിനിപ്പുറവും പ്രതിസന്ധികള്‍ക്ക് പരിഹാരം കണ്ടെത്താനാകാതെ കൂടുതല്‍ തകര്‍ച്ചയിലേക്കാണ് ശ്രീലങ്കന്‍ സമ്പദ്‌വ്യവസ്ഥ നീങ്ങുന്നത്.

ശ്രീലങ്കയ്ക്ക് വിദേശ നാണ്യം നേടിത്തരുന്നതില്‍ നിര്‍ണായക പങ്ക് ടൂറിസം മേഖലയ്ക്ക് ആയിരുന്നു. രാജ്യത്തിന്റെ ജിഡിപിയുടെ 10 ശതമാനത്തോളം സംഭാവന ചെയ്യുന്ന ടൂറിസം മേഖല, കൊവിഡില്‍ തകര്‍ന്നത് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയത്. കാര്‍ഷിക രംഗത്ത് രാസവളങ്ങള്‍ നിരോധിച്ചത് ഉല്‍പ്പാദനത്തെ ബാധിച്ചു. 100 ശതമാനം രാസവള വിമുക്തമാവുന്ന ആദ്യ രാജ്യമായി ശ്രീലങ്ക മാറുമെന്നായിരുന്നു പ്രസിഡന്റിന്റെ പ്രഖ്യാപനം.

ഭക്ഷ്യവില വര്‍ധിക്കാന്‍ കാരണം പൂഴ്ത്തിവെപ്പുകാരാണ് എന്നായിരുന്നു സര്‍ക്കാരിന്റെ വാദം. വ്യാപാരികളില്‍ നിന്ന് ഭഷ്യധാന്യങ്ങള്‍ പിടിച്ചെടുത്ത് ന്യായവിലക്ക് നല്‍കാന്‍ സൈന്യത്തെ ചുമതലപ്പെടുത്തുകയും ചെയ്തു. വിദേശ വായ്പ ലഭിക്കാന്‍ രൂപയുടെ മൂല്യം കുറച്ചതോടെ വിലവര്‍ധനവ് വീണ്ടും രൂക്ഷമായി.

പ്രതിസന്ധി മറികടക്കാന്‍ അന്താരാഷ്ട്ര നാണയ നിധിയുടെ(ഐഎംഎഫ്) സഹായം തേടിയിരിക്കുകയാണ് ശ്രീലങ്ക. ഐഎംഎഫിനെ സമീപിക്കുന്നത് എതിര്‍ത്ത സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ അജിത് കബ്രാളിന്റെ രാജി, സര്‍ക്കാര്‍ ആവശ്യപ്പെട്ടെന്നും വാര്‍ത്തകള്‍ ഉണ്ട്. ആരോപണം സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ നിഷേധിച്ചിട്ടുണ്ട്.

അതേ സമയം യുകെ, കാനഡ എന്നീ രാജ്യങ്ങള്‍ ശ്രീലങ്ക സന്ദര്‍ശിക്കുന്ന പൗരന്മാര്‍ക്ക്, സാമ്പത്തിക പ്രതിസന്ധിയും ക്ഷാമവും ചൂണ്ടിക്കാട്ടി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൂടുതല്‍ രാജ്യങ്ങള്‍ ഇത്തരം നടപടികളിലേക്ക് കടന്നാല്‍, അത് കൊവിഡ് ആഘാതത്തില്‍ നിന്ന് ഉണര്‍ന്നുവരുന്ന ശ്രീലങ്കന്‍ വിനോദ സഞ്ചാരമേഖലയെ രൂക്ഷമായി ബാധിക്കും.

Tags:    

Similar News