സംഭാവന: മറ്റ് പാര്‍ട്ടികളെ ബഹുദൂരം പിന്നിലാക്കി ബി.ജെ.പി

ഇലക്ടറല്‍ ബോണ്ടുകള്‍ വഴി മാത്രം ആറ് വര്‍ഷക്കാലയളവില്‍ ലഭിച്ചത് ₹5,270 കോടി

Update:2023-07-12 16:25 IST

2016-17 മുതല്‍ 2021-22 വരെയുള്ള കാലയളവില്‍ ബി.ജെ.പിക്ക് ലഭിച്ച സംഭാവന മറ്റ് രാഷ്ട്രിയ പാര്‍ട്ടികള്‍ക്ക് ലഭിച്ചതിനേളേക്കാള്‍ മൂന്ന് മടങ്ങ് അധികം. തിരഞ്ഞെടുപ്പ് നിരീക്ഷണ സംഘടനയായ അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസും(ADR) നാഷണല്‍ ഇലക്ഷന്‍ വാച്ചും(NEW) സംയുക്തമായി തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് വിവിധ രാഷ്ട്രിയ പാര്‍ട്ടികള്‍ക്ക് ലഭിച്ച സംഭാവനയുടെ വിവരങ്ങളുള്ളത്. ആറ് വര്‍ഷക്കാലയളവില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് മൊത്തം ലഭിച്ച സംഭാവന 16,437.63 കോടി രൂപയാണ്. ഇതില്‍ 91,88.36 കോടി രൂപ ഇലക്ടറല്‍ ബോണ്ടുകള്‍ വഴിയും 4,614.53 കോടി രൂപ വന്‍കിട കമ്പനികളില്‍ നിന്നും 2,634.74 കോടി രൂപ മറ്റ് മാര്‍ഗങ്ങളില്‍ നിന്നുമാണ്.

ഇലക്ടറല്‍ ബോണ്ടുകള്‍ വഴി
ഇക്കാലയളവില്‍ ബി.ജെ.പിക്ക് ലഭിച്ച സംഭാവനയുടെ 52 ശതമാനവും ഇലക്ടറല്‍ ബോണ്ടുകള്‍ വഴിയാണ്. 5,271.97 കോടി രൂപയാണ് ബോണ്ടുകള്‍ വഴി ലഭിച്ചത്. മറ്റെല്ലാ ദേശീയ പാര്‍ട്ടികള്‍ക്കും കൂടി ലഭിച്ചത് 1,783.93 കോടി രൂപയും.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസാണ് ബോണ്ട് വഴി കൂടുതല്‍ സംഭാവന നേടിയവരില്‍ രണ്ടാം സ്ഥാനത്ത്. ഇക്കാലയളവില്‍ 952.29 കോടി രൂപയാണ് കോണ്‍ഗ്രസിന് ബോണ്ടുകള്‍ വഴി ലഭിച്ചത്. മൊത്തം സംഭാവനയുടെ 61.54% ഇലക്ട്‌റല്‍ ബോണ്ടുകള്‍ വഴിയാണ്. ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസിന് 767.88 കോടി രൂപ ലഭിച്ചു. അതായത് മൊത്തം സംഭാവനയുടെ 93.27% ശതമാനവും ഇലക്ട്‌റൽ ബോണ്ടുകൾ വഴിയാണ്.
ബി.ജെ.ഡിയ്ക്ക് (ബിജു ജനതാദള്‍) ലഭിച്ച സംഭാവനയുടെ 89.81ശതമാനവും ഇലക്ടറല്‍ ബോണ്ടുകളിലൂടെയാണ്. 622 കോടി രൂപ. ഡി.എം.കെയ്ക്ക് 431.50 കോടി രൂപയും ടി.ആര്‍ എസിന് 383.65 കോടി രൂപയും വൈ.എസ്.ആര്‍-സിയ്ക്ക് 330.44 കോടി രൂപയും ഇലക്ടറല്‍ ബോണ്ട് വഴി ലഭിച്ചു. 2018 ലാണ് ഇലക്ടറല്‍ ബോണ്ട് പദ്ധതി ആരംഭിച്ചത്.
കോര്‍പ്പറേറ്റ് സംഭാവന
ദേശീയ പാര്‍ട്ടികള്‍ക്ക് ഈ ആറ് വര്‍ഷക്കാലയളവില്‍ ലഭിച്ച കോര്‍പ്പറേറ്റ് സംഭാവന 3,894 കോടി രൂപയാണ്. പ്രാദേശിക പാര്‍ട്ടികള്‍ക്ക് 719.69 കോടി രൂപയും. കോര്‍പ്പറേറ്റ് സംഭാവനകളിലും ബി.ജെ.പിയാണ് മുന്നില്‍. മറ്റ് ദേശീയ പാര്‍ട്ടികളേക്കാള്‍ മൂന്ന് മുതല്‍ നാല് മടങ്ങ് അധികമാണ് ബി.ജെ.പി നേടിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 18 മടങ്ങ് അധികമായിരുന്നു. കോര്‍പ്പറേറ്റ് സംഭാവനകൾ സ്വീകരിക്കാത്ത പാർട്ടികളിൽ സി.പി.ഐയും ബി.എസ്.പിയും ഉൾപ്പെടുന്നു. ആറ് വര്‍ഷക്കാലയളവില്‍ ബി.എസ്.പി കോര്‍പ്പറേറ്റ് സംഭാവനകള്‍ സ്വീകരിച്ചിട്ടില്ല. 2018-19 മുതല്‍ 2021-22 വരെയുള്ള കാലയളവില്‍ സി.പി.ഐയും കോര്‍പ്പറേറ്റ് സംഭാവനകള്‍ സ്വീകരിച്ചിട്ടില്ല.
Tags:    

Similar News