കുഞ്ഞുങ്ങള്‍ക്കുള്ള ഹെല്‍ത്ത് ഡ്രിങ്കും മരുന്നും വിഷമാകുമ്പോള്‍ ഇന്ത്യയില്‍ എന്ത് മാറ്റമാണ് വേണ്ടത്?

പൗരന്മാരുടെ ആരോഗ്യത്തിനാകണം സര്‍ക്കാരുകളും നിയന്ത്രണ സംവിധാനങ്ങളും മുന്തിയ പരിഗണന നല്‍കേണ്ടത്;

Update:2024-05-26 14:15 IST

രാജ്യത്തും വിദേശത്തും ഇന്ത്യന്‍ ഭക്ഷ്യ-ആരോഗ്യപരിരക്ഷാ രംഗം അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, നല്ല കാര്യങ്ങളുടെ പേരിലൊന്നുമല്ല ഇത്. ഹോങ്കോങ്ങിലേക്കും സിംഗപ്പൂരിലേക്കും അയച്ച മസാലക്കൂട്ടുകള്‍ അവര്‍ തിരിച്ചയച്ചതാണ് അടുത്തിടെ വാര്‍ത്തകളില്‍ ഇടം നേടിയ ഒന്ന്.

രാജ്യത്തെ രണ്ട് പ്രമുഖ സ്പൈസസ് ബ്രാന്‍ഡുകളില്‍ അനുവദനീയമായ അളവിനേക്കാള്‍ വളരെ കൂടുതല്‍ കാന്‍സറിന് വരെ കാരണമാകുന്ന ഹാനികരമായ കീടനാശിനിയുടെ അംശമുണ്ടെന്ന് അധികൃതര്‍ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്. രാജ്യത്തെ ഭക്ഷ്യോല്‍പ്പന്ന ചട്ടങ്ങളുടെ രംഗത്തെ മോശം നിലവാരത്തിന്റെ മറ്റൊരു ഉദാഹരണം മാത്രമാണിത്. ലോകത്തിലെ പ്രമുഖ സ്പൈസസ് കയറ്റുമതി രാജ്യമാണ് ഇന്ത്യ.
ഇത്തരം കണ്ടെത്തലുകള്‍ മറ്റ് രാജ്യങ്ങളിലും മോശം പ്രതിച്ഛായ ഉണ്ടാക്കും. യൂറോപ്യന്‍ യൂണിയനും യു.എസ് എഫ്.ഡി.എയും ഇതിനകം തന്നെ ഈ സംഭവവികാസങ്ങള്‍ ഗൗരവത്തിലെടുത്തിട്ടുണ്ട്.
ചട്ടങ്ങള്‍ കാറ്റില്‍പ്പറത്തി അത്യപൂര്‍വ ഫലസിദ്ധി വാഗ്ദാനം ചെയ്ത് ഉത്പന്നങ്ങള്‍ വിറ്റഴിച്ചതിന്റെ പേരില്‍ ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് പതഞ്ജലി ഗ്രൂപ്പിന്റെ സാരഥികളായ ബാബാ രാംദേവിനും ആചാര്യ ബാലകൃഷ്ണനും എതിരെ സുപ്രീംകോടതി ശിക്ഷാ നടപടികള്‍ സ്വീകരിച്ചത്. സര്‍ക്കാരുകളുടെ മൗനാനുവാദത്തോടെ പതഞ്ജലി, ഡ്രഗ്സ് ആന്‍ഡ് മാജിക് റെമഡീസ് (ഒബ്ജക്ഷനബ്ള്‍ അഡ്വര്‍ട്ടൈസ്മെന്റ്) ആക്ട് (DMRA) 1954ന്റെ നഗ്‌നമായ ലംഘനമാണ് നടത്തിക്കൊണ്ടിരുന്നത്.
നെസ്‌ലെയും ബോണ്‍വിറ്റയും
അടുത്തിടെ സ്വിസ് അന്വേഷണ സംഘടനയായ പബ്ലിക് ഐ, ബഹുരാഷ്ട്ര ഭക്ഷ്യോത്പന്ന കമ്പനിയായ നെസ്‌ലെ ഇന്ത്യയിലും മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലും വില്‍ക്കുന്ന ബേബി ഫുഡില്‍ അധികമായി പഞ്ചസാര ചേര്‍ക്കുന്ന വസ്തുത വെളിച്ചത്തുകൊണ്ടുവന്നിരുന്നു. നാഷണല്‍ കമ്മിഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്സ് കുട്ടികളുടെ പ്രിയപ്പെട്ട 'ഹെല്‍ത്ത് ഡ്രിങ്കായ' ബോണ്‍വിറ്റയില്‍ അനുവദനീയമായ അളവിനേക്കാള്‍ കൂടുതല്‍ പഞ്ചസാരയുണ്ടെന്ന് തെളിയിക്കുന്ന അന്വേഷണ റിപ്പോര്‍ട്ടും പുറത്തുവിട്ടിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ഇന്ത്യയില്‍ നിര്‍മിച്ച കഫ് സിറപ്പ് ആഫ്രിക്കയിലെ 140 കുരുന്നുകളുടെ ജീവനെടുത്തത്.
തെറ്റായ വാഗ്ദാനങ്ങള്‍ നടത്തി ഉത്പന്നങ്ങള്‍ വില്‍ക്കുന്ന എഫ്.എം.സി.ജി കമ്പനികള്‍ക്കെതിരെയും, പ്രത്യേകിച്ച് നവജാത ശിശുക്കളെയും കുട്ടികളെയും ലക്ഷ്യമിട്ടുള്ള ഉത്ന്നങ്ങള്‍ പുറത്തിറക്കുന്നവര്‍ക്കെതിരെയും നടപടി സ്വീകരിക്കാന്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കിയത് നല്ല കാര്യമാണ്.
ചട്ടങ്ങളും മാനദണ്ഡങ്ങളും കര്‍ശനമാക്കണം
ഭക്ഷ്യോത്പപ്പന്നങ്ങളുടെ ആഗോള വിപണനത്തിന് കര്‍ശന ചട്ടങ്ങളും ലോകോത്തര ഗുണനിലവാര മാനദണ്ഡങ്ങളും ഇന്ത്യയ്ക്ക് അനിവാര്യമാണ്. ആഭ്യന്തര തലത്തിലെ ചട്ടലംഘനങ്ങള്‍ ഇപ്പോള്‍ തന്നെ കയറ്റുമതിയെ പ്രതിലമായി ബാധിച്ചിട്ടുണ്ട്.
ഇന്ത്യന്‍ ജനതയുടെ വരുമാനത്തിലുള്ള വര്‍ധനയ്ക്കനുസരിച്ച് സംസ്‌കരിച്ച ഭക്ഷ്യോല്‍പ്പന്നങ്ങളുടെ ഡിമാന്റും ക്രമാനുഗതമായി കൂടുന്നുണ്ട്. ഈ വളര്‍ച്ച നല്ല രീതിയില്‍ തുടരാന്‍ മികച്ച ചട്ടങ്ങളും മാനദണ്ഡങ്ങളും വേണം. ഇന്ത്യ ലോകത്തിന്റെ പ്രമേഹ, കാന്‍സര്‍ തലസ്ഥാനമായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും! പൊതുജനാരോഗ്യത്തിലും സുരക്ഷയിലും നാം കൂടുതല്‍ ശ്രദ്ധ കൊടുത്തേ മതിയാകു. എല്ലാ ഭക്ഷ്യ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്ന റെഗുലേറ്ററി സംവിധാനം ഇവിടെ ഉണ്ടായിരിക്കുകയും വേണം. അതായത് ഹെല്‍ത്ത് ഫുഡ്, ജനറല്‍ ഫുഡ്, ഫാര്‍മ, സംസ്‌കരിക്കാത്ത ഭക്ഷ്യോത്പന്നങ്ങളായ മാംസം, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവയെല്ലാം തന്നെ ഇതിന്റെ കീഴില്‍ വരണം. പൗരന്മാരുടെ ആരോഗ്യത്തിനാകണം സര്‍ക്കാരുകളും നിയന്ത്രണ സംവിധാനങ്ങളും മുന്തിയ പരിഗണന നല്‍കേണ്ടത്.
Tags:    

Similar News