ഇന്ത്യന്‍ കമ്പനികള്‍ വര്‍ക് ഫ്രം ഹോം അധിക കാലം തുടര്‍ന്നേക്കില്ല; സര്‍വേ റിപ്പോര്‍ട്ട് കാണാം
ഉയര്‍ന്ന തസ്തികയിലുള്ള ജീവനക്കാരില്‍ 88% പേരും റിമോട്ട് വര്‍ക്കിംഗിനായി ശമ്പളം വെട്ടിക്കുറയ്ക്കാന്‍ തയ്യാറല്ലെന്ന് സര്‍വേയില്‍ കണ്ടെത്തി.
വരും മാസങ്ങളില്‍ 70% തൊഴിലുടമകളും വര്‍ക് ഫ്രം ഹോം അനുവദിക്കുന്നത് തുടര്‍ന്നേക്കില്ലെന്ന് റിപ്പോര്‍ട്ട്. 59% തൊഴിലുടമകളും വിദൂര ജോലി ചെയ്യുന്നതിനെ അനുകൂലിക്കുന്നില്ലെന്നും സര്‍വേ കണ്ടെത്തി. ഇന്‍ഡീഡ് എംപ്ലോയ്‌മെന്റ് വെബ്‌സൈറ്റ് ഇന്ത്യന്‍ ജോബ് മാര്‍ക്കറ്റിനെക്കുറിച്ചു നടത്തിയ ഏറ്റവും പുതിയ സര്‍വേയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.
1200 ഓളം ജീവനക്കാരെയും 600 ഓളം തൊഴിലുടമകളെയും ഉള്‍പ്പെടുത്തി നടത്തിയ സര്‍വേയില്‍ ആണ് ആഗോള തലത്തിലുള്ള സ്ഥാപനങ്ങളില്‍ നിന്നു വ്യത്യസ്ഥമായി ഇന്ത്യന്‍ കമ്പനികള്‍ കോവിഡിന് ശേഷമുള്ള ജോലി ക്രമീകരണത്തെക്കുറിച്ചുള്ള കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.
സര്‍വേയില്‍ പങ്കെടുത്ത ഇന്ത്യന്‍ കമ്പനികളില്‍ 67% വലുതും 70% മിഡ്‌സൈസ് കമ്പനികളും ഒപ്പം ആഗോളതലത്തിലുള്ള 60% വലുതും 34% മിഡ്‌സൈസ് കമ്പനികളും കോവിഡാനന്തരമുള്ള റിമോട്ട് വര്‍ക്കിംഗിനെ അനുകൂലിക്കുന്നില്ല.
മെട്രോ നഗരങ്ങളില്‍ നിന്നും സ്വന്തം നഗരങ്ങളിലേക്കുള്ള റിവേഴ്‌സ് മൈഗ്രേഷന്റെ പ്രവണതയും താല്‍ക്കാലികമാണെന്ന് 46% ജീവനക്കാരും വിശ്വസിക്കുന്നു. ജോലിയുടെ ആവശ്യകതയ്ക്കനുസരിച്ച് സ്വന്തം നാട്ടിലേക്ക് ചേക്കേറിയവരില്‍ 50 ശതമാനം പേരും മെട്രോ നഗരങ്ങളിലേക്ക് തിരികെ പോകാന്‍ തയ്യാറാണ്. 9 ശതമാനം പേര്‍ മാത്രമാണ് സ്ഥിരമായി സ്വന്തം നാട്ടില്‍ തന്നെ തുടരാന്‍ താല്‍പ്പര്യപ്പെട്ടത്.
32% പേര്‍ മാത്രമാണ് സ്വന്തം സ്ഥലത്ത് ഒരു ജോലിക്കായി ഏതെങ്കിലും തരത്തിലുള്ള ശമ്പളം വെട്ടിക്കുറയ്ക്കാന്‍ തയ്യാറാകുന്നത്. ഉന്നത തലത്തിലുള്ള പ്രൊഫഷണലുകള്‍ ജന്മനാട്ടുകളില്‍ നിന്ന് ജോലി ചെയ്യുന്നതിന് ശമ്പളം വെട്ടിക്കുറയ്ക്കാന്‍ തയ്യാറല്ല. 88% സീനിയര്‍ ലെവല്‍ ജീവനക്കാര്‍ ശമ്പളം വെട്ടിക്കുറയ്ക്കാന്‍ തയ്യാറല്ലെന്ന് സര്‍വേയില്‍ കണ്ടെത്തി
60% വനിതാ ജീവനക്കാര്‍ പുരുഷ ജീവനക്കാരെ അപേക്ഷിച്ച് (29%), സ്വന്തം നാട്ടിലേക്ക് താമസം മാറ്റാന്‍ തയ്യാറാണെന്ന് പറയുന്നു. എന്നിരുന്നാലും, സ്ത്രീകള്‍ (60%) പുരുഷന്മാരേക്കാള്‍ കൂടുതല്‍ (42%) സ്വന്തം നാട്ടില്‍ നിന്ന് ജോലി തുടരുന്നതിന് ശമ്പളം വെട്ടിക്കുറയ്ക്കാന്‍ തയ്യാറല്ല എന്നതുമാണ് സര്‍വേ വ്യക്തമാക്കുന്നത്.