കാമ്പസ് റിക്രൂട്ട്‌മെന്റ്: മോഹിപ്പിക്കുന്ന വേതന വര്‍ധനയില്ല

5,000-ത്തോളം മാനേജ്‌മെന്റ് ബിരുദധാരികള്‍ക്ക് അവസരം ലഭിച്ചു

Update: 2021-03-04 04:43 GMT

ഉദ്യോഗാര്‍ത്ഥികള്‍ക്കുളള ക്യാമ്പസ് റിക്രൂട്ടമെന്റില്‍ ഇത്തവണ നേരിയ തോതില്‍ മാത്രമാണ് ശമ്പള വര്‍ദ്ധന. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയട്ട് ഓഫ് മാനേജ്‌മെന്റ് (ഐഐഎം) അടക്കമുള്ള മുന്‍നിര സ്ഥാപനങ്ങളില്‍ നിന്നായി 5,000-ത്തോളം മാനേജ്മന്റെ് ബിരുദധാരികള്‍ക്ക് ജോലിക്കുള്ള അവസരം ലഭിച്ചുവെങ്കിലും ശമ്പളത്തിന്റെ കാര്യത്തില്‍ കമ്പനികളുടെ സമീപനം അത്ര ഉദാരമായിരുന്നില്ല. മുന്‍കൊല്ലങ്ങളെ അപേക്ഷിച്ചു നോക്കുമ്പോള്‍ ശമ്പള വര്‍ദ്ധന ഇരട്ട ഇക്കം കണ്ടില്ല. വര്‍ദ്ധന മിക്കവാറും ഒറ്റ അക്കത്തില്‍ ഒതുങ്ങി നിന്നു, മിന്റ് ദിനപത്രം ഒരു റിപോര്‍ട്ടില്‍ വ്യക്തമാക്കി.

ബാഗ്ലൂരിലെ ഐഐഎം-ലെ 481 വിദ്യാര്‍ത്ഥികളില്‍ 435 പേര്‍ക്ക് ഓഫറുകള്‍ ലഭിച്ചപ്പോള്‍ കോഴിക്കോട ഐഐഎം-ലെ 459 പേര്‍ക്കാണ് അവസരം കിട്ടിയത്. ജാംഷഡ്പൂരിലെ XLRI -യില്‍ നിന്നുള്ള 358 വിദ്യാര്‍ത്ഥികളും ഓഫറുകള്‍ നേടിയപ്പോള്‍ ലഖ്‌നൗ ഐഐഎം-ലെ 460 പേര്‍ക്ക് അവസരം ലഭിച്ചു. അഹമ്മദാബാദ്, കൊല്‍ക്കത്ത എന്നിടങ്ങളിലെ ഐഐഎം-കളിലെ ഓഫര്‍ പ്രക്രിയ ഇനിയും പൂര്‍ത്തിയായിട്ടില്ല. ഐഐഎം ലഖ്‌നവിലെ വിദ്യാര്‍ത്ഥികള്‍ക്ക് ശരാശരി 7 ശതമാനം ശമ്പള വര്‍ദ്ധന ലഭിച്ചപ്പോള്‍ കോഴിക്കോടുകാര്‍ക്ക് ലഭിച്ച ഒഫറുകള്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 5 ശതമാനം കുറവായിരുന്നു. XLRI-യില്‍ ശരാശരി 3 ശതമാനം വര്‍ദ്ധന രേഖപ്പെടുത്തി.
കണ്‍സള്‍ട്ടിംഗ്, ബാങ്കിംഗ്, ഇന്‍ഷ്വറന്‍സ്, ഐടി തുടങ്ങിയ മേഖലകളാണ് ഏറ്റവുമധികം ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുത്തത്. ഇ-കൊമേഴ്‌സ് മേഖലയിലെ പ്രമുഖ സ്ഥാപനങ്ങളായ ആമസോണും, ഫ്‌ളിപകാര്‍ടും റിക്രൂട്ട്‌മെന്റില്‍ സജീവമായിരുന്നു. ബൈജൂസ് ആപ്പ്, പേടിഎം തുടങ്ങിയ സ്ഥാപനങ്ങളും സജീവമായിരുന്നു. കോവഡിന്റെ പശ്ചാത്തലത്തില്‍ റിക്രൂട്ടമെന്റ് ഓണ്‍ലൈനില്‍ ആയത് വലിയ വെല്ലുവിളിയാണെന്ന് മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ വിലയിരുത്തുന്നു. ഐഐഎം-പോലുള്ള ഒന്നാം നിര സ്ഥാപനങ്ങള്‍ പോലും 100 ശതമാനം പ്ലേസ്‌മെന്റുകള്‍ ഉറപ്പിക്കുവാന്‍ പ്രയാസപ്പെടുമ്പോള്‍ രണ്ടും, മൂന്നും നിരകളില്‍ ഉള്ള സ്ഥാപനങ്ങളുടെയും, വിദ്യാര്‍ത്ഥികളുടെയും സ്ഥിതി അത്ര എളുപ്പമാവില്ല. അത്തരം സ്ഥാപനങ്ങളില റിക്രൂട്ട്‌മെന്റ് പ്ര്ക്രിയ ജൂണ്‍-ജൂലൈ മാസങ്ങള്‍ കഴിയാതെ പൂര്‍ത്തിയാവില്ലെന്നു കരുതപ്പെടുന്നു. സാമ്പത്തിക മേഖലയില്‍ പൊതുവേ ദൃശ്യമാവുന്ന തിരിച്ചു വരവിന്റെ ഉണര്‍വ് സ്ഥിതിഗതികളെ മെച്ചപ്പെടുത്തുമെന്നു കരുതുന്നവരും വിരളമല്ല. അടുത്ത വര്‍ഷത്തെ റിക്രൂട്ട്‌മെന്റ് സീസണിലാവും സാമ്പത്തിക മേഖലയുടെ തിരിച്ചു വരവിന്റെ പ്രതിഫലനം വ്യക്തമാവുക എന്നാണ് അവരുടെ വിലയിരുത്തല്‍.


Tags:    

Similar News