പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കാന്‍ കമ്പനികള്‍; ഏതൊക്കെ മേഖലകള്‍, ആര്‍ക്കൊക്കെ സാധ്യതകള്‍ അറിയാം

പുതിയ ആള്‍ക്കാരെ നിയമിക്കാനുള്ള കമ്പനികളുടെ താല്‍പ്പര്യം ലോക്ക്ഡൗണ്‍ കാലത്തേക്കാള്‍ വര്‍ധിച്ചതായി റിപ്പോര്‍ട്ട്

Update:2021-02-16 15:08 IST

'പഠിച്ചിറങ്ങി കഴിഞ്ഞാല്‍ ഒരു ജോലി കിട്ടാനാണ് ബുദ്ധിമുട്ട്, ജോലി കിട്ടണമെങ്കില്‍ എക്‌സ്പിരിയന്‍സും വേണം.. വല്ലാത്ത കഷ്ടപ്പാടാണ് എവിടെയെങ്കിലും ഒന്ന് കയറിപ്പറ്റാന്‍' പലരും പറയുന്ന കാര്യമാണിത്.

എന്നാല്‍ ഇതിനൊരു മാറ്റം സമീപഭാവിയിലുണ്ടായേക്കുമെന്നാണ് ടീംലീസ് നടത്തിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. കാരണം ഇന്ത്യന്‍ നഗരങ്ങളിലെ 15 ശതമാനം കമ്പനികളും ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവില്‍ പുതുമുഖങ്ങളെ നിയമിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. നേരത്തെ ലോക്ക്ഡൗണ്‍ സമയത്ത് വെറും 6 ശതമാനം കമ്പനികളാണ് പുതുമുഖങ്ങളെ നിയമിക്കാന്‍ താല്‍പ്പര്യപ്പെട്ടിരുന്നത്.

'കോവിഡ് -19 മഹാമാരി നീങ്ങിയില്ലെങ്കിലും പുതിയ ആള്‍ക്കാരെ നിയമിക്കാന്‍ കമ്പനികള്‍ താല്‍പ്പര്യപ്പെടുകയാണ്' ടീംലീസ് എഡ്യുടെക് ചീഫ് എക്‌സിക്യുട്ടീവ് ശാന്തനു റൂജ് പറഞ്ഞതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
2021 ഫെബ്രുവരി- ഏപ്രില്‍ കാലയളവില്‍ പുതിയ ആള്‍ക്കാരെ നിയമിക്കുന്നതിനുള്ള താല്‍പ്പര്യം ലോക്ക്ഡൗണ്‍ കാലത്തേക്കാള്‍ 2.5 മടങ്ങ് വര്‍ധിച്ചു. സമ്പദ്‌വ്യവസ്ഥ കൂടുതല്‍ മെച്ചപ്പെടുമ്പോള്‍ ഇത് ഉയരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നിരുന്നാലും, 'കരിയര്‍ ഔട്ട്ലുക്ക് റിപ്പോര്‍ട്ട്' അനുസരിച്ച് പുതിയ ആള്‍ക്കാരെ നിയമിക്കാനുള്ള കമ്പനികളുടെ താല്‍പ്പര്യം കോവിഡിന് മുമ്പത്തേക്കാള്‍ 38 ശതമാനം കുറവാണ്.
18 സെക്ടറുകളിലെയും 14 നഗരങ്ങളിലെയും 800 ലധികം കമ്പനികളെ ഉള്‍പ്പെടുത്തിയാണ് സര്‍വേ നടത്തിയത്. എഞ്ചിനീയറിംഗ്, നോണ്‍ എഞ്ചിനീയറിംഗ് ഉദ്യോഗാര്‍ത്ഥികളെ നിയമിക്കാനുള്ള കമ്പനികളുടെ താല്‍പ്പര്യത്തെ കുറിച്ചായിരുന്നു സര്‍വേ.
ബിസിനസ് ഡെവലപ്‌മെന്റ് / സെയില്‍സ് പ്രൊഫഷണലുകള്‍, ഗ്രാഫിക് ഡിസൈനര്‍മാര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് അസോസിയേറ്റുകള്‍, കണ്ടന്റ് റൈറ്റേഴ്‌സ്, വെബ് ഡെവലപ്പര്‍മാര്‍ എന്നിവര്‍ക്കാണ് കൂടുതല്‍ അവസരം.
ഐടി കമ്പനികളില്‍ 24 ശതമാനം പേരും പുതുമുഖങ്ങള്‍ക്ക് ജോലി നല്‍കാന്‍ താല്‍പ്പര്യപ്പെടുന്നു. ടെലികോം കമ്പനികളില്‍ 21 ശതമാനവും ഇ-കൊമേഴ്സിലെയും ടെക്നോളജിയിലെയും സ്റ്റാര്‍ട്ട് അപ്പുകാരില്‍ 19 ശതമാനവും പുതുമുഖങ്ങളോട് താല്‍പ്പര്യം കാണിക്കുന്നു.
ബംഗളൂരു, മുംബൈ, ദില്ലി എന്നിവയാണ് പുതുമുഖങ്ങള്‍ക്ക് ജോലി ലഭിക്കാനുള്ള സാധ്യതായിടങ്ങള്‍. യഥാക്രമം 41, 29, 24 ശതമാനമാണ് ഇവിടങ്ങളിലെ കമ്പനികള്‍ പുതുമുഖങ്ങളെ നിയമിക്കുന്നതിന് താല്‍പ്പര്യപ്പെടുന്നത്. ചെന്നൈ, ഹൈദരാബാദ്, പുനെ എന്നിവ ഇതിന് പിന്നിലാണ്.



Tags:    

Similar News