ജോലി കിട്ടാന്‍ ഈ കോഴ്‌സ് പഠിച്ചവര്‍ കുടുങ്ങിയത് തട്ടിപ്പ് കെണിയില്‍

ദുബൈയില്‍ നടക്കുന്നത് പുതിയ തരം തട്ടിപ്പ്

Update:2024-07-22 17:13 IST

UNEMPLOYMENT

ഒരു കോഴ്‌സ് പഠിച്ചാല്‍ ഉറപ്പായും ജോലി കിട്ടുമെന്നറിഞ്ഞാല്‍ ഏതൊരു യുവാവും പഠിക്കാന്‍ തുനിഞ്ഞിറങ്ങും. യു.എ.ഇയില്‍ ഒട്ടേറെ യുവാക്കളാണ് കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ജോലി കിട്ടാന്‍ പ്രത്യേക കോഴ്സുകൾ പഠിച്ചത്. ഫീസാകട്ടെ ഏഴായിരം ദിര്‍ഹം മുതല്‍ മുകളിലോട്ട്. മൂന്നു മാസം വരെ നീണ്ടു നിന്ന കോഴ്സ് പൂര്‍ത്തിയാക്കിയവര്‍ ജോലിയില്‍ പ്രവേശിക്കാന്‍ തയ്യാറെടുത്തപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്. ജോലി വാഗ്ദാനം  ചെയ്ത റിക്രൂട്ടിംഗ് കമ്പനിയുടെ പൊടി പോലുമില്ല.

ആദ്യം ഇന്റര്‍വ്യു, പിന്നെ കോഴ്സ് 

സോഷ്യല്‍ മീഡിയ വഴിയാണ് വ്യാജ റിക്രൂട്ടിംഗ് ഏജന്‍സികളുടെ വല വീശല്‍. എമിറേറ്റ്‌സിലെ പ്രമുഖ കമ്പനികളില്‍ ജോലി ഒഴിവുകള്‍ ഉണ്ടെന്ന് കാണിച്ചാണ് തട്ടിപ്പിന്റെ തുടക്കം. ഡിഗ്രി കഴിഞ്ഞിറങ്ങിയവര്‍ക്ക് വരെ പ്രതിമാസം 16000 ദിര്‍ഹവും മറ്റ് ആനുകൂല്യങ്ങളുമാണ് ഓഫര്‍. ആകര്‍ഷകമായ ഈ അവസരം കണ്ട് അപേക്ഷിക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് പരിശോധന ഓണ്‍ലൈനിലൂടെ ആദ്യം നടത്തും. തുടര്‍ന്ന് ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ ആണ്. ചിലര്‍ക്ക് മൂന്ന് ഇന്റര്‍വ്യു വരെ നല്‍കേണ്ടി വന്നിട്ടുണ്ട്. നിയമനം കര്‍ശനമാണെന്ന് തോന്നിപ്പിക്കാനാണ് കടുത്ത ഇന്റര്‍വ്യുകള്‍ നടത്തുന്നത്. ഇന്റര്‍വ്യൂ പാസാകുന്നവരോട് ഉടനെ തന്നെ ഒരു സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ചെയ്യണമെന്നാണ് അടുത്ത ആവശ്യം. കോഴ്‌സ് പൂര്‍ത്തിയാക്കിയാല്‍ ഉടനെ ജോലി കിട്ടുമെന്നും പറയും.

കാത്തിരുന്നവര്‍ വഞ്ചിക്കപ്പെട്ടു

ഏഴായിരം ദിര്‍ഹം നല്‍കി കോഴ്സ് പൂര്‍ത്തിയാക്കിയപ്പോഴാണ് തങ്ങള്‍ വഞ്ചിക്കപ്പെട്ടതായി പലരും തിരിച്ചറിഞ്ഞത്. റിക്രൂട്ട്‌മെന്റ് ഏജന്‍സി ഓണ്‍ലൈനില്‍ നിന്ന് അപ്രത്യക്ഷമായതാണ് പിന്നെ കണ്ടത്. അവര്‍ക്ക് യു.എ.ഇയില്‍ ഓഫീസുകളൊന്നുമുണ്ടായിരുന്നില്ല. ലിങ്ക്ഡ്ഇന്‍ അകൗണ്ടുകള്‍ വഴിയായിരുന്നു ആശയ വിനിമയങ്ങള്‍ നടന്നത്. പിന്നീട് ആ അകൗണ്ടുകള്‍ പൂട്ടിയ നിലയിലാണ് കണ്ടത്. ഇ മെയില്‍ മെസേജുകള്‍ക്ക് മാസങ്ങളായി മറുപടിയുമില്ല. ദുബൈ നഗരത്തില്‍ ചെറിയ ശമ്പളത്തില്‍ ജോലി ചെയ്യുന്നവര്‍, നാട്ടിലിരുന്ന് യു.എ.ഇയിലെ തൊഴിലവസരങ്ങള്‍ നോക്കുന്നവര്‍ എന്നിവരാണ് കൂടുതലായി വഞ്ചിക്കപ്പെട്ടത്. സൗദിയിലെ ചില കമ്പനികളുടെ പേരിലും ഈ തട്ടിപ്പ് സംഘം വഞ്ചന നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. പൂര്‍ണമായും ഓണ്‍ലൈന്‍ ഇടപാടായതിനാല്‍ ഏത് രാജ്യക്കാരാണ് തട്ടിപ്പിന് പിന്നിലെന്ന് കണ്ടെത്താനും കഴിഞ്ഞിട്ടില്ല.

ആരും കേള്‍ക്കാത്ത കോഴ്‌സുകള്‍

അറിയപ്പെടാത്ത സര്‍വ്വകലാശാലയുടെ കോഴ്സുകൾ ആണ്  തൊഴില്‍ അന്വേഷകരോട് ഈ തട്ടിപ്പ് സംഘം പഠിക്കാന്‍ ആവശ്യപ്പെട്ടത്. ഇസ്ലാമിക് ബാങ്കിംഗ് ആന്റ് ഫിനാന്‍സ്, ഹ്യുമണ്‍ റിസോഴ്സ്‌  മാനേജ്‌മെന്റ് തുടങ്ങി പേരിലുള്ള കോഴ്സുകളാണ് റിക്രൂട്ടിംഗ് സംഘം ശുപൂര്‍ശ ചെയ്തത്. അവര്‍ നിര്‍ദേശിച്ച ഇ-സര്‍വ്വകലാശാലയില്‍ നിന്ന് തന്നെ കോഴ്സ്  പൂര്‍ത്തിയാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഏറെ കഠിനമായ  മൊഡ്യുളുകളാണ് ഈ കോഴ്സുകൾക്ക്  ഉള്ളത്. കൃത്യമായി ഓണ്‍ലൈന്‍ ക്ലാസുകളും കോഴ്സ്  മെറ്റീരിയലുകളും ഉണ്ടായിരുന്നു. എന്നാല്‍ റിക്രൂട്ടിംഗ് ഏജന്‍സിയുമായി ബന്ധമില്ലെന്ന രീതിയിലാണ് സര്‍വ്വകലാശാല പ്രവര്‍ത്തിച്ചിരുന്നത്. വലിയ തുക നല്‍കി പഠിച്ച യുവാക്കള്‍, തട്ടിപ്പില്‍ കുടുങ്ങിയെന്ന് തിരിച്ചറിഞ്ഞതോടെ നിരാശയിലാണ്. മറ്റെവിടെയും പ്രയോജനപ്പെടുന്ന സര്‍ട്ടിഫിക്കറ്റ് അല്ല  തങ്ങള്‍ക്ക് കിട്ടിയതെന്നതും അവരെ വിഷമത്തിലാക്കുന്നു.

Tags:    

Similar News